രാജ്യത്തെ കോവിഡ് വ്യാപനത്തിന്‍റെ വേഗത കുറയുന്നു എന്ന് ആരോഗ്യ മന്ത്രാലയം. 19 സംസ്ഥാനങ്ങളിൽ ദേശീയ ശരാശരിയേക്കാൾ താഴെയാണ് കോവിഡ് കേസുകള്‍. രാജ്യത്ത് കോവിഡ് ബാധിതരുടെ എണ്ണം 13,835 ഉം മരണം 452 ഉം ആയി. മഹാരാഷ്ട്രയ്ക്കു പിന്നാലെ മധ്യപ്രദേശിലും ഗുജറാത്തിലും സ്ഥിതി സങ്കീര്‍ണമായി.
രാജ്യത്ത് 24 മണിക്കൂറിനിടെ 1076 പുതിയ കേസുകളും 32 മരണവുമാണ് റിപ്പോർട്ട് ചെയ്തത്. രോഗവ്യാപനത്തിന്റെ വേഗത കുറയുന്നു എന്നാണ് ആരോഗ്യ മന്ത്രാലയം വ്യക്തമാക്കുന്നത്. ചൈനയിൽ നിന്നെത്തിയ 5 ലക്ഷം കിറ്റുകൾ സംസ്ഥാനങ്ങളിൽ എത്തുന്ന തോടെ പരിശോധന വേഗത്തിലാകും. ഇതുവരെ 3.19 ലക്ഷം സാമ്പിളുകൾ പരിശോധിച്ചതായും ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി. അതേസമയം മധ്യപ്രദേശിൽ 361 പുതിയ കേസുകൾ കൂടി റിപ്പോർട്ട് ചെയ്തതോടെ ആകെ രോഗബാധിതർ 1299 കടന്നു. മരണം 53 ആയി. ഇൻഡോറിൽ മാത്രം 250 പുതിയ കേസുകൾ റിപ്പോർട്ട് ചെയ്തു. ഗുജറാത്തിലും നൂറോളം പേർക്ക് പുതുതായി രോഗം സ്ഥിരീകരിച്ചു. 1021 കേസുകളും 38 മരണവുമാണ് റിപ്പോർട്ട് ചെയ്തിട്ടുള്ളത്. 590 ൽ അധികം രോഗികളുള്ള അഹമ്മദാബാദ് ആണ് ഹോട്ട്സ്പോട്ട്.
ഡൽഹി കലാവതി സരൺ ആശുപത്രിയിലെ മലയാളി നഴ്സിന് രോഗം സ്ഥിരീകരിച്ചു. 1640 പേർക്കാണു ഡൽഹിയിൽ രോഗം സ്ഥിരീകരിച്ചത്. മരണം 38 ആയി. ചാന്ദ്നി മഹൽ പോലീസ് സ്റ്റേഷനിലെ രണ്ട് കോൺസ്റ്റബിൾ മാർക്ക് രോഗം സ്ഥിതികരിച്ചതിനാൽ 26 സഹപ്രവർത്തകരെ നിരീക്ഷണത്തിലാക്കി. ഡൽഹിയിൽ ഉടമസ്ഥർ വീട്ടുവാടക നിർബന്ധിച്ച് വാങ്ങുന്നതായി സർവകലാശാല വിദ്യാർത്ഥികൾ പരാതിപ്പെട്ടു. രാജസ്ഥാനിൽ രോഗികൾ 1193 ഉം മരണം 18ഉം കടന്നു. ബിഹാറിലെ പട്നയിൽ 35 വയസുകാരനും ജമ്മുകശ്മീരിലെ സോപോറിൽ 75 വയസുകാരനും മരിച്ചു.
ആവശ്യമായ പാരസെറ്റമോളും hydroxychloroquineനും സ്റ്റോക്ക് ഉണ്ടെന്ന് കേന്ദ്രസർക്കാർ വ്യക്തമാക്കി. കോൺഗ്രസ് ഭരണത്തിലുള്ള സംസ്ഥാനങ്ങളിലെ പ്രതിരോധ പ്രവർത്തനങ്ങൾ അതിവേഗത്തിലാണെന്ന് രാഹുൽ ഗാന്ധി ട്വീറ്റ് ചെയ്തു.