ആരാധനാലയങ്ങൾക്ക് കൂടുതൽ മാർഗനിർദേശങ്ങളുമായി പൊലീസ്

0
155

തിരുവനന്തപുരം (www.mediavisionnews.in) ആരാധനാലയങ്ങൾക്ക് കൂടുതൽ മാർഗനിർദേശങ്ങളുമായി പൊലീസ്. ചടങ്ങുകൾക്ക് നേതൃത്വം കൊടുക്കുന്നതിന് അഞ്ചിലധികം പേർ പാടില്ലെന്നും പൊതുജനങ്ങളെ പ്രവേശിപ്പിക്കാൻ പാടില്ലെന്നുമാണ് നിർദ്ദേശം. ഉത്സവവേളകളിൽ ജനങ്ങൾക്ക് പ്രാർത്ഥനയ്ക്കായി വെബ്കാസ്റ്റിംഗ് നടപ്പാക്കണമെന്നും നിർദ്ദേശമുണ്ട്.

സംസ്ഥാനത്തെ ചില ആരാധനാലയങ്ങൾ ലോക്ക് ഡൗൺ നിർദ്ദേശങ്ങൾ പൂർണമായും പാലിക്കുന്നില്ലെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് പൊലീസിന്റെ പുതിയ മാർഗ്ഗനിർദ്ദേശം. ആരാധാനലയങ്ങളിലെ ചടങ്ങുകൾക്ക് രണ്ട് പേരിൽ കൂടുതലാളുകൾ പാടില്ലെന്നായിരുന്നു ‍നേരത്തെ നൽകിയ മാർഗനിർദ്ദേശത്തിൽ പറഞ്ഞിരുന്നത്. എന്നാൽ ഇത് പ്രായോഗികമല്ലെന്ന പരാതികൾ കണക്കിലെടുത്ത് ചില ഇളവുകൾ വരുത്തിയിട്ടുണ്ട്.

ആരാധനാലയങ്ങളിലെ ചടങ്ങുകളിൽ അഞ്ച് പേർക്ക് പങ്കെടുക്കാം. മതപുരോഹിതർ അടക്കമായിരിക്കണം അഞ്ച് പേർ. യാതൊരു കാരണവശാലും ആളുകൾ കൂട്ടം കൂടരുത്. ചടങ്ങുകളിൽ പൊതുജനങ്ങൾ പങ്കെടുക്കാൻ പാടില്ല. വാതിലുകൾ അടച്ചിട്ട് വേണം ചടങ്ങ് നടത്താൻ. വിശ്വാസികൾ ആരാധനാലയങ്ങളിലേക്ക് എത്തുന്നത് ഒഴിവാക്കാനായി ചടങ്ങുകൾ കഴിവതും വെബ്കാസ്റ്റ് ചെയ്യാൻ ശ്രമിക്കണം. ആരാധാനലയങ്ങളോട് ചേർന്നുള്ള കോൺവെന്റുകളിലും ഹോസ്റ്റലുകളിലും താമസിക്കുന്നവർ സാമൂഹിക അകലം പാലിക്കണം. ഇവർക്കായി ആരാധനലയങ്ങളിലെ ചടങ്ങുകൾ ടെലികാസ്റ്റ് ചെയ്യണമെന്നും നിർദ്ദേശമുണ്ട്.

ഒശാന ഞായർ, പെസഹ എന്നിങ്ങനയുള്ള വിശുദ്ധവാര ചടങ്ങുകൾക്ക് പുതുക്കിയ ഉത്തരവ് ബാധകമാണ്. ഒശാന ഞായർ ചടങ്ങുകൾ തത്സമയം കാണാൻ മിക്ക പള്ളികളും അവസരമൊരുക്കിയിട്ടുണ്ട്. ഇത് പരമാവധി ഉപയോഗിക്കണമെന്നും പുതിയ മാർഗനിർദ്ദേശത്തിൽ പോലീസ് ആവശ്യപ്പെടുന്നു.

സംസ്ഥാനത്ത് ഇന്ന് 11 പേർക്ക് കൊവിഡ് 19 വൈറസ് ബാധ സ്ഥിരീകരിച്ചു. 8 പേർ ഇന്ന് രോഗമുക്തി നേടി. രോഗം സ്ഥിരീകരിച്ച 8 പേരിൽ ആറു പേർ കാസർഗോഡ് ജില്ലയിൽ നിന്നുള്ളവരാണ്. കൊല്ലം, ആലപ്പുഴ, എറണാകുളം, പാലക്കാട്, കണ്ണൂർ ജില്ലകളിൽ നിന്ന് ഓരോരുത്തർക്ക് രോഗം സ്ഥിരീകരിച്ചു. രോഗബാധിതരിൽ 5 പേർ ദുബായിൽ നിന്ന് വന്നവരാണ്. ഇതിൽ കാസർഗോഡ് സ്വദേശികളായ മൂന്ന് പേരും കണ്ണൂർ എറണാകുളം ജില്ലകളിൽ ഒരോ ആളുകൾ വീതവുമാണ് ഉള്ളത്.

LEAVE A REPLY

Please enter your comment!
Please enter your name here