മെയ് 15 വരെ ഭാഗിക ലോക് ഡൗണ്‍ വേണമെന്ന് കേരളം: റെഡ് സോണിലെ ജില്ലകള്‍ ആറായി

0
246

തിരുവനന്തപുരം (www.mediavisionnews.in) : സംസ്ഥാനത്ത് ലോക് ഡൗണ്‍ മെയ് മൂന്നിനു അവസാനിക്കുമെന്നായിരുന്നു അറിയിച്ചിരുന്നതെങ്കിലും മെയ് 15 വരേ
ഭാഗികമായി നീട്ടണമെന്നതാണ് സംസ്ഥാനത്തിന്റെ ആവശ്യമെന്നു മുഖ്യമന്ത്രി പിണറായി വിജയന്‍.

കേന്ദ്ര ഗവണ്‍മെന്റിന്റെ മാര്‍ഗനിര്‍ദേശം അനുസരിച്ച് ചില ഇളവുകള്‍ ലോക്ക്ഡൗണില്‍ വരുത്തിയിരുന്നു. ലോക്ക്ഡൗണ്‍ പിന്‍വലിക്കുന്ന കാര്യത്തില്‍ ശ്രദ്ധാപുര്‍വമായി സമീപനം വേണം എന്നാണ് സംസ്ഥാനത്തിന്റെ അഭിപ്രായം. സംസ്ഥാനങ്ങളുടെ സവിശേഷതകൂടി പരിഗണിക്കുന്ന ദേശീയ നയമാണ് ആവശ്യമെന്ന് മുഖ്യമന്ത്രി പറഞ്ഞു.

ഇന്ന് മുഖ്യമന്ത്രിമാരുടെ വീഡിയോ കോണ്‍ഫ്രന്‍സില്‍ സംസാരിക്കുക ചെറിയ സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരായിരിക്കുമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി നേരിട്ട് സംസാരിച്ചിരുന്നു. കേരളം ഉന്നയിക്കാനുദ്ദേശിച്ച കാര്യങ്ങള്‍ നേരത്തെ അറിയിക്കുന്നത് നന്നാവുമെന്ന് അമിത് ഷാ പറഞ്ഞു, ഇതിന്റെ അടിസ്ഥാനത്തില്‍ കേരളത്തിന്റെ കാര്യങ്ങള്‍ നരേന്ദ്രമോദിയെയും അമിത്ഷായെയും അറിയിച്ചിരുന്നതായും മുഖ്യമന്ത്രി പറഞ്ഞു.

കൊവിഡ് ബാധ വീണ്ടും സ്ഥിരീകരിക്കുന്നവരുടെ എണ്ണം കൂടുന്ന പശ്ചാത്തലത്തിലാണ് ഇങ്ങനെയൊരു നിലപാടില്‍ കേരളം എത്തിച്ചേരുന്നത്. ഇതേ ആവശ്യം നേരത്തെ ഐ.എം.എയും ഉയര്‍ത്തിയിരുന്നു. മെയ് മൂന്നിനുശേഷം രണ്ടാഴ്ചകൂടി നീട്ടണമെന്നതായിരുന്നു ഇവരുടെ ആവശ്യം.

അതേ സമയം ഇനി ആറ് ജില്ലകള്‍ റെഡ് സോണില്‍. നേരത്തെ കാസര്‍കോട്, കണ്ണൂര്‍, കോഴിക്കോട്, മലപ്പുറം എന്നീ നാലു ജില്ലകളായിരുന്നു റെഡ് സോണില്‍ ഉള്‍പ്പെടുത്തിയിരുന്നത്. എന്നാല്‍ ഇന്ന് കോട്ടയം, ഇടുക്കി ജില്ലകളില്‍ മാത്രമായി 10പേര്‍ക്കാണ് രോഗം ബാധിച്ചത്. ഇതോടെ ഈ ജില്ലകളെക്കൂടി റെഡ്‌സോണിലാക്കിയതായി മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here