ന്യൂഡല്‍ഹി: (www.mediavisionnews.in) രാജ്യത്ത് ലോക്ക്ഡൗണ്‍ മെയ് മൂന്നു വരെ നീട്ടി. സമ്പൂര്‍ണ അടച്ചിടല്‍ 19 ദിവസം കൂടി തുടരുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രഖ്യാപിച്ചു. കൊറോണയ്‌ക്കെതിരായ പോരാട്ടം ഇതുവരെ ഫലപ്രദമായിരുന്നുവെന്നും ഏറെ ത്യാഗം സഹിക്കേണ്ടി വന്ന ജനങ്ങളെ നമിക്കുന്നുവെന്നും രാജ്യത്തെ അഭിസംബോധന ചെയ്തുകൊണ്ട് പ്രധാനമന്ത്രി പറഞ്ഞു.
ഏപ്രില്‍ 20 വരെ കര്‍ശന നിയന്ത്രണം തുടരും. അടുത്ത ആഴ്ച ഏറെ നിര്‍ണായകമാണെന്നും മോദി പറഞ്ഞു. കൊറോണയ്‌ക്കെതിരായി നാം നടത്തുന്ന യുദ്ധം നല്ല രീതിയില്‍ മുന്നോട്ട് പോകുകയാണ്. ഇതുവരെ നാം നടത്തിയ പോരാട്ടം വിജയിച്ചു.
ചൊവ്വാഴ്ച രാവിലെ പത്ത് മണിക്ക് രാജ്യത്തെ അഭിസംബോധന ചെയ്തുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഹോട്ട്സ്പോട്ടുകളില്‍ കൂടുതല്‍ നിയന്ത്രണം വേണ്ടിവരുമെന്നും എന്നാല്‍ ഈ മാസം 20 ന് ശേഷം സാഹചര്യം വിലയിരുത്തി ആവശ്യസേവനങ്ങള്‍ക്ക് ഇളവുകള്‍ നല്‍കുമെന്നും പ്രധാനമന്ത്രി വ്യക്തമാക്കി.
ചില പ്രദേശങ്ങള്‍ക്ക് ലോക്ക്ഡൗണ്‍ സമയത്ത് അനുവദിക്കുന്ന ഏത് ഇളവുകളും വ്യവസ്ഥകള്‍ക്കനുസൃതമായിരിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. വ്യവസ്ഥകള്‍ ലംഘിച്ചാല്‍ ഇളവുകള്‍ പിന്‍വലിക്കും.
വെറസ് എല്ലാ തലത്തിലും തടയണം. അതുകൊണ്ടാണ് ഹോട്ട്‌സ്‌പോട്ടുകള്‍ വിപുലമായ ജാഗ്രതയോടെ നിരീക്ഷിക്കേണ്ടതും കൊറോണ വൈറസിന്റെ വ്യാപനം തടയുന്നതിന് കര്‍ശനമായ നടപടികള്‍ കൈക്കൊള്ളുന്നതും. പുതിയ ഹോട്ട്‌സ്‌പോട്ടുകള്‍ വന്നാല്‍, നമ്മുടെ ശ്രമങ്ങള്‍ക്ക് തടസങ്ങള്‍ നേരിടേണ്ടിവരും
മാര്‍ച്ച് 24-ന് പ്രധാനമന്ത്രി പ്രഖ്യാപിച്ച 21 ദിവസത്തെ അടച്ചിടലിന്റെ കാലാവധി ഇന്ന് അര്‍ധരാത്രി അവസാനിക്കാനിരിക്കെയാണ് പ്രധാനമന്ത്രി രാജ്യത്തെ അഭിസംബോധന ചെയ്തത്.
കൊറോണയെ ചെറുക്കുന്നതില്‍ ഇന്ത്യ കാട്ടിയ അച്ചടക്കം ലോകത്തിന് തന്നെ മാതൃകയാണെന്നും അദ്ദേഹം പറഞ്ഞു.
കൊറോണയ്ക്ക് എതിരായ യുദ്ധത്തില്‍ ജനങ്ങള്‍ അച്ചടക്കമുള്ള സൈനികരായി. ലോക്ക്ഡൗണ്‍ കാലത്ത് ജനങ്ങള്‍ ഏറെ ത്യാഗം സഹിക്കുന്നുണ്ട്. ഒരു പരിധിവരെ വൈറസ് വ്യാപനത്തെ പിടിച്ചു നിര്‍ത്താനായി. ഈ പോരാട്ടം നാം ഇനിയും തുടരും . ആദ്യ കൊറോണ കേസിന് മുന്നേ തന്നെ നമ്മള്‍ നിരീക്ഷണം ശക്തമാക്കിയിരുന്നു. പ്രശ്‌നങ്ങള്‍ കണ്ടപ്പോള്‍ തന്നെ ഇന്ത്യ നടപടിയെടുത്തു. എല്ലാവരുടെയും പിന്തുണയ്ക്ക് നന്ദി. കൊറോണ പ്രതിരോധത്തില്‍ മറ്റ് രാജ്യങ്ങളേക്കാള്‍ ഏറെ മുന്നിലാണ് ഇന്ത്യ.