കേരള ഹൈക്കോടതി ഉത്തരവ് കാറ്റില്‍പറത്തി കര്‍ണാടക: തലപ്പാടി അതിര്‍ത്തി തുറന്നില്ല; കൂടുതല്‍ പൊലീസിനെ വിന്യസിച്ച് സംസ്ഥാനം

0
218

കാസര്‍ഗോഡ്: (www.mediavisionnews.in) തലപ്പാടി അതിര്‍ത്തി തുറന്നുനല്‍കണമെന്ന കേരള ഹൈക്കോടതി ഉത്തരവ് കാറ്റില്‍പറത്തി കര്‍ണാടക. കാസര്‍ഗോഡ്- മംഗലാപുരം അതിര്‍ത്തി ഗുരുതരാവസ്ഥയിലുള്ള രോഗികളുമായി വരുന്ന ആംബുലന്‍സുകള്‍ക്ക് തുറന്നു കൊടുക്കണമെന്നായിരുന്നു ഹൈക്കോടതി ഉത്തരവിട്ടത്.

എന്നാല്‍ ഈ സമയം വരെ അതിര്‍ത്തി തുറക്കാനോ ഇത്തരത്തില്‍ വരുന്ന ആംബുലന്‍സുകള്‍ കടത്തി വിടാനോ കര്‍ണാടക തയ്യാറായിട്ടില്ല. തങ്ങള്‍ക്ക് സര്‍ക്കാരില്‍ നിന്നും നിര്‍ദേശം ലഭിച്ചിട്ടില്ലെന്നാണ് അതിര്‍ത്തിയില്‍ വിന്യസിച്ച പൊലീസുകാര്‍ പറഞ്ഞത്. മാത്രമല്ല കഴിഞ്ഞ ദിവസങ്ങളേക്കാള്‍ കൂടുതല്‍ പൊലീസിനേയും കര്‍ണാടക അതിര്‍ത്തിയില്‍ വിന്യസിച്ചിട്ടുണ്ട്.

വിഷയത്തില്‍ സുപ്രീം കോടതിയില്‍ ഹരജി നല്‍കാനാണ് കര്‍ണാടകയുടെ തീരുമാനം എന്നാണ് അറിയുന്നത്. നിലവില്‍ തലപ്പാടി അതിര്‍ത്തിയില്‍ പൊലീസ് പരിശോധന കര്‍ശനമാക്കിയിട്ടുണ്ട്.

ചരക്കുവാഹനങ്ങള്‍ മാത്രമാണ് ഇപ്പോള്‍ കടത്തിവിടുന്നത്. മറ്റ് വാഹനങ്ങള്‍ കടത്തിവിടാനുള്ള അനുമതി  സര്‍ക്കാരിന്റെ ഭാഗത്ത് നിന്ന് ലഭിച്ചിട്ടില്ലെന്നാണ് പൊലീസ് പറയുന്നത്. ചരക്കുവാഹനങ്ങളിലെ ഡ്രൈവര്‍മാരെയടക്കം പരിശോധിക്കാന്‍ തലപ്പാടി അതിര്‍ത്തിയില്‍ കര്‍ണാടക മെഡിക്കല്‍ ടീമിനെ നിയോഗിച്ചിട്ടുണ്ട്.

അതീവ ഗുരുതരാസ്ഥയിലുള്ള രോഗികളെ അതിര്‍ത്തിയിലെ ഡോക്ടര്‍മാര്‍ പരിശോധിച്ച ശേഷം കടത്തിവിടുമെന്നായിരുന്നു നേരത്തെ ലഭിച്ച റിപ്പോര്‍ട്ടുകള്‍. എന്നാല്‍ ഇതുവരെ ഒരു വാഹനം പോലും ഇത്തരത്തില്‍ കടത്തിവിട്ടിട്ടില്ല.

കേരളത്തിന്റേയും കര്‍ണാടകയുടേയും വാദം കേട്ടശേഷമായിരുന്നു ഇന്നലെ ഹൈക്കോടതി വിഷയത്തില്‍ വിധി പുറപ്പെടുവിച്ചത്. ദേശീയ പാതകളുടെ ഉടമസ്ഥാവകാശം കേന്ദ്ര സര്‍ക്കാരിനാണ്. ഈ പാതകള്‍ തടസപ്പെടുത്തിയാല്‍ നിയമ നടപടി വരെ എടുക്കാം.

LEAVE A REPLY

Please enter your comment!
Please enter your name here