കര്‍ണാടകയുടെ മനസ്സ് അലിഞ്ഞപ്പോഴേക്കും കാസര്‍കോട് ജീവന്‍ നഷ്ടപ്പെട്ടത് 12 പേര്‍ക്ക്

0
213

കാസർകോട്: (www.mediavisionnews.in) ഒടുവില്‍ കര്‍ണാടകയുടെ മനസ് അലിഞ്ഞപ്പോഴേക്കും കാസര്‍കോട് ജില്ലയില്‍ ജീവന്‍ പൊലീഞ്ഞത് 12 പേര്‍ക്ക്. നിബന്ധനകളോടെയാണെങ്കിലും ചികിത്സക്കായി അതിര്‍ത്തി തുറന്ന് കൊടുക്കാനുള്ള കര്‍ണാടകയുടെ തീരുമാനത്തില്‍ ആശ്വസം കണ്ടെത്തുകയാണ് ജില്ലയിലെ രോഗികള്‍. അതിര്‍ത്തി അടഞ്ഞതോടെ ദുരിതം അനുഭവിക്കുന്നവരുടെ വാര്‍ത്ത മീഡിയവണ്‍ ആണ് പുറത്തുകൊണ്ട് വന്നത്.

മാര്‍ച്ച് 24ന് രാജ്യത്താകെ ലോക്ക്ഡൌണ്‍ പ്രഖ്യാപിച്ചതിനെത്തുടര്‍ന്നാണ് കര്‍ണാടക തലപ്പാടി അതിര്‍ത്തി അടച്ചത്. അതിര്‍ത്തി വഴി ആംബുലന്‍സുകളെ പോലും കടത്തിവിടേണ്ടതില്ലെന്ന് കര്‍ണാടക തീരുമാനിച്ചു. കൂടാതെ കാസര്‍കോട് ജില്ലയിലെ അതിര്‍ത്തി പഞ്ചായത്തുകളിലെ 20ലേറെ പ്രാദേശിക റോഡുകള്‍ മണ്ണിട്ട് അടക്കുകയും ചെയ്തു.

ദിവസവും അമ്പതോളം ആംബുലന്‍സുകളാണ് തലപ്പാടി വഴി രോഗികളെയും കൊണ്ട് മംഗളൂരുവിലേക്ക് പാഞ്ഞു പോവാറുള്ളത്. തലപ്പാടി അതിര്‍ത്തി ചെക്ക് പോസ്റ്റ് അടഞ്ഞതോടെ ആ യാത്രകള്‍ മുടങ്ങി. കര്‍ണാടക അതിര്‍ത്തിയോട് ചേര്‍ന്ന പലര്‍ക്കും രോഗികളെ പത്ത് കിലോമീറ്റര്‍ അകലത്തിലുള്ള ആശുപത്രികളിലെത്തിക്കാനായില്ല. ഇതോടെ 12 പേര്‍ ചികിത്സ കിട്ടാതെ മരിച്ചു. ഒരു യുവതിക്ക് ആംബുലന്‍സില്‍ തന്നെ പ്രസവിക്കേണ്ടി വന്നു. ഗുരുതരരോഗം ബാധിച്ച പലരും കൃത്യസമയത്ത് തുടര്‍ ചികിത്സ കിട്ടാതെ പ്രയാസപ്പെട്ടു. പലരുടെയും ഡയാലിസിസ് മുടങ്ങി.

ഒടുവില്‍ സുപ്രിംകോടതിക്ക് ഇടപെടേണ്ടിവന്നു. അങ്ങനെ ചികിത്സ നിഷേധിച്ച 15 നാളുകള്‍ക്ക് ശേഷം കര്‍ണാടകയുടെ മനസ്സലിഞ്ഞു. നിബന്ധനകളോടെ അതിര്‍ത്തി തുറന്നു. കണ്ണൂരിലെത്താനാവാത്ത, ജില്ലയില്‍ ചികിത്സ സൌകര്യമില്ലാത്ത രോഗികള്‍ക്ക് ഇനി മംഗളൂരുവിലേക്ക് പോവാം.

കാസര്‍കോട് നിന്ന് മംഗളൂരുവിലേക്ക് ചികിത്സയ്ക്ക് പോകുന്ന ആംബുലന്‍സുകളെ, ഉപാധികളോടെ മാത്രമേ തലപ്പാടി അതിർത്തി വഴി കര്‍ണാടക സര്‍ക്കാര്‍ കടത്തി വിടുകയുള്ളൂ. കോവിഡ് രോഗികളല്ലാത്ത അതീവ ഗുരുതരാവസ്ഥയിലുള്ള രോഗികളുമായി വരുന്ന സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള ആംബുലന്‍സുകള്‍ക്കാണ് പ്രവേശനം അനുവദിക്കുക.

അതായത് കാസര്‍കോട് ജില്ലയില്‍ ചികിത്സ ലഭ്യമല്ലാത്ത രോഗികളുമായുള്ള ആംബുലന്‍സുകളെയാണ് അതിർത്തി വഴി കടത്തി വിടുക. ഇവർ കൈവശം മെഡിക്കല്‍ ഓഫീസറുടെ സാക്ഷ്യപത്രം കരുതണം. യാതൊരുവിധ കോവിഡ് ലക്ഷണങ്ങളും ഇല്ലാത്തയാളാണെന്ന് സാക്ഷ്യപത്രത്തിൽ പ്രത്യേകം രേഖപ്പെടുത്തണം.

കൂടാതെ കാസര്‍കോട് ചികിത്സ ലഭ്യമല്ലാത്തതും കണ്ണൂരിലേക്ക് കൊണ്ടുപോകാന്‍ സാധിക്കാത്തതുമായ രോഗിയാണെന്നും മെഡിക്കല്‍ ഓഫീസര്‍ സാക്ഷ്യപ്പെടുത്തണം. ഇതിനായി മംഗല്‍പ്പാടി താലൂക്ക് ആശുപത്രിയിൽ പ്രത്യേക മെഡിക്കൽ സംഘത്തെ നിയോഗിച്ചിട്ടുണ്ട്. 24 മണിക്കൂറും ഇവരുടെ സേവനം ലഭ്യമാവും.

രോഗിയുടെ മെഡിക്കൽ രേഖകൾ പരിശോധിക്കുന്നതിനായി തലപ്പാടി ചെക്ക്‌പോസ്റ്റില്‍ കര്‍ണ്ണാടക, മെഡിക്കല്‍ സംഘത്തെ നിയോഗിച്ചിട്ടുണ്ട്. രോഗി നിര്‍ദ്ദേശങ്ങള്‍ പാലിച്ചിട്ടുണ്ടോയെന്ന് കർണാടകയുടെ മെഡിക്കൽസംഘം ഉറപ്പു വരുത്തിയ ശേഷം മാത്രമേ ആംബുലൻസിനെ കടത്തിവിടുകയുള്ളൂ.

രോഗിയെ കൊണ്ടുപോകുന്ന ആംബുലന്‍സ് കേന്ദ്ര ആരോഗ്യകുടുംബക്ഷേമ മന്ത്രാലയത്തിന്റെ മാര്‍ഗ നിര്‍ദ്ദേശാനുസരണം അണുവിമുക്തമാക്കണമെന്നും കർണാടകയുടെ നിർദേശമുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here