ന്യൂനപക്ഷങ്ങള്‍ക്ക് എതിരായ അതിക്രമങ്ങള്‍ വര്‍ദ്ധിച്ചെന്ന് യു.എസ് കമ്മീഷന്‍; മതസ്വാതന്ത്ര്യം നിഷേധിക്കുന്ന 14 രാജ്യങ്ങൾക്കൊപ്പം ഇന്ത്യയെയും പട്ടികയിൽ ഉൾപ്പെടുത്തി

0
251

ന്യൂഡൽഹി (www.mediavisionnews.in) :ഇന്ത്യയിൽ ന്യൂനപക്ഷങ്ങൾക്കെതിരായ അതിക്രമങ്ങൾ വർധിക്കുന്നുവെന്ന് അമേരിക്ക. അന്താരാഷ്ട്ര മതസ്വാതന്ത്ര്യത്തേപ്പറ്റി നിരീക്ഷിക്കുന്ന യുഎസ് കമ്മീഷൻ ഓൺ ഇന്റർനാഷണൽ റിലീജിയസ് ഫ്രീഡ (യു.എസ്.സി.ഐ.ആർ.എഫ്) മാണ് ഇത്തരമൊരു വിമർശനം ഉന്നയിച്ചത്. മതസ്വാതന്ത്ര്യം നിഷേധിക്കുന്ന 14 രാജ്യങ്ങൾക്കൊപ്പം ഇന്ത്യയെയും പട്ടികയിൽ ഉൾപ്പെടുത്തുകയും ചെയ്തു.

ഇന്ത്യയ്ക്ക് പുറമെ പാകിസ്താൻ, ചൈന, ഉത്തര കൊറിയ, ബർമ, ഇറാൻ, നൈജീരിയ, റഷ്യ, സൗദി അറേബ്യ, സിറിയ, താജിക്കിസ്താൻ, തുർക്ക്മെനിസ്താൻ, വിയറ്റ്നാം തുടങ്ങിയ രാജ്യങ്ങളാണ് ഈ പട്ടികയിൽ ഉള്ളത്. 2004 ശേഷം ഇതാദ്യമായാണ് ഇന്ത്യ ഈ പട്ടികയിൽ എത്തുന്നത്. ആഭ്യന്തര മന്ത്രി അമിത് ഷായേയും പൗരത്വ ഭേദഗതി നിയമത്തിനെയും കമ്മീഷൻ വിമർശിക്കുന്നു.

അതേസമയം തെറ്റിദ്ധരിപ്പിക്കല്‍ അതിന്റെ പുതിയ തലത്തിലെത്തിയെന്നാണ് ഇന്ത്യ ഇതിനോട് പ്രതികരിച്ചത്.

മതസ്വാതന്ത്ര്യം നിഷേധിക്കുന്നതിനായി സർക്കാർ തന്നെ നടപടികൾ എടുക്കുന്ന പ്രത്യേക ആശങ്ക നിലനിൽക്കുന്ന രാജ്യങ്ങളിലൊന്നായാണ് ഇന്ത്യയെ വിശേഷിപ്പിക്കുന്നത്. മതന്യൂനപക്ഷങ്ങൾക്കെതിരായ അതിക്രമങ്ങൾ ശിക്ഷിക്കപ്പെടാതിരിക്കുന്ന രീതി രാജ്യവ്യാപകമായി വളർന്നു. മതസ്വാതന്ത്ര്യ ലംഘനത്തിന് ഉത്തരവാദികളായ സർക്കാർ ഏജൻസികളെയും ഉദ്യോഗസ്ഥർക്കെതിരെയും ഉപരോധം ഏർപ്പെടുത്തണമെന്നാണ് കമ്മീഷൻ ആവശ്യപ്പെടുന്നത്.

2019ൽ ബിജെപി വൻഭൂരിപക്ഷത്തോടെ അധികാരത്തിൽ വീണ്ടുമെത്തിയതിന് പിന്നാലെ പാർലമെന്റിലെ ഭൂരിപക്ഷം രാജ്യത്താകമാനം മതസ്വാതന്ത്ര്യങ്ങൾ നിഷേധിക്കുന്ന നയങ്ങൾക്കായി ഉപയോഗിച്ചു. പ്രത്യേകിച്ച് മുസ്ലീങ്ങൾക്കെതിരെ എന്നിങ്ങനെയാണ് കമ്മീഷന്റെ വിമര്‍ശനങ്ങള്‍.

കുടിയേറ്റക്കാർക്കെതിരായ അമിത് ഷായുടെ പരാമർശങ്ങൾ, സിഎഎ, അതിനെ തുടർന്നുണ്ടായ കലാപം. പ്രക്ഷോഭകാരികളെ വെടിയുണ്ടകൾകൊണ്ട് നേരിടുമെന്ന യുപി മുഖ്യമന്ത്രി യോഗി ആദിത്യ നാഥിന്റെ പരാമർശം എന്നിവയെല്ലാം കമ്മീഷന്റെ വാർഷിക റിപ്പോർട്ടിലുണ്ട്.

അതേസമയം വിദേശകാര്യമന്ത്രാലയം റിപ്പോർട്ടിനെ തള്ളിക്കളഞ്ഞിട്ടുണ്ട്. ഇത് പക്ഷപാതപരമായ പരാമർശങ്ങളാണ്. ഇന്ത്യക്കെതിരായ ഇത്തരം പരാമർശങ്ങൾ പുതിയതല്ല. പക്ഷെ ഇത്തവണ തെറ്റിദ്ധാരണ പരത്തൽ അതിന്റെ പുതിയ തലത്തിലെത്തിയിരിക്കുന്നു. സ്വന്തം കമ്മീഷണർമാരെപ്പോലും വിശ്വാസത്തിലെടുക്കാൻ കമ്മീഷനായിട്ടില്ല. പ്രത്യേക താത്‌പര്യങ്ങളുള്ള സംഘടനയാണിതെന്നാണ് ഞങ്ങൾ കരുതുന്നത്. അതനുസരിച്ച് അതിനെ പരിഗണിക്കും- വിദേശകാര്യ വക്താവ് അനുരാഗ് ശ്രീവാസ്തവ പറഞ്ഞു.

അതേസമയം മതസ്വാതന്ത്ര്യം നിഷേധിക്കുന്ന രാജ്യങ്ങളുടെ പട്ടികയിൽ ഇന്ത്യയെ ഉൾപ്പെടുത്തിയതിനെ കമ്മീഷൻ അംഗങ്ങളിൽ ചിലർ എതിർപ്പ് ഉന്നയിച്ചിരുന്നുവെന്നാണ് പിടിഐ റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ഭരണകൂട സമഗ്രാധിപത്യം നിലനിൽക്കുന്ന ചൈന, ഉത്തര കൊറിയ തുടങ്ങിയ രാജ്യങ്ങളേപ്പോലെയല്ല ഇന്ത്യയെന്നും ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യരാജ്യമാണ് അതെന്നുമാണ് എതിർപ്പുന്നയിച്ചവർ ചൂണ്ടിക്കാണിക്കുന്നത്.

1998ലാണ് കമ്മീഷൻ നിലവിൽ വന്നത്. വർഷാവർഷം ഇവർ നൽകുന്ന നിർദ്ദേശങ്ങൾ നടപ്പിലാക്കാൻ സർക്കാരിന് നിയമപരമായ ബാധ്യതകളൊന്നുമില്ല. ഇന്ത്യ ഇന്നേവരെ ഈ കമ്മീഷനെ അംഗീകരിച്ചിട്ടില്ല. 10 വർഷത്തിലേറെയായി ഇതിലെ അംഗങ്ങൾക്ക് ഇന്ത്യ വിസ അനുവദിക്കാറുമില്ല.

LEAVE A REPLY

Please enter your comment!
Please enter your name here