കാസർകോട്: (www.mediavisionnews.in) കഴിഞ്ഞ പതിനൊന്നു ദിവസത്തിനുള്ളിൽ ദക്ഷിണ കന്നഡ, ഉഡുപ്പി ജില്ലകളിൽ പുതിയ കൊവിഡ് 19 വൈറസ് പോസിറ്റീവ് കേസുകളൊന്നും റിപ്പോർട്ട് ചെയ്യാത്തത് കേരളത്തിലേക്കുള്ള അതിർത്തി അടച്ചതുകൊണ്ടാണെന്ന് കർണാടകയുടെ അവകാശവാദം. കേരളത്തിൽ നിന്ന് രോഗികൾ അടക്കമുള്ള ആളുകളെ തടഞ്ഞില്ലായിരുന്നെങ്കിൽ രോഗികളുടെ എണ്ണം വർദ്ധിക്കുമായിരുന്നു എന്നും ദക്ഷിണ കന്നഡ ഡി.എം.ഒ യുടെ റിപോർട്ടിൽ പറയുന്നുണ്ട്.
നിലവിൽ കേരളത്തിലെ രോഗികൾക്കെല്ലാം ചികിത്സ നിഷേധിച്ചിരിക്കുകയാണ് കർണാടക. മംഗളൂരുവിൽ ആകെ ഉണ്ടായിരുന്ന 12 പോസിറ്റീവ് കേസുകളിൽ മൂന്നു പേർ മാത്രമാണ് ചികിത്സയിലുള്ളത്. മറ്റുള്ളവരെയെല്ലാം ഡിസ്ചാർജ് ചെയ്തു. ഉഡുപ്പി ജില്ലയിൽ ഇതുവരെ മൂന്ന് കൊവിഡ് പോസിറ്റീവ് കേസുകളാണ് റിപ്പോർട്ട് ചെയ്തത്. ഇതിൽ രണ്ട് പേരെ കഴിഞ്ഞ ദിവസം ആശുപത്രിയിൽ നിന്ന് ഡിസ്ചാർജ് ചെയ്തു.
അതിർത്തികൾ പങ്കിടുന്ന പാതകൾ അടച്ചിട്ടതിനാൽ രോഗവ്യാപനം കുറവായതായി ആരോഗ്യവകുപ്പ് അധികൃതർ പറഞ്ഞു. ഉഡുപ്പി ജില്ലയിലേക്കുള്ള മിക്ക പാതകളും മണ്ണിട്ട് അടച്ചിരുന്നു. തലപ്പാടിയിൽ ദേശീയ പാത അടച്ചിട്ടതോടെ കേരളത്തിലെ ആളുകളുടേയും രോഗികളുടേയും വരവ് നിലച്ചു.