നിസാമുദ്ദീനിലെ തബ്‌ലീഗ് സമ്മേളനത്തില്‍ പങ്കെടുത്ത കാസര്‍ഗോഡ് സ്വദേശിക്ക് കോവിഡ് സ്ഥിരീകരിച്ചത് 14 ദിവസത്തെ നിരീക്ഷണ കാലാവധി അവസാനിച്ച ശേഷം

0
179

കാസര്‍​ഗോഡ്: (www.mediavisionnews.in) ഡല്‍ഹി നിസാമുദ്ദീനിലെ മത സമ്മേളനത്തില്‍ പങ്കെടുത്ത കാസര്‍​ഗോഡിലെ മുളിയാര്‍ മാസ്തിക്കുണ്ട് സ്വദേശിക്ക് കൊറോണ സ്ഥിരീകരിച്ചത് 14 ദിവസത്തെ നിരീക്ഷണ കാലാവധി അവസാനിച്ച ശേഷമെന്നത് ആശങ്ക ഉയർത്തുന്നു. രോഗം സ്ഥിരീകരിക്കുന്നതു വരെ ഇദ്ദേഹം മാസ്തിക്കുണ്ട് പള്ളിയില്‍ 2 ജുമുഅ നമസ്കാരങ്ങള്‍, അമ്മങ്കോട്ടെ വിവാഹം ഉള്‍പ്പെടെ ഒട്ടേറെ പരിപാടികളില്‍ പങ്കെടുത്തതായി ആരോഗ്യ വകുപ്പിനു വിവരം ലഭിച്ചിട്ടുണ്ട്.

ഇയാളുടെ യാത്രകളുടെ റൂട്ട്മാപ്പ് പൂര്‍ണമായും തയാറാക്കാനായിട്ടില്ല. ഇദ്ദേഹവുമായി നിരന്തരം സമ്പര്‍ക്കം പുലര്‍ത്തിയ സുഹൃത്തിനെ കാര്യമായ രോഗലക്ഷണങ്ങളോടെ ഇന്നലെ ജനറല്‍ ആശുപത്രിയിലെ ഐസലേഷനില്‍ പ്രവേശിപ്പിച്ചു. ട്രെയിന്‍ യാത്ര ജനറല്‍ കംപാര്‍ട്മെന്റിലായിരുന്നതിനാല്‍ സഹയാത്രക്കാരെ കണ്ടുപിടിക്കുക പ്രയാസമാകും. നിരീക്ഷണ കാലത്തു രോഗലക്ഷണങ്ങള്‍ ഇല്ലാതിരുന്നിട്ടും ഇദ്ദേഹത്തിന്റെ സ്രവം പരിശോധിച്ചത് നിസാമുദ്ദീന്‍ സമ്മേളനത്തില്‍ പങ്കെടുത്തതു കൊണ്ടാണ്.

നിരീക്ഷണ കാലത്തിനു ശേഷവും രോഗം കണ്ടത് വൈറസിന്റെ ജനിതകമാറ്റം കാരണമാണോയെന്ന് ആരോഗ്യ വിദഗ്ധര്‍ സംശയിക്കുന്നു. സമ്മേളനത്തിനു മുന്നോടിയായ അനുബന്ധ പരിപാടിയില്‍ പങ്കെടുത്ത ശേഷം കഴിഞ്ഞ 11നാണ് ഇദ്ദേഹം നാട്ടിലെത്തിയത്. വിമാനത്തില്‍ കൊച്ചിയിലും തുടര്‍ന്നു ട്രെയിനില്‍ കാസര്‍​ഗോഡും എത്തുകയായിരുന്നു. ഈ മാസം 4നാണു രോഗം സ്ഥിരീകരിച്ചത്. അപ്പോഴേക്കും 24 ദിവസം കഴിഞ്ഞിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here