ന്യൂദല്‍ഹി: അവധിക്കെത്തിയ മലയാളികളായ നഴ്‌സുമാര്‍ ഉള്‍പ്പെടെയുള്ള ആരോഗ്യ പ്രവര്‍ത്തകരെ തിരികെ കൊണ്ടു പോകാന്‍ അനുമതി നേടി ഗള്‍ഫ് രാജ്യങ്ങള്‍ കേന്ദ്ര വിദേശ കാര്യ മന്ത്രാലയത്തെ സമീപിച്ചു. സൗദി അറേബ്യയാണ് ആദ്യം അനുമതി തേടിയത്.
കേരളത്തില്‍ നിന്ന് നൂറ് നഴ്‌സുമാരെ റിക്രൂട്ട് ചെയ്ത് കൊണ്ടു പോകാന്‍ അനുമതി തേടി ബഹ്‌റിന്‍ വിദേശകാര്യ മന്ത്രാലയത്തെ സമീപിച്ചിട്ടുണ്ട്. മൂന്ന് മാസത്തേക്ക് നൂറോളം ആരോഗ്യ പ്രവര്‍ത്തകരെ റിക്രൂട്ട് ചെയ്യാനുള്ള യു.എ.ഇയിലെ രണ്ട് ആശുപത്രികളും മന്ത്രാലയത്തെ സമീപിച്ചിട്ടുണ്ട്. ഗള്‍ഫ് രാജ്യങ്ങളുടെ ഈ അഭ്യര്‍ത്ഥനകള്‍ വിദേശകാര്യ മന്ത്രാലയം പരിശോധിക്കുകയാണ്.
ഗള്‍ഫ് രാജ്യങ്ങളില്‍ നിന്ന് അവധിക്ക് നാട്ടിലേക്ക് മടങ്ങിയതിന് ശേഷം ലോക്ഡൗണ്‍ ആയതിനാല്‍ മടങ്ങി പോവാന്‍ കഴിയാത്ത 830ലധികം ആരോഗ്യപ്രവര്‍ത്തകര്‍ കേരളത്തിലുണ്ട്. ഇവരെ മടക്കികൊണ്ടുപോവാന്‍ കൊച്ചിയില്‍ പ്രത്യേക വിമാനം ഇറങ്ങാന്‍ അനുമതി തേടിയാണ് സൗദി അറേബ്യയും ബഹ്‌റിനും മന്ത്രാലയത്തെ സമീപിച്ചിരിക്കുന്നത്.
ഒരു കോടിയില്‍ താഴെ ജനസംഖ്യയുള്ള യു.എ.ഇയില്‍ ഇതുവരെ 11,000 പേര്‍ക്കാണ് കൊവിഡ് 19 സ്ഥിരീകരിച്ചിട്ടുള്ളത്. ശരാശരി 500 പേരാണ് ഓരോദിവസവും രോഗികളാവുന്നതെന്നാണ് റിപ്പോര്‍ട്ട്.
യു.എ.ഇയിലെ ആശുപത്രിയില്‍ ഭൂരിഭാഗവും ജോലിചെയ്യുന്നത് ഇന്ത്യയില്‍നിന്നുള്ള ഡോക്ടര്‍മാരാണ്. മറ്റ് വിദേശരാജ്യങ്ങളില്‍നിന്നുള്ള ആരോഗ്യപ്രവര്‍ത്തകരും യു.എ.ഇയിലെ ആശുപത്രികളില്‍ സേവനം ചെയ്യുന്നുണ്ട്. ഇവരില്‍ അവധിയില്‍ പ്രവേശിച്ച പലര്‍ക്കും വിമാനങ്ങള്‍ റദ്ദാക്കിയതിനെത്തുടര്‍ന്ന് തിരിച്ചെത്താന്‍ കഴിയാത്ത അവസ്ഥയും നിലനില്‍ക്കുന്നുണ്ട്.
മീഡിയവിഷൻ ന്യൂസ് ടെലഗ്രാമില്‍ ലഭിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക