ലോക്ക്ഡൗണില്‍ നാട്ടിലെത്തണം; യുവാവ് വാങ്ങിയത് 2.32 ലക്ഷം രൂപയുടെ ഉള്ളി

0
227

ലോക്ഡൗണില്‍ മുംബൈയില്‍നിന്ന് അലഹബാദില്‍ എത്താന്‍ പ്രേം മൂര്‍ത്തി സ്വീകരിച്ച മാര്‍ഗം അമ്പരപ്പിക്കുന്നതാണ്. മുംബൈ എയര്‍പോര്‍ട്ട് ജീവനക്കാരനായ പ്രേം മൂര്‍ത്തി യാത്ര ചെയ്യുന്നതിനായി ഒറ്റ ദിവസം കൊണ്ട് അയാളൊരു ഉള്ളി കച്ചവടക്കാരനാകുകയായിരുന്നു. ലോക്ഡൗണിന്റെ ആദ്യഘട്ടത്തില്‍ മുംബൈയില്‍ തങ്ങിയ പ്രേം മൂര്‍ത്തി സംഭവം നീളുമെന്നറിഞ്ഞതോടെയാണു നാട്ടിലെത്താന്‍ ഉള്ളി വന്‍തോതില്‍ വാങ്ങിക്കൂട്ടിയത്.ലോക്ഡൗണ്‍ ആയതിനാല്‍ ബസ്, ട്രെയിന്‍, വിമാന സര്‍വീസുകളൊന്നും ഇല്ല. സര്‍ക്കാര്‍ ഒരു വഴി മാത്രമാണു ബാക്കി വച്ചതെന്നു മനസ്സിലാക്കിയ പ്രേം, പഴങ്ങളും പച്ചക്കറികളും കൊണ്ടുപോകുന്ന വാഹനങ്ങള്‍ക്കു തടസ്സമില്ലെന്ന ഇളവാണ് ഉപയോഗിച്ചത്.

ഏപ്രില്‍ 17ന് നാസിക്കില്‍നിന്ന് ഒരു മിനി ട്രക്ക് വാടകയ്ക്ക് എടുത്തു. അവിടെനിന്ന് 10,000 കിലോ തണ്ണിമത്തന്‍ വാങ്ങി വാഹനം മുംബൈയിലെത്തിച്ചു. ഇവിടെ ഒരു കച്ചവടക്കാരനുമായി കരാര്‍ ഉറപ്പിച്ചു. പിന്നീട് പിംബാല്‍ഗന്‍ മാര്‍ക്കറ്റില്‍നിന്ന് കിലോയ്ക്ക് 9.10 രൂപ നിരക്കില്‍ 25,520 കിലോ ഉള്ളി വാങ്ങി. ഇതിനായി ചെലവാക്കിയത് 2.32 ലക്ഷം രൂപ. പിന്നീട് ഇത് ട്രക്കില്‍ നിറച്ച് ഏപ്രില്‍ 20ന് അലഹാബാദിലേക്കു യാത്ര തിരിച്ചു. ട്രക്ക് വാടകയായി 77,500 രൂപയാണു നല്‍കിയത്. 1,200 കിലോമീറ്ററുകള്‍ താണ്ടി പ്രേം ഏപ്രില്‍ 23ന് അലഹബാദിലെത്തി.

പ്രേം കൊണ്ടുവന്ന ഉള്ളി കച്ചവടക്കാരൊന്നും ഇതുവരെ വാങ്ങിയിട്ടില്ലെങ്കിലും ആരെങ്കിലും വാങ്ങുമെന്ന പ്രതീക്ഷയിലാണ് പ്രേം. പൊലീസിന്റെ നിര്‍ദേശ പ്രകാരം പരിശോധനകള്‍ പൂര്‍ത്തിയാക്കിയ പ്രേം ഇപ്പോള്‍ വീട്ടില്‍ ക്വാറന്റീനിലാണ്.

LEAVE A REPLY

Please enter your comment!
Please enter your name here