ഇളവുകളോടെ ലോക്ക് ഡൗൺ തുടരും? ട്രെയിനും വിമാനങ്ങളും ഉണ്ടാകില്ല; അന്തിമ തീരുമാനം ഇന്നറിയാം

0
218

ന്യൂഡൽഹി: (www.mediavisionnews.in) കോവിഡ് 19 വ്യാപനത്തെ തുടർന്ന് പ്രഖ്യാപിച്ച 21 ദിവസത്തെ ലോക്ക് ഡൌൺ നാളെ അവസാനിക്കാനിരിക്കെ അത് നീട്ടുന്നത് സംബന്ധിച്ച മുന്നൊരുക്കങ്ങളിലാണ് സർക്കാർ കേന്ദ്രങ്ങൾ. ലോക്ക് ഡൌൺ രണ്ടാഴ്ച കൂടി നീട്ടുമെന്ന് ഏതാണ്ട് ഉറപ്പായതോടെ, ഏതൊക്കെ മേഖലകളിൽ നിയന്ത്രിതമായ ഇളവ് നൽകണമെന്നത് സംബന്ധിച്ച് ഇന്നത്തോടെ അന്തിമ തീരുമാനമാകും. ഇളവുകളുണ്ടാകുമെങ്കിലും ട്രെയിൻ, വിമാന സർവീസുകൾ പുനഃരാരംഭിക്കില്ലെന്നാണ് വിവരം.

അതേസമയം അവധിക്കുശേഷം കേന്ദ്ര സർക്കാരിന്‍റെ അവശ്യ സർവ്വീസിലുള്ള ജീവനക്കാർ ഇന്നുമുതൽ (തിങ്കളാഴ്ച) മുതൽ ജോലിയിൽ കയറും. അതേസമയം ഹോട്ട്‌സ്‌പോട്ടുകളിൽ താമസിക്കുന്ന ജീവനക്കാരോട് വീട്ടിൽ തുടരാൻ ആവശ്യപ്പെട്ടിട്ടുണ്ട്. ജോയിന്റ് സെക്രട്ടറിമാരുമായും ഉയർന്ന റാങ്കിലുള്ള മറ്റ് ഉദ്യോഗസ്ഥരുമായും ചേർന്ന് ഷെഡ്യൂൾ ചെയ്ത ജോലികൾ പുനഃരാരംഭിക്കും. കേന്ദ്രസർക്കാർ ജീവനക്കാരിൽ മൂന്നിലൊന്ന് പേരായിരിക്കും ഓരോദിവസങ്ങളിൽ ഷെഡ്യൂൾ അടിസ്ഥാനത്തിൽ ജോലിക്ക് എത്തുന്നത്.

ലോക്ക്ഡൌണിന്റെ ഉദ്ദേശ്യത്തെ പരാജയപ്പെടുത്തുമെന്നതിനാൽ അന്തർസംസ്ഥാന ട്രെയിൻ-വിമാന സർവീസുകളും ഇപ്പോൾ പുനഃരാരംഭിക്കില്ലെന്ന് സർക്കാർ വൃത്തങ്ങൾ അറിയിച്ചു. അതേസമയം കർശന നിയന്ത്രണങ്ങളോടെ കോവിഡ് 19 വ്യാപനം കുറവുള്ള സംസ്ഥാനങ്ങൾക്കുള്ളിൽ ബസ്-ട്രെയിൻ സർവീസുകൾ തുടങ്ങിയേക്കും.

ലോക്ക്ഡൌണിന്റെ നിർദ്ദിഷ്ട കാലയളവിലെ കോവിഡ് -19 കേസുകളുടെ എണ്ണത്തെ ആശ്രയിച്ച് കേന്ദ്രം രാജ്യത്തെ ചുവപ്പ്, ഓറഞ്ച്, പച്ച മേഖലകളായി തരംതിരിച്ചുകൊണ്ടായിരിക്കും ലോക്ക് ഡൌൺ ഇളവുകൾ അനുവദിക്കുകയെന്ന സൂചനയുമുണ്ട്. സുരക്ഷിത മേഖലകളിൽ പരിമിതമായ സേവനങ്ങൾ തുടരാൻ അനുവദിക്കുകയും ചെയ്തേക്കും.പ്രധാനമന്ത്രി നരേന്ദ്ര മോദി വിളിച്ചുചേർത്ത മുഖ്യമന്ത്രിമാരുമായുള്ള ചർച്ചയിൽ സ്കൂളുകളും കോളേജുകളും അടച്ചിടുമെന്നും എന്നാൽ ചില ചെറുകിട വ്യവസായങ്ങൾക്കും മദ്യവിൽപ്പന ശാലകൾക്കും പ്രവർത്തിക്കാൻ അനുമതി നൽകണമെന്നും ചില സംസ്ഥാനങ്ങൾ ആവശ്യപ്പെട്ടിരുന്നു. ഇപ്പോഴത്തെ 21 ദിവസത്തെ ലോക്ക്ഡൌൺ ഏപ്രിൽ 30 വരെ നീട്ടുന്നതിൽ ഏകകണ്ഠമായ അഭിപ്രായമാണ് യോഗത്തിൽ ഉയർന്നത്. കൂടാതെ രാജ്യത്തെ ചുവപ്പ്, ഓറഞ്ച്, പച്ച എന്നിങ്ങനെ മൂന്ന് മേഖലകളായി തരം തിരിക്കാമെന്ന കേന്ദ്ര സർക്കാർ നിർദേശത്തോട് മുഖ്യമന്ത്രിമാർ യോജിക്കുകയും ചെയ്തു.

ചുവന്ന മേഖലകളിൽ ഒരു പ്രവർത്തനവും ഉണ്ടാകില്ല – ഗണ്യമായ എണ്ണം കേസുകൾ കണ്ടെത്തിയ ജില്ലകൾ അല്ലെങ്കിൽ ഹോട്ട്‌സ്‌പോട്ടുകളായി പ്രഖ്യാപിച്ച പ്രദേശങ്ങളായിരിക്കും ഇവ.

ഓറഞ്ച് സോൺ – പോസിറ്റീവ് കേസുകളുടെ എണ്ണത്തിൽ വർദ്ധനവുണ്ടായിട്ടില്ലാത്ത പ്രദേശം – പരിമിതമായ തോതിൽ പൊതുഗതാഗതം പുനഃരാരംഭിക്കും, കാർഷിക ഉൽ‌പന്നങ്ങളുടെ വിളവെടുപ്പ് തുടങ്ങി ചെറിയതോതിലുള്ള പ്രവർത്തനങ്ങൾ അനുവദിക്കും.

ഗ്രീൻ സോൺ- കോവിഡ് -19 കേസില്ലാത്ത ജില്ലകൾ ഉൾപ്പെടുന്ന പ്രദേശം. കർശന ജാഗ്രതോയടെ ലോക്ക് ഡൌൺ പിൻവലിക്കും.

LEAVE A REPLY

Please enter your comment!
Please enter your name here