യു.എ.ഇ എക്‌സ്‌ചേഞ്ച് മേധാവി ബി.ആര്‍ ഷെട്ടിയുടെ അക്കൗണ്ടുകള്‍ മരവിപ്പിക്കാന്‍ നിര്‍ദേശം നല്‍കി യു.എ.ഇ സെന്‍ട്രല്‍ ബാങ്ക്

0
180

അബുദാബി: കോടികളുടെ തട്ടിപ്പു നടത്തി ഇന്ത്യയിലേക്ക് മുങ്ങിയ വ്യവസായി ബി.ആര്‍ ഷെട്ടിയെ കുരുക്കാന്‍ നടപടികള്‍ ആരംഭിച്ചു.  എന്‍.എം.സി, യു.എ.ഇ എക്‌സ്‌ചേഞ്ച് എന്നീ സ്ഥാപനങ്ങളുടെ സ്ഥാപകന്‍ കൂടിയായ ബി.ആര്‍ ഷെട്ടിയുടെ എല്ലാ അക്കൗണ്ടുകളും മരവിപ്പിക്കാന്‍ യു.എ.ഇ സെന്‍ട്രല്‍ ബാങ്ക് നിര്‍ദേശം നല്‍കി.

ഷെട്ടിക്ക് നിക്ഷേപമുള്ള എല്ലാ ബാങ്കുകളിലെയും അക്കൗണ്ടുകള്‍   മരവിപ്പിക്കാനാണ് ധനകാര്യ സ്ഥാപനങ്ങള്‍ക്ക് നിര്‍ദേശം നല്‍കിയത്. ഷെട്ടിയുടെ സ്ഥാപനങ്ങളിലെ ഉന്നത ഉദ്യോഗസ്ഥരുടെയും ഷെട്ടിയുടെ കുടുംബാംഗങ്ങളുടെയും അക്കൗണ്ടുകള്‍ മരവിപ്പിക്കാനും നിര്‍ദേശമുണ്ട്.

ഷെട്ടിയുമായി ബന്ധപ്പെട്ട എല്ലാ കമ്പനികളെയും കരിമ്പട്ടികയില്‍പ്പെടുത്തിയിട്ടുണ്ട്. യു.എ.ഇ എക്‌സ്‌ചേഞ്ച് സെന്ററിന് യു.എ.ഇയില്‍ മാത്രം നൂറ് കണക്കിന് ശാഖകളുണ്ട്.

കഴിഞ്ഞയാഴ്ച യു.എ.ഇ സെന്‍ട്രല്‍ ബാങ്ക് പുറത്തിറക്കിയ നിര്‍ദേശക്കുറിപ്പിലാണ് ഷെട്ടിയുമായി ബന്ധപ്പെട്ട അക്കൗണ്ടുകള്‍ മരവിപ്പിക്കാനുള്ള നിര്‍ദേശം നല്‍കിയിരിക്കുന്നത്.

ഷെട്ടിയും കുടുംബാംഗങ്ങളും ഇതുവരെ നടത്തിവന്ന പണമിടപാടുകളെ സംബന്ധിച്ചും നിക്ഷേപങ്ങളെ സംബന്ധിച്ചും സെന്‍ട്രല്‍ ബാങ്ക് വിവരങ്ങള്‍ തേടിയിട്ടുണ്ട്.

മറ്റു എക്‌സ്‌ചേഞ്ചുകളെക്കാള്‍ കൂടുതല്‍ നിരക്ക് വാങ്ങിയായിരുന്നു ഷെട്ടി പണമിടപാടുകള്‍ നടത്തിവന്നിരുന്ത്. ഇന്ത്യ ആസ്ഥാനമാക്കി പുതിയ ബാങ്ക് തുടങ്ങാനുള്ള ശ്രമവും ഷെട്ടി നടത്തിയിരുന്നു.

യു.എ.ഇയിലെ വിവിധ ബാങ്കുകളിലായി എന്‍.എം.സിക്ക് 8 ബില്ല്യണ്‍ ദിര്‍ഹം കടബാധ്യതയുണ്ടെന്നും റിപ്പോര്‍ട്ടുകളുണ്ട്.

എന്‍.എം.സിക്ക് ഏറ്റവും കൂടുതല്‍ വായ്പകള്‍ നല്‍കിയ അബുദാബി കൊമേഴ്സ്യല്‍ ബാങ്ക് അബുദാബിയിലെ അറ്റോര്‍ണി ജനറലുമായി ചേര്‍ന്ന് എന്‍.എം.സിയുമായി ബന്ധപ്പെട്ടവര്‍ക്കെതിരെ നിയമ നടപടികള്‍ ആരംഭിച്ചിട്ടുണ്ട്. ഏകദേശം 981 മില്യണ്‍ ഡോളറിന്റെ ബാധ്യതയാണ് എന്‍.എം.സിക്ക് എ.ഡി.സി.ബിയില്‍ ഉള്ളത്.

ഏതാണ്ട് 6.6 ബില്യണ്‍ ഡോളറിന്റെ സാമ്പത്തിക ബാധ്യത എന്‍.എം.സിക്ക് ഉണ്ടെന്നാണ് പുതിയ കണക്കുകള്‍ വ്യക്തമാക്കുന്നത്.

അബുദാബിയില്‍ മെഡിക്കല്‍ റെപ്രസന്റേറ്റീവ് ആയി ജോലി ചെയ്ത് ഗള്‍ഫ് ജീവിതം ആരംഭിച്ച ഷെട്ടി 2015ല്‍ ഫോബ്‌സ് മാഗസിനില്‍ ഏറ്റവും സമ്പന്നരായ ഇന്ത്യക്കാരുടെ പട്ടികയില്‍ ഇടം നേടിയിരുന്നു. 2009ല്‍ ഷെട്ടിക്ക് പത്മശ്രീ പുരസ്‌കാരവും ലഭിച്ചിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here