ബംഗളൂരൂ (www.mediavisionnews.in): കൊവിഡിനെ നേരിടാന്‍ പണമില്ലാത്തതിനാല്‍ സര്‍ക്കാര്‍ ഭൂമി ലേലം ചെയ്യാന്‍ ആലോചിക്കുന്നതായി കര്‍ണാടക മുഖ്യമന്ത്രി യെദ്യൂരപ്പ. ബംഗളൂരു നഗരത്തിലെ കണ്ണായ ഭൂമിയാണ് ലേലത്തിന് വയ്ക്കാനൊരുങ്ങുന്നത്. ഇതുസംബന്ധിച്ച് മുഖ്യമന്ത്രി വിവിധ വകുപ്പുകളുമായി ചര്‍ച്ച നടത്തി.
ലോക്ക്ഡൗണ്‍ സംസ്ഥാനത്തിന്റെ വരുമാനത്തെ സാരമായി ബാധിച്ചു. ബംഗളൂരുവില്‍ വെറുതെ കിടക്കുന്ന സര്‍ക്കാര്‍ ഭൂമി ലേലത്തില്‍വച്ചാല്‍ 15,000 കോടിയെങ്കിലും കണ്ടെത്താനാകുമെന്നാണ് പ്രതീക്ഷയെന്നും മുഖ്യമന്ത്രി പറഞ്ഞു. ബംഗളൂരുവില്‍ 12,000 കോര്‍ണറുകള്‍ സര്‍ക്കാര്‍ ഉടമസ്ഥതയിലുണ്ടെന്നാണ് കണക്ക്.
2.37 ലക്ഷം കോടി രൂപയുടെ ബജറ്റാണ് 2020-21 സാമ്പത്തിക വര്‍ഷത്തില്‍ കര്‍ണാടക അവതരിപ്പിച്ചത്. എന്നാല്‍, കടുത്ത സാമ്പത്തിക പ്രതിസന്ധിയാണ് സര്‍ക്കാര്‍ നേരിടുന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു. സംസ്ഥാനത്തിന് ലഭിക്കേണ്ട കേന്ദ്ര വിഹിതത്തില്‍ 11,215 കോടിയുടെ കുറവുണ്ടായി. അതേസമയം, ശമ്പളം, പെന്‍ഷന്‍, വായ്പാ തിരിച്ചടവ്, പലിശ എന്നിവയ്ക്കായി 10,000 കോടിയെങ്കിലും അധികം വേണമെന്നും മുഖ്യമന്ത്രി പറഞ്ഞു.