തലപ്പാടി അതിർത്തി സംബന്ധിച്ച് തർക്കവുമായി കർണാടക; സംയുക്ത സർവേയിൽ കേരളത്തിന് നേട്ടം

0
193

കാസർകോട്: (www.mediavisionnews.in) മഞ്ചേശ്വരം –തലപ്പാടി ദേശീയപാതയിൽ കേരള ചെക്പോസ്റ്റ് മാറ്റുന്നതിനെച്ചൊല്ലി കേരളവും കർണാടകയും തമ്മിൽ തർക്കം. ഒടുവിൽ സംയുക്ത സർവേ നടത്തി അതിർത്തി നിർണയിച്ചപ്പോൾ കേരളത്തിനു കൂടുതൽ സ്ഥലം ലഭിച്ചു.  ഇതോടെ നേരത്തേ ഉണ്ടായിരുന്നതിൽ നിന്ന് 150 മീറ്ററോളം മുന്നോട്ടുനീങ്ങി കർണാടക ചെക്പോസ്റ്റിനോടു ചേർന്നു കേരളം ചെക്പോസ്റ്റ് സ്ഥാപിച്ചു. ഇതോടെ കേരള– കർണാടക ചെക്പോസ്റ്റുകൾ തമ്മിലുള്ള അകലം 200 മീറ്ററിൽ നിന്ന് 50 മീറ്ററായി ചുരുങ്ങി.

കോവിഡ് നിയന്ത്രണത്തിൽ അതിർത്തി അടച്ച കർണാടക തലപ്പാടി അതിർത്തി വഴി മലയാളികളടക്കം ധാരാളം പേരെ കേരളത്തിലേക്കു കടത്തിവിടുന്നുണ്ട്. ഇവർ കേരള ചെക്പോസ്റ്റിൽ എത്തുമ്പോൾ കേരളം ഇവരെ മടക്കി അയച്ചാലും തിരികെ സ്വീകരിക്കാൻ കർണാടക തയാറായിരുന്നില്ല. ചെക്പോസ്റ്റുകൾ തമ്മിലുള്ള ദൂരക്കൂടുതൽ മൂലം കർണാടക ചെക്പോസ്റ്റ് വഴി ആരെയൊക്കെ കടത്തിവിടുന്നു എന്നു നേരിട്ട് കാണാനാകുമായിരുന്നില്ല.

ഇതിനു പുറമേ ഇരു ചെക്പോസ്റ്റുകൾക്കും ഇടയിൽ റോഡിൽ വളവുമുണ്ടായിരുന്നു. ഇതു വലിയ പ്രശ്നമായതോടെയാണു ചെക്പോസ്റ്റ് കുറച്ചു കൂടി അടുത്തേക്കു മാറ്റി സ്ഥാപിക്കാൻ കേരളം ശ്രമിച്ചത്. കർണാടകയുടെ സ്ഥലത്താണു കേരളം ചെക്പോസ്റ്റ് മാറ്റി സ്ഥാപിക്കുന്നതെന്നായിരുന്നു അവരുടെ അവകാശവാദം. ഇതേത്തുടർന്നാണു സർവേ നടത്താൻ തീരുമാനിച്ചത്. 

‌പുതിയ അതിർത്തി നിർണയിച്ചപ്പോൾ കർണാടകയുടെ സ്ഥലത്താണെന്നു കരുതിയ ചില സ്ഥാപനങ്ങളും ഇപ്പോൾ കേരളത്തിന്റെ അതിർത്തിയിലാണെന്നു നാട്ടുകാർ പറയുന്നു. സമീപത്തെ കർണാടക പെട്രോൾ പമ്പിന്റെ പകുതി കേരളത്തിലും പകുതി കർണാടകത്തിലുമായെന്നു നാട്ടുകാർ ചൂണ്ടിക്കാട്ടുന്നു. സർവേയിൽ തലപ്പാടി–മംഗളൂരു നാലുവരിപ്പാതയുടെ 50 മീറ്ററോളം ഭാഗവും കേരള അതിർത്തിയിലാണ്. നാലുവരിപ്പാതയിലാണ് ഇപ്പോൾ കേരളത്തിന്റെ പുതിയ ചെക്പോസ്റ്റ് ഉള്ളത്.

ഇന്നു വീണ്ടും അളക്കും. കേരളത്തിൽ നിന്നു കലക്ടർ ഡി.സജിത് ബാബു, ജില്ലാ പൊലീസ് മേധാവി പി.എസ്.സാബു, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എ.കെ.എം.അഷറഫ്, മഞ്ചേശ്വരം പഞ്ചായത്ത് പ്രസിഡന്റ് അസീസ് ഹാജി, ജില്ലാ പഞ്ചായത്ത് അംഗം ഹർഷാദ് വോർക്കാടി, മുസ്തഫ ഉദ്യാവർ, കർണാടകയിൽ നിന്നു കമ്മിഷണർ കോതണ്ട രാമയ്യ എന്നിവരും ഇരുഭാഗത്തു നിന്നുമുള്ള തഹസിൽദാർ, മറ്റു റവന്യു ഉദ്യോഗസ്ഥരും സ്ഥലത്തെത്തി. 

LEAVE A REPLY

Please enter your comment!
Please enter your name here