കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിന്റെ ഉത്തരവിറങ്ങി, കാസർകോടും കണ്ണൂരും ഇനി കളി മാറും

0
218

കണ്ണൂർ (www.mediavisionnews.in): കൊവിഡ് 19 വ്യാപനം തടയാൻ കർശന നിയന്ത്രണവുമായി പൊലീസ്. കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ ഉത്തരവ് എത്തിയതിന് പിന്നാലെയാണ് കാസർകോട്, കണ്ണൂർ ജില്ലകളിൽ പൊലീസ് നിയന്ത്രണം കർശമാക്കുന്നത്. കാസർകോട് ജില്ലയിൽ മാസ്ക് ധരിക്കാതെ പുറത്തിറങ്ങുന്നവരുടെ പേരിൽ ഇന്നുമുതൽ കേസെടുക്കുമെന്ന് കാഞ്ഞങ്ങാട് ഡിവൈ.എസ്.പി പി.കെ. സുധാകരൻ പറഞ്ഞു. ജനങ്ങൾക്ക് ഇപ്പോൾ പുറത്തിറങ്ങേണ്ട സാഹചര്യം ഇല്ല. അരി റേഷൻ കടവഴി വിതരണം ചെയ്തുകഴിഞ്ഞു. മരുന്ന്, മറ്റ് നിത്യോപയോഗ സാധനങ്ങൾ എന്നിവ പൊലീസിനെ ബന്ധപ്പെട്ട് കഴിഞ്ഞാൽ വീടുകളിൽ എത്തിക്കുന്നുണ്ട്. പിന്നെന്തിനാണ് ആളുകൾ പുറത്തിറങ്ങുന്നതെന്ന് ഡിവൈ.എസ്.പി ചോദിച്ചു.

നിയമവും നിയന്ത്രണവും നടപ്പാക്കുന്ന കാര്യത്തിൽ പൊലീസിന്റെ ഭാഗത്ത്നിന്ന് ഒരു ഇളവും പ്രതീക്ഷിക്കേണ്ടെന്ന് അദ്ദേഹം പറഞ്ഞു. വേണ്ടിവന്നാൽ ഗ്രാമങ്ങളിലും ഡ്രോൺ ഉപയോഗിച്ചുള്ള നീരീക്ഷണം നടത്താനുള്ള തയ്യാറെടുപ്പിലാണ് പൊലീസ്. കണ്ണൂർ ജില്ലയിലും നിയന്ത്രണം ഇന്നത്തോടെ കർശനമാക്കി. നഗരത്തിലെ പച്ചക്കറി മാർക്കറ്റിലാണ് ഏറ്റവും തിരക്ക് അനുഭവപ്പെടുന്നത്. ഇത് നിയന്ത്രിക്കാൻ പൊലീസ് പരമാവധി ശ്രമിച്ചെങ്കിലും വേണ്ടത്ര ലക്ഷ്യത്തിലെത്താൻ കഴിഞ്ഞിട്ടില്ല. എന്നാൽ ഇന്നുമുതൽ നിയന്ത്രണവും നിയമവും കർശനമായി നടപ്പിലാക്കുമെന്ന് കണ്ണൂർ ഡിവൈ.എസ്.പി പി.പി. സദാനന്ദൻ പറഞ്ഞു.

നഗരത്തിന് മൂന്ന് കിലോമീറ്റർ ചുറ്റളവിലുള്ളവർക്ക് മാത്രമേ മാർക്കറ്റിൽ പ്രവേശനം അനുവദിക്കൂ. തോന്നിയ വഴിയിലൂടെ മാർക്കറ്റിൽ കയറുന്നതും ഇറങ്ങുന്നതും അനുവദിക്കില്ല. കയറാനും ഇറങ്ങാനും പൊലീസ് രണ്ട് വഴികൾ ഒരുക്കിയിട്ടുണ്ട്. ഇതിലൂടെ മാത്രമേ മാർക്കറ്റിനകത്തേക്ക് പ്രവേശിക്കാനും പുറത്ത് പോകാനും അനുവദിക്കൂ എന്ന് ഡിവൈ.എസ്.പി പറഞ്ഞു.

മരുന്നുകളും അവശ്യ സാധനങ്ങളും വീടുകളിലെത്തിക്കാൻ സേന വിപുലമായ സംവിധാനം ഒരുക്കിയിട്ടുണ്ട്. ജില്ലയിൽ ലോക്ക് ഡൗൺ നിലവിൽ വന്നതിന് ശേഷം ഇന്നലെ വരെ 8000 തോളം വാഹനങ്ങൾ പിടിച്ചെടുത്തിട്ടുണ്ട്. ഇത് ഇനി കൂടുതൽ കർശനമായി നടപ്പിലാക്കും. തലശ്ശേരി ഡിവൈ.എസ്.പിക്ക് കീഴിൽ ഇന്നുമുതൽ മൂന്ന് പഞ്ചായത്തുകൾ കൂടി പൂർണ ലോക്ക് ഡൗണിന് കീഴിലാക്കും. ചൊക്ളി,​ ന്യൂ മാഹി,​ പന്ന്യനൂർ എന്നീ പഞ്ചായത്തുകളാണ് ഇന്നുമുതൽ സമ്പൂർണ ക്വാറന്റൈന് കീഴിൽ വരിക. നേരത്തെ 7 പഞ്ചായത്തുകൾ പൂർണ ലോക്ക് ഡൗണിലാണ്. ഇന്നലെ 140 കേസുകൾ തലശ്ശേരിയിൽ മാത്രം രജിസ്റ്റർ ചെയ്തിട്ടുണ്ട്. ഇത് കുറേകൂടി ശക്തമായി നടപ്പിലാക്കുമെന്ന് അദ്ദേഹം പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here