ന്യൂഡൽഹി: (www.mediavisionnews.in) ഇന്ത്യയിൽ കോവിഡ് മരണം ആയിരം കടന്നു. ഇതുവരെയുള്ള കണക്കുകൾ പ്രകാരം 1007 പേരാണ് കോവിഡ് ബാധിച്ചു മരിച്ചത്. ഇന്നലെ മാത്രം 73 പേർ മരിച്ചു. ഒരു ദിവസം ഇത്രയധികം മരണം റിപ്പോർട്ട് ചെയ്യുന്നത് ഇതാദ്യമാണ്. അസം സ്വദേശിയായ ഒരു സിആർപിഎഫ് ജവാനും ഇന്നലെ മരണത്തിനു കീഴടങ്ങി. ഡൽഹി സഫ്ദർജങ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു.
സിആർപിഎഫിന്റെ പാരാമെഡിക് യൂണിറ്റിൽ നഴ്‌സിങ് അസിസ്റ്റന്റായിരുന്ന മറ്റൊരു ജവാനാണ് ആദ്യം കോവിഡ് സ്ഥിരീകരിച്ചത്. ഈസ്റ്റ് ഡൽഹിയിലെ മയൂർ വിഹാറിലെ 31–ാം ബറ്റാലിയനിലുള്ള ജവാന് ഏപ്രിൽ 17 മുതൽ രോഗലക്ഷണങ്ങൾ കാണിച്ചതിനെ തുടർന്നു നടത്തിയ പരിശോധനയിൽ 21നാണ് രോഗം സ്ഥിരീകരിച്ചത്. തുടർന്നു ഡൽഹിയിലെ രാജീവ് ഗാന്ധി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്നലെ വരെ ബറ്റാലിയനിലെ 47 സിആർപിഎഫ് ജവാന്മാർക്കു കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. 1000ത്തിലധികം പേർ ക്വാറന്റീനിലാണ്.
രാജ്യത്ത് ഇതുവരെ 31,332 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇന്നലെ മാത്രം 1897 പോസ്റ്റീവ് കേസുകൾ. 22629 പേരാണ് ഇപ്പോൾ ചികിത്സയിലുള്ളത്. 7695 പേർ രോഗമുക്തരായി. കോവിഡ് കേസുകളുടെ ഇരട്ടിക്കൽ നിരക്ക് 10.9 ആയി കുറഞ്ഞതായി കേന്ദ്ര ആരോഗ്യമന്ത്രി ഡോ. ഹർഷ് വർധൻ ചൊവ്വാഴ്ച വ്യക്തമാക്കിയിരുന്നു.