കൊച്ചി: (www.mediavisionnews.in) സംസ്ഥാനത്ത് ലോക്ക് ഡൗൺ ലംഘനത്തെ തുടര്‍ന്ന് പൊലീസ് പിടിച്ചെടുത്ത വാഹനങ്ങള്‍ നിശ്‍ചിത സെക്യൂരിറ്റിത്തുക ഈടാക്കി ഉപാധികളോടെ വിട്ട് നല്‍കാമെന്ന് ഹൈക്കോടതി. സ്വമേധയാ പരിഗണിച്ച ഹര്‍ജിയിലാണ് ജസ്റ്റിസ് രാജ വിജയരാഘവനും ജസ്റ്റിസ് ടി ആര്‍ രവിയും അടങ്ങിയ ഡിവിഷന്‍ബെഞ്ചിന്റെ ഉത്തരവ്. വാഹനങ്ങള്‍ വിട്ടുകൊടുക്കാന്‍ സെക്യൂരിറ്റിക്കു പുറമേ ഉടമ സ്വന്തംപേരിലുള്ള ബോണ്ടും വാഹനത്തിന്റെ അസല്‍ രേഖകളുടെ പകര്‍പ്പും ഹാജരാക്കണം.
ലോക്ഡൗണ്‍ ലംഘനത്തിന് പിടിച്ചെടുത്ത വാഹനങ്ങള്‍ താത്കാലികമായി വിട്ടുനല്‍കാന്‍ പൊലീസ് കഴിഞ്ഞ ദിവസം തീരുമാനിച്ചിരുന്നു. ആദ്യം പിടിച്ചെടുത്ത വാഹനങ്ങള്‍ ആദ്യം എന്ന ക്രമത്തില്‍ തിരിച്ച് നല്‍കാനായിരുന്നു തീരുമാനം. സംസ്ഥാന പോലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റ ഇതുസംബന്ധിച്ച് നിര്‍ദേശവും നല്‍കിയിരുന്നു.
ആദ്യഘട്ടത്തില്‍ വാഹനങ്ങള്‍ പിടിച്ചെടുത്തപ്പോള്‍ ഇന്ത്യന്‍ ശിക്ഷാനിയമം അനുസരിച്ചായിരുന്നു കേസ്. പകര്‍ച്ചവ്യാധി ഓര്‍ഡിനന്‍സ് വന്നശേഷം അതിലെ വകുപ്പുകള്‍ ചേര്‍ത്ത് കേസെടുത്തു. ഈ വകുപ്പുകള്‍ ചേര്‍ത്ത കേസുകളില്‍ പിഴയീടാക്കി വാഹനങ്ങള്‍ വിട്ടുനല്‍കാനുള്ള തടസ്സം ശ്രദ്ധയില്‍പെട്ടതിനെ തുടര്‍ന്ന് നിയമോപദേശം തേടിയിരുന്നു. ഇതിനിടയിലാണ് ഹൈക്കോടതി ഉത്തരവ് വന്നിരിക്കുന്നത്.
സെക്യൂരിറ്റിത്തുക വിശദമായി
- ഇരുചക്രവാഹനങ്ങള്‍ 1000 രൂപ
- കാര്‍ അടക്കമുള്ളവയ്ക്ക് 2000 രൂപ
- ഇടത്തരം വാഹനങ്ങള്‍ക്ക് 4000 രൂപ
- വലിയ വാഹനങ്ങള്‍ക്ക് 5000 രൂപ