തിരുവനന്തപുരം: (www.mediavisionnews.in) നാട്ടിലേക്ക് മടങ്ങാന്‍ ആഗ്രഹിച്ച് നോര്‍ക്ക റൂട്ട്‌സിന്റെ വെബ്‌സൈറ്റില്‍ ഓണ്‍ലൈനായി രജിസ്റ്റര്‍ ചെയ്ത പ്രവാസികളുടെ എണ്ണം ഒന്നരലക്ഷത്തിനടുത്ത്.
ആദ്യ രണ്ട് മണിക്കൂറില്‍ തന്നെ മുപ്പതിനായിരം പേരാണ് നാട്ടിലേക്ക് മടങ്ങാന്‍ താത്പര്യമറിയിച്ചു കൊണ്ട് വെബ്‌സൈറ്റിലൂടെ ഓണ്‍ലൈനായി രജിസ്റ്റര്‍ ചെയ്തത്. ഇന്ന് രാവിലെ ആറ് മണി വരെ 1.47 ലക്ഷം പേര്‍ വെബ് സൈറ്റ് വഴി രജിസ്റ്റര്‍ ചെയ്തത്. ഇതോടെ സര്‍ക്കാര്‍ കണക്കുകൂട്ടിയതിലും കൂടുതല്‍ ആളുകള്‍ സംസ്ഥാനത്തേക്ക് മടങ്ങിയെത്തുമെന്നാണ് കരുതുന്നത്.
ഇന്നലെ അര്‍ദ്ധരാത്രി മുതല്‍ തുടങ്ങാനിരുന്ന രജിസ്‌ട്രേഷന്‍ സാങ്കേതിക കാരണങ്ങളാല്‍ വൈകിയാണ് തുടങ്ങിയത്. യു.എ.ഇയില്‍ നിന്നാണ് ഏറ്റവും അധികം ആളുകള്‍ രജിസ്്റ്റര്‍ ചെയ്തത്. ഖത്തറില്‍ നിന്നും സൗദിയില്‍ നിന്നും കുവൈത്തില്‍ നിന്നും ഒമാനില്‍ നിന്നുമെല്ലാം പതിനായിരക്കണക്കിന് ആളുകള്‍ രജിസ്റ്റര്‍ ചെയ്യുന്നുണ്ട്.
കൊവിഡ് പടര്‍ന്നുപിടിക്കുന്ന അമേരിക്കയില്‍ നിന്ന് നാട്ടിലേക്ക് മടങ്ങാന്‍ 324 ആളുകളാണ് രജിസ്റ്റര്‍ ചെയ്തത്. യൂറോപ്യന്‍ രാജ്യങ്ങളില്‍ ഏറ്റവുമധികം യു.കെയില്‍ നിന്നാണ്. മലേഷ്യ, സിംഗപ്പൂര്‍ എന്നീ രാജ്യങ്ങളില്‍ നിന്നും നൂറിലേറെപ്പേര്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.
കഴിഞ്ഞ ദിവസം കേന്ദ്ര ക്യാബിനറ്റ് സെക്രട്ടറി വിവിധ സംസ്ഥാനങ്ങളിലെ ചീഫ് സെക്രട്ടറിമാരുമായി വീഡിയോ കോണ്‍ഫറന്‍സിംഗ് വഴി ചര്‍ച്ച നടത്തിയിരുന്നു.
വിദേശത്ത് കുടുങ്ങി കിടക്കുന്നവരെ തിരിച്ചു കൊണ്ടു വരലും, വിവിധ സംസ്ഥാനങ്ങളില്‍ കുടുങ്ങി കിടക്കുന്ന തൊഴിലാളികളെ വിദേശത്തേക്ക് മടക്കി കൊണ്ടു പോകുന്നതുമായിരുന്നു പ്രധാന ചര്‍ച്ച. പ്രവാസികളെ മടക്കി കൊണ്ടു വരുന്ന കാര്യത്തില്‍ ഇതുവരെ മൗനം പാലിച്ച കേന്ദ്രം പ്രാരംഭ ചര്‍ച്ചകള്‍ ആരംഭിച്ചതോടെയാണ് സര്‍ക്കാര്‍ ഏജന്‍സിയായ നോര്‍ക്ക റൂട്ട്‌സ് മടങ്ങി വരാന്‍ താത്പര്യപ്പെടുന്നവരുടെ രജിസട്രേഷന്‍ എടുക്കാന്‍ തുടങ്ങിയത്.
തിരിച്ചെത്തുന്നവരുടെ കൃത്യമായ കണക്ക് കിട്ടാനും നിരീക്ഷണ സംവിധാനം ഉള്‍പ്പെടെ സജ്ജമാക്കുന്നതിനുമാണ് രജിസ്‌ട്രേഷന്‍ നടത്തുന്നത്. ആദ്യം രജിസ്റ്റര്‍ ചെയ്യുന്നവര്‍ക്ക് ആദ്യ പരിഗണന എന്നില്ല. അത് കൊണ്ട് ആരും തിരക്ക് കൂട്ടേണ്ടെന്നാണ് സര്‍ക്കാര്‍ പറയുന്നത്. ഗര്‍ഭിണികള്‍, പലതരം രോഗമുള്ളവര്‍ , സന്ദര്‍ശക വിസയില്‍ പോയവര്‍ എന്നിവര്‍ക്കാണ് മുന്‍ഗണന.
കേരളത്തിലേക്ക് തിരിച്ചെത്തുന്ന പ്രവാസികള്‍ക്കായി വലിയ സജ്ജീകരണങ്ങള്‍ തയ്യാറാക്കുന്നുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചിട്ടുണ്ട്. സംസ്ഥാനത്തെ നാല് വിമാനത്താവളങ്ങളിലും പരിശോധനയ്ക്ക് വിപുലമായ സൗകര്യങ്ങള്‍ ഒരുക്കും. വിവിധ ഗള്‍ഫ് രാജ്യങ്ങളിലെ പ്രവാസി പ്രതിനിധികളുമായി നടത്തിയ വീഡിയോ കോണ്‍ഫറന്‍സിലാണ് മുഖ്യമന്ത്രി ഇക്കാര്യം പറഞ്ഞത്.
രോഗലക്ഷണം ഒന്നുമില്ലെങ്കില്‍ 14 ദിവസം വീടുകളില്‍ നിരീക്ഷണത്തില്‍ കഴിയണം. വീടുകളില്‍ അതിനുള്ള സൗകര്യമില്ലെങ്കില്‍ സര്‍ക്കാര്‍ നേരിട്ട് ഒരുക്കുന്ന നിരീക്ഷണ കേന്ദ്രത്തില്‍ കഴിയണമെന്നും മുഖ്യമന്ത്രി വിശദീകരിച്ചു.
വരാന്‍ ആഗ്രഹിക്കുന്ന മുഴുവന്‍ പേരെയും ഒന്നിച്ചുകൊണ്ടുവരാനുള്ള വിമാന സര്‍വ്വീസ് ഉണ്ടാവാനിടയില്ല. റഗുലര്‍ സര്‍വ്വീസ് ആരംഭിക്കുംമുമ്പ് പ്രത്യേക വിമാനത്തില്‍ അത്യാവശ്യം ആളുകളെ കൊണ്ടുവരണമെന്നാണ് സംസ്ഥാന സര്‍ക്കാര്‍ ആവശ്യപ്പെടുന്നത്.
ചിലപ്പോള്‍ ആദ്യഘട്ടം ഒരുവിഭാഗം ആളുകളെ മാത്രമായിരിക്കും കൊണ്ടുവരിക. അങ്ങനെയാകുമ്പോള്‍ ഏതുവിധത്തില്‍ യാത്രക്കാരെ ക്രമീകരിക്കുമെന്നത് പ്രായോഗിക ബുദ്ധിയോടെ ആലോചിക്കേണ്ട പ്രശ്‌നമാണ്. എന്നാല്‍, എല്ലാവരും നാട്ടിലേക്ക് വരണമെന്നാണ് സര്‍ക്കാരിന്റെ ആഗ്രഹമെന്നും മുഖ്യമന്ത്രി പറഞ്ഞിരുന്നു.