കാസർകോട്: (www.mediavisionnews.in) ജനറൽ ആശുപത്രിയിലെ കോവിഡ് വാർഡിൽ നിന്നു പിടികൂടിയ ശേഷം ചത്തുപോയ പൂച്ചകളുടെ ആന്തരികാവയവങ്ങളുടെ സാംപിൾ വിദഗ്ധ പരിശോധനയ്ക്ക് അയയ്ക്കും. യുഎസിൽ മൃഗശാല ജീവനക്കാരനിൽ നിന്ന് 4 വയസ്സുള്ള പെൺകടുവയ്ക്ക് കോവിഡ് പകർന്ന സാഹചര്യത്തിലാണ് നടപടി. ചത്ത 2 വയസ്സുള്ള കണ്ടൻ പൂച്ചയുടെയും 20 ദിവസം പ്രായമുള്ള 2 പൂച്ചക്കുട്ടികളുടെയും ആന്തരികാവയവ സാംപിൾ മൃഗസംരക്ഷണ വകുപ്പിന്റെ കാഞ്ഞങ്ങാട് ജില്ലാ ലാബിൽ ഡി ഫ്രീസറിൽ സൂക്ഷിച്ചിട്ടുണ്ട്.
തിരുവനന്തപുരം പാലോടുള്ള ചീഫ് ഡിസീസ് ഇൻവെസ്റ്റിഗേഷൻ ഓഫിസറെ ഇക്കാര്യം അറിയിച്ചതായി അധികൃതർ പറഞ്ഞു. തിരുവനന്തപുരത്ത് പരിശോധിച്ച ശേഷം ആവശ്യമെങ്കിൽ ഭോപ്പാലിലുള്ള നാഷനൽ ഹൈ സെക്യൂരിറ്റി ആനിമൽ ഡിസീസ് ലാബിലേക്ക് അയയ്ക്കും. ജന്തുരോഗ നിയന്ത്രണ പദ്ധതി ജില്ലാ കോ–ഓർഡിനേറ്റർ ഡോ.ടിറ്റോ ജോസഫ്, ജില്ലാ എപ്പിഡെമിയോളജിസ്റ്റ് ഡോ.എം.ജെ.സേതുലക്ഷ്മി എന്നിവരാണ് കഴിഞ്ഞ ദിവസം ഇവയെ പോസ്റ്റ്മോർട്ടം നടത്തിയത്. പ്രാഥമിക പരിശോധനയിൽ കോവിഡ് ഇല്ലെന്നാണ് സൂചന.
എന്നാലും സൂക്ഷ്മ പരിശോധനയിലൂടെ ഇത് ഉറപ്പു വരുത്താനാണ് വിദഗ്ധ പരിശോധനയ്ക്ക് അയയ്ക്കാൻ തീരുമാനിച്ചത്. ജനറൽ ആശുപത്രിയിലെ കോവിഡ് വാർഡിൽ രോഗികളുടെ പരാതിയിലാണ് ആശുപത്രിയിൽ നിന്ന് 5 പൂച്ചകളെയും ജില്ലാ പഞ്ചായത്തിന്റെ എബിസി കേന്ദ്രത്തിലേക്കു മാറ്റിയത്. രണ്ടു പൂച്ചകൾ ദിവസങ്ങൾക്കകം ചത്തു. ഇവയെ പോസ്റ്റ്മോർട്ടം ചെയ്യാതെ മറവു ചെയ്തിരുന്നു. പിന്നീട് ചത്ത മൂന്നു പൂച്ചകളെയാണ് കാഞ്ഞങ്ങാട് ലാബിൽ പോസ്റ്റ് മോർട്ടം നടത്തിയത്.