രാജ്യത്ത് ഏറ്റവും കൂടുതൽ രോഗികൾ സുഖം പ്രാപിച്ചത് കേരളത്തിൽ; മരണനിരക്കും കുറവ്

0
179

തിരുവനന്തപുരം (www.mediavisionnews.in): രാജ്യത്ത് ഏറ്റവുമധികം കോവിഡ് 19 രോഗികൾ സുഖം പ്രാപിച്ചത് കേരളത്തിൽ ആണെന്ന് റിപ്പോർട്ട്. കേരളം രോഗപ്രതിരോധത്തിലും ഏറെ മുന്നിലെന്ന് കണക്കുകള്‍ സൂചിപ്പിക്കുന്നു. സംസ്ഥാനത്ത് മാര്‍ച്ച് 9നും 20നും ഇടയില്‍ രോഗം സ്ഥിരീകരിച്ച 25 പേരാണ് ഇതുവരെ വൈറസ് ബാധയില്‍ നിന്ന് മുക്തി നേടിയത്. മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ച് മരണ നിരക്കിലും മെച്ചപ്പട്ട നിലയാണ് കേരളത്തിനുള്ളത്.

റാന്നിയിലെ 93ഉം 88ഉം വയസ്സ് പ്രായമുള്ള വൃദ്ധദമ്പതികളടക്കം സുഖം പ്രാപിച്ചത് കേരളത്തിന്‍റെ ആരോഗ്യരംഗത്തിന്‍റെ മേന്മയായി ചൂണ്ടിക്കാണിക്കപ്പെട്ടു. ഇതുവരെ 35 പേര്‍ മരിച്ച മുംബൈയില്‍ 5.5 ശതമാനം പേര്‍ മാത്രമാണ് രോഗമുക്തി നേടിയത്. 18 പേരെ ഡിസ്ചാര്‍ജ് ചെയ്ത ഡൽഹിയിലാകട്ടെ 4.04 ശതമാനവും. എന്നാല്‍ വളരെ അടുത്ത ദിവസങ്ങളില്‍ കൂടുതള്‍ പോസിറ്റീവ് കേസുകള്‍ കണ്ടെത്തിയ ഈ സംസ്ഥാനങ്ങളില്‍ രോഗമുക്തി നേടുന്നവരുടെ നിരക്ക് ഇപ്പോഴേ ആസ്പദമാക്കാൻ കഴിയില്ല.

നിലവില്‍ 17 ശതമാനമാണ് കേരളത്തിന്‍റെ റിക്കവറി നിരക്ക്. ജനുവരി 30ന് വുഹാനില്‍ നിന്നെത്തിയ വിദ്യാര്‍ഥികള്‍ മുതല്‍ മൊത്തം 314 പേര്‍ക്കാണ് സംസ്ഥാനത്ത് രോഗം സ്ഥിരീകരിച്ചത്. ഇതില്‍ 25 പേര്‍ ഇതിനോടകം രോഗം മാറി ആശുപത്രി വിട്ടു.

അതേസമയം, മാര്‍ച്ചില്‍ രോഗബാധിതരുടെ എണ്ണം മഹാരാഷ്ട്രയിലും കേരളത്തിലും ഏകദേശം ഒരുപോലെയായിരുന്നുവെങ്കിലും കേരളത്തില്‍ സ്ഥിരീകരിച്ച ആദ്യ കേസുകളില്‍ കൂടുതല്‍ രോഗികളില്‍ നിന്ന് വൈറസ് ബാധ വിട്ടുമാറിയെന്നത് ശ്രദ്ധിക്കേണ്ടതുണ്ട്. കൂടാത രോഗബാധിതരുടെ എണ്ണം കുത്തനെ വര്‍ധിക്കാതെ നിയന്ത്രിക്കാനും കേരളത്തിനായെന്നാണ് ആരോഗ്യവിദഗ്ധര്‍ പറയുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here