കൂടുതല്‍ കോവിഡ് രോഗികളെ ചികിത്സിച്ച് ഭേദമാക്കി; കാസര്‍കോട് ജനറല്‍ ആശുപത്രിക്ക് കയ്യടി

0
221

കാസര്‍കോട് ∙ കേരളത്തില്‍ ഏറ്റവും കൂടുതല്‍ കോവിഡ് രോഗികളെ ചികിത്സിച്ച് ഭേദമാക്കിയ ആശുപത്രിയായി കാസര്‍കോട് ജനറല്‍ ആശുപത്രി. ചികിത്സ തേടിയെത്തിയ 89 രോഗികളേയും രോഗമുക്തരാക്കി. ഇതില്‍ അവസാനത്തെ രോഗി ചൊവ്വാഴ്ച ഡിസ്ചാര്‍ജായി. ഇതുവരെ 2571 സാംപിളുകള്‍ ശേഖരിച്ചു പരിശോധനയ്ക്കായി അയച്ചു. കേരളത്തിന് അഭിമാനകരമായ പ്രവര്‍ത്തനം നടത്തിയ ജനറല്‍ ആശുപത്രി സൂപ്രണ്ട്, ഡോക്ടര്‍മാര്‍, നഴ്‌സുമാര്‍, മറ്റ് എല്ലാ വിഭാഗം ജീവനക്കാര്‍ എന്നിവരെ ആരോഗ്യമന്ത്രി കെ.കെ.ശൈലജ അഭിനന്ദിച്ചു.

കേരളത്തില്‍ ഏറ്റവും കൂടുതല്‍ കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്ത ജില്ലയാണ് കാസര്‍കോട്. ഇതുവരെ 175 കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. കാസര്‍കോട് ജനറല്‍ ആശുപത്രി 89, കാഞ്ഞങ്ങാട് ജില്ലാ ആശുപത്രി 43, കാസര്‍കോട് ഗവ. മെഡിക്കല്‍ കോളജ് കോവിഡ് ആശുപത്രി 22, കണ്ണൂര്‍ പരിയാരം മെഡിക്കല്‍ കോളജ് 19, കോഴിക്കോട് മെഡിക്കല്‍ കോളജ് 2 എന്നിങ്ങനെയാണ് രോഗികൾ ചികിത്സയിലുണ്ടായിരുന്നത്. ഇതില്‍ 107 പേര്‍ വിദേശത്തുനിന്നും വന്നതാണ്. 68 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം സ്ഥിരീകരിച്ചത്. നിലവില്‍ 13 കോവിഡ് രോഗികളാണ് കാസര്‍കോട് ജില്ലയിലുള്ളത്.

ഇതില്‍ 8 രോഗികള്‍ കാസര്‍കോട് മെഡിക്കല്‍ കോളജിലും 4 രോഗികള്‍ കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിലും ഒരാള്‍ പരിയാരം മെഡിക്കല്‍ കോളജിലുമാണുള്ളത്. ആദ്യഘട്ടത്തില്‍ തന്നെ കാസര്‍കോട് ജനറല്‍ ആശുപത്രിയെ കോവിഡ് ആശുപത്രിയായി ആരോഗ്യ വകുപ്പ് മാറ്റിയിരുന്നു. ടീമിന്റെ ചിട്ടയായ പ്രവര്‍ത്തനമാണ് വിജയത്തിൽ നിർണായകമായത്. കോഴിക്കോട് അഡീഷനല്‍ ജില്ല മെഡിക്കല്‍ ഓഫിസര്‍ ഡോ. രാജേന്ദ്രനെ പ്രത്യേകം നിയോഗിച്ചു. സുപ്രണ്ട്, അഡീഷനല്‍ സൂപ്രണ്ട്, ഡപ്യൂട്ടി സൂപ്രണ്ട്, ആര്‍എംഒ എന്നിവരടങ്ങുന്ന ശക്തമായ നേതൃനിരയും 6 ഫിസിഷ്യന്മാരുടെ നേതൃത്വത്തിലുള്ള ട്രീറ്റ്‌മെന്റ് ടീമും ഡോക്ടര്‍മാരും സ്റ്റാഫ് നഴ്‌സുമാരും ഉള്‍പ്പെടെ 200 ഓളം പേരടങ്ങുന്ന ടീമിന്റെ ചിട്ടയായ പ്രവര്‍ത്തനമാണ് വിജയത്തിന് പിന്നില്‍.

LEAVE A REPLY

Please enter your comment!
Please enter your name here