ദുബായ്: (www.mediavisionnews.in) കൊറോണ വൈറസ് വ്യാപനം തടയാനായി ദുബായ് കടുത്ത നടപടികളിലേക്ക് നീങ്ങുന്നു. രണ്ടാഴ്ചക്കാലത്തേക്ക് ലോക് ഡൗണിന് സമാനമായ നിയന്ത്രണങ്ങള്‍ ശനിയാഴ്ച രാത്രി മുതല്‍ നിലവില്‍ വന്നു.
ദുബായ് മെട്രോ, ട്രാം എന്നിവ അനിശ്ചിതകാലത്തേക്ക് സര്‍വീസ് നിര്‍ത്തിവെച്ചു. നിലവില്‍ അണുനശീകരണം കാരണം രാത്രി എട്ട് മുതല്‍ പുലര്‍ച്ചെ ആറ് മണി വരെ പൊതുഗതാഗത സംവിധാനങ്ങളെല്ലാം നിരോധിച്ചിരുന്നു. അണുനശീകരണ പ്രവര്‍ത്തനം 24 മണിക്കൂര്‍ രണ്ടാഴ്ചത്തേക്ക് തുടരും. പകല്‍ സമയത്തും അത്യവശ്യ കാര്യത്തിനല്ലാതെ ആരും പുറത്തിറങ്ങരുത്. സൂപ്പര്‍മാര്‍ക്കറ്റുകളും ഫാര്‍മസികളും ഉള്‍പ്പെടെയുള്ള അവശ്യസര്‍വീസുകള്‍ക്ക് വിലക്ക് ബാധകമല്ല. എന്നാല്‍ ഒരു കുടുംബ ത്തില്‍ നിന്ന് ഭക്ഷ്യവസ്തുക്കളോ മരുന്നുകളോ വാങ്ങാനായി ഒരാള്‍ മാത്രമേ പുറത്തിറങ്ങാന്‍ പാടുള്ളൂ.
നിയമലംഘനം നടത്തുന്നവർ പിഴ ശിക്ഷ അടക്കമുള്ള നിയമനടപടികൾക്ക് വിധേയരാകേണ്ടി വരും. രോഗ ബാധ കൂടുതലായി കണ്ടെത്തിയ പ്രദേശങ്ങള്‍ അണുവിമുക്തമാക്കൽ തുടരുമെന്നും അധികൃതർ അറിയിച്ചു. ജനസാന്ദ്രതയേറിയ സ്ഥലങ്ങളിൽ ആരോഗ്യ പരിശോധന ഏർപ്പെടുത്തും. യൂണിയൻ കോഓപ്പറേറ്റീവ് സൊസൈറ്റികൾ, സൂപ്പർമാർക്കറ്റുകൾ, ഫാർമസികൾ, ഭക്ഷ്യ-മരുന്ന് ഡെലിവറികൾ എന്നിവ സാധാരണ പോലെ പ്രവർത്തിക്കും. ഭക്ഷ്യവസ്തുക്കള്‍ വാങ്ങാന്‍ ഒരു വീട്ടില്‍ നിന്ന് ഒരാള്‍ മാത്രമേ വരാന്‍ പാടുള്ളൂ. ദുബായ് മെട്രോ, ട്രാം എന്നിവ സർവീസ് നിര്‍ത്തിവച്ചതായി ആര്‍ടിഎ അറിയിച്ചു. ഗള്‍ഫിലെ രോഗബാധിതരുടെ എണ്ണം 6453ആയി. 49 മരണമാണ് ഇതുവരെ റിപ്പോര്‍ട്ട് ചെയ്തത്.