വാഴ്സോ∙ പോളണ്ടിൽ റൗണ്ട്എബൗട്ടിൽ ഇടിച്ച കാർ ഉയർന്നുപൊങ്ങി മീറ്ററുകൾ സഞ്ചരിക്കുന്ന വിഡിയോ സമൂഹമാധ്യമങ്ങളിൽ വൈറല്‍. അപകടത്തിൽപെട്ട ശേഷം ഉയർന്നു വായുവിലൂടെ തെറിച്ചുപോകുന്ന കാറിന്റെ ദൃശ്യങ്ങൾ പോളിഷ് സർക്കാർ അധികൃതരാണു പുറത്തുവിട്ടത്. ആളൊഴിഞ്ഞ റോഡിലൂടെ അതിവേഗം പാഞ്ഞെത്തി അപകടത്തിൽപെട്ട കാറിന്റെ സിസിടിവി ദൃശ്യങ്ങളാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്.
അപകടത്തിൽപെട്ട ശേഷം മരത്തിലും ഒരു സെമിത്തേരിയുടെ കെട്ടിടത്തിലും ഇടിച്ചശേഷമാണു കാർ നിന്നതെന്നാണു വിവരം. തകർന്ന കാറിൽനിന്ന് ഏറെ പണിപ്പെട്ടാണ് അഗ്നിരക്ഷാസേന ഉദ്യോഗസ്ഥർ 41 വയസ്സുകാരനായ കാർ ഡ്രൈവറെ പുറത്തെടുത്തത്. പരുക്കേറ്റ ഇയാളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഒരാഴ്ച മുൻപ് സമൂഹ മാധ്യമത്തിൽ ഷെയർ ചെയ്ത വിഡിയോ ദൃശ്യങ്ങൾ ഇതിനകം ഒരു മില്യൻ പേരാണു കണ്ടത്. വാഹനം ഓടിക്കുന്ന സമയത്ത് ഡ്രൈവർ ലഹരി ഉപയോഗിച്ചിരുന്നോയെന്ന് അന്വേഷണ സംഘം പരിശോധിക്കുന്നുണ്ട്.