തിരുവനന്തപുരം: (www.mediavisionnews.in) കൊവിഡ് 19 ബാധിച്ച് അഞ്ച് മലയാളികള്‍ കൂടി വിദേശത്ത് മരിച്ചു. യു.എസില്‍ 3 പേരും അയര്‍ലന്‍ഡിലും രണ്ട് പേരുമാണ് മരിച്ചത്. മരിച്ചവരില്‍ രണ്ട് പേര്‍ നഴ്‌സുമാരാണ്. ഇതോടെ കേരളത്തിന് പുറത്ത് കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 11 ആയി.
അയര്‍ലന്‍ഡിലെ ഡ്രോയെഡയില്‍ നഴ്‌സായിരുന്ന കുറുപ്പുന്തറ ഇരവിമംഗലം പഴഞ്ചിറയില്‍ ബീന ജോര്‍ജ് (58) ന്യൂയോര്‍ക്കില്‍ നഴ്‌സായിരുന്ന തിരുവല്ല കിഴക്കുംമുറി ഗ്രേസ് വില്ലയില്‍ ഏലിയാമ(65), ന്യൂയോര്‍ക്കിലെ എല്‍മണ്ടില്‍ ബിസിനസ് നടത്തിവരുന്ന തിരുവല്ല വളഞ്ഞവട്ടം വലിയപറമ്പില്‍ തൈക്കടവില്‍ സജി ഏബ്രഹാമിന്റെ ഷോണ്‍ എസ്. ഏബ്രഹാം (21) ന്യൂയോര്‍ക്ക് മെട്രോപ്പൊലിറ്റന്‍ ട്രാന്‍സ്‌പോര്‍ട്ട് അതോറിറ്റി ഉദ്യോഗസ്ഥന്‍ തൊടുപുഴ മുട്ടം ഇഞ്ചനാട്ട് തങ്കച്ചന്‍( 51), സൗദി അറേബ്യയില്‍ ഡ്രൈവറായിരുന്ന മലപ്പുറം തിരൂരങ്ങാടി ചെമ്മാട് പുതിയകത്ത് സഫ്വാന്‍ (38) എന്നിവരാണ് മരിച്ചത്.
കൊവിഡ് ബാധിച്ച് യു.എസില്‍ മാത്രം ഇതുവരെ അഞ്ച് മലയാളികളാണ് മരിച്ചത്. പത്തനംതിട്ട ഇലന്തൂര്‍ സ്വദേശി തോമസ് ഡേവിഡ് (ബിജു 47), പത്തനംതിട്ട സ്വദേശി കുഞ്ഞമ്മ (85) എന്നിവര്‍ നേരത്തെ കൊവിഡ് ബാധിച്ച് മരിച്ചിരുന്നു.
അതേസമയം കേരളത്തില്‍ ഞായറാഴ്ച 8 പേര്‍ക്ക് കൂടി കൊവിഡ് ബാധ സ്ഥിരീകരിച്ചു. ഇതോടെ 314 പേര്‍ക്ക് സംസ്ഥാനത്ത് രോഗം സ്ഥിരീകരിച്ചു. കോഴിക്കോട് ജില്ലയില്‍ നിന്നും 5 പേര്‍ക്കും പത്തനംതിട്ട, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളില്‍ നിന്നും ഓരോരുത്തര്‍ക്കുമാണ് രോഗം സ്ഥിരികരിച്ചത്.