കൊവിഡ്-19:സൗദിയില്‍ ഇതുവരെ മരിച്ച ഇന്ത്യക്കാരുടെ എണ്ണം എട്ടായി; മരിച്ചവരുടെ വിശദാംശങ്ങള്‍

0
172

റിയാദ് :(www.mediavisionnews.in)  സൌദിയില്‍ രണ്ട് ഇന്ത്യക്കാരടക്കം അഞ്ച് പേര്‍ കൂടി കോവിഡ് ബാധിച്ച് മരിച്ചു. മക്കയില്‍ നാല് പേരും ജിദ്ദയില്‍ ഒരാളുമാണ് മരിച്ചത്. ഇതോടെ ആകെ മരണം 97 ആയി. ഇതുവരെ എട്ട് ഇന്ത്യക്കാരാണ് മരിച്ചത്. മരിച്ചവരില്‍ രണ്ട് പേര്‍ മക്ക ഹറം പ്രൊജക്ടിന് കീഴില്‍ ജോലി ചെയ്തവരാണ്. സൌദി ആരോഗ്യ മന്ത്രാലയം ഏപ്രില്‍ നാലിന് പുറത്ത് വിട്ട കണക്ക് പ്രകാരം രാജ്യത്തുടനീളം ബിന്‍ലാദന്‍ ഗ്രൂപ്പിന് കീഴിലെ 117 ജീവനക്കാര്‍ക്ക് കോവിഡ് ബാധിച്ചതായി കണ്ടെത്തിയിരുന്നു. ഇതില്‍ മക്കയില്‍ മാത്രം 70 പേരുണ്ട്. എല്ലാവരും ചികിത്സയില്‍ തുടരുകയാണ്.

ഇതുവരെ മരിച്ച എട്ട് ഇന്ത്യക്കാരുടെ വിവരങ്ങള്‍ താഴെ

1. മക്കയില്‍ ഹറം പ്രൊജക്ടിന് കീഴില്‍ ജോലിചെയ്യുന്ന മുംബൈ സ്വദേശിയായ മുഹമ്മദ് ഫക്റെ ആലം ഞായറാഴ്ച മരിച്ചു.

2. മദീനയില്‍ ഇലക്ട്രിക്കല്‍ ടെക്നീഷ്യനായി ജോലി ചെയ്യുന്ന മുംബൈ സ്വദേശി ബറകത് അലി അബ്ദുല്ലത്തീഫ് ഫക്കീര്‍ ഞായറാഴ്ച മരിച്ചു.

3. മക്കയില്‍ ബിന്‍ലാദന്‍ ഗ്രൂപ്പിന്റെ ഹറം പ്രൊജക്ടിന് കീഴില്‍ ജോലി ചെയ്യുന്ന യുപി സ്വദേശിയും 51-കാരനുമായ മുഹമ്മദ് അസ്ലംഖാന്‍ ഇന്നലെ രാത്രി മരിച്ചു. ജിദ്ദയിലുള്ള ഭാര്യയും മക്കളും ഖബറടക്ക ചടങ്ങില്‍ ചേരാനാകാതെ ജിദ്ദയിലെ വീട്ടില്‍ ക്വാറന്റൈനില്‍ തുടരുന്നു

4. മക്ക ഹറം പവര്‍സ്റ്റേഷന് കീഴില്‍ ജോലി ചെയ്തിരുന്ന 65-കാരന്‍ തെലങ്കാന സ്വദേശി അസ്‍മത്തുള്ള ഖാന്‍ ശനിയാഴ്ച മരിച്ചു. മക്കയിലെ കെഎംസിസി നേതാവ് മുജീബ് പൂക്കോട്ടൂരിന് ബന്ധുക്കള്‍ ഖബറടക്കത്തിനുള്ള അനുമതി പത്രം നല്‍കിയതോടെ അദ്ദേഹം ഇന്നലെ അടക്കം പൂര്‍ത്തിയാക്കി.

5.ജിദ്ദയില്‍ മാന്‍പവര്‍ കമ്പനിയില്‍ ജോലിക്കാരനായിരുന്ന യുപി സ്വദേശിയായ ബദ്‌റെ ആലം (41 വയസ്സ്) കഴിഞ്ഞയാഴ്ച മരിച്ചു.

6. മദീനയില്‍ പൂനെ സ്വദേശിയായ സുലൈമാന്‍ സയ്യിദ് ജുനൈദ് (59 വയസ്സ്) രണ്ട് ദിവസം മുമ്പാണ് മരിച്ചത്.

7. മലയാളിയായ കണ്ണൂര്‍ പാനൂര്‍ സ്വദേശിയായ ഷബ്നാസ് ഏപ്രില്‍ മൂന്നിന് മദീനയില്‍ വെച്ച് മരിച്ചു. വിവാഹം കഴിഞ്ഞ് മദീനയിലെത്തിയതിന് ശേഷം ആരോഗ്യ പ്രയാസങ്ങളുണ്ടായിരുന്നു. മദീനയിലെ ജന്നത്തുല്‍ ബഖീയിലാണ് ഇദ്ദേഹത്തെ ഖബറടക്കിയത്.

8. മലപ്പുറം ചെമ്മാട് സ്വദേശിയായ സഫ്‍വാന്‍ റിയാദില്‍ വെച്ച് ഏപ്രില്‍ രണ്ടിന് മരിച്ചു. ടാക്സി ഡ്രൈവറായിരുന്നു. നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി ഏപ്രില്‍ എട്ടിന് കെഎംസിസി നേതാവ് സിദ്ദീഖ് തുവ്വൂര്‍ മയ്യിത്ത് ഏറ്റെടുത്ത് റിയാദില്‍ ഖബറടക്കി. സഫ്‌‍വാന്റെ ഭാര്യ ഹോട്ടലില്‍ ഐസൊലേഷനിലും മയ്യിത്ത് ഖബറടക്കിയ സിദ്ദീഖ് തുവ്വൂര്‍ സ്വയം ക്വാറന്റൈനിലും തുടരുന്നു.

എംബസി കണക്ക് പ്രകാരം ഇരുന്നൂറോളം ഇന്ത്യക്കാര്‍ മാത്രമാണ് ചികിത്സയില്‍ തുടരുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here