ശവപ്പെട്ടിയുമായി നൃത്തം ചെയ്യുന്ന ഇവരുടെ വീഡിയോയും ചിത്രങ്ങളും സാമൂഹിക മാധ്യമങ്ങളില്‍ പലയിടത്തും കണ്ടിട്ടുണ്ടാകും. ഏതെങ്കിലും സിനിമയില്‍ നിന്നുള്ള രംഗങ്ങളാണിതെന്ന് തോന്നിയോ? എന്നാല്‍ അല്ല. ഘാനയിലെ ബെഞ്ചമിന്‍ ഐഡൂവിനും സംഘത്തിനും ഇത് വെറൈറ്റി ജോലിയാണ്. ശരിക്കും മരിച്ചയാളുടെ മൃതദേഹവുമായിത്തന്നെയാണ് ഇവര്‍ നൃത്തം ചെയ്യുന്നത്.
ശവസംസ്കാര ചടങ്ങുകളില്‍ ജോലി ചെയ്യുന്ന സംഘമാണിവരുടേത്. സംഘത്തിന്‍റെ നേതാവായ ബെഞ്ചമിന്‍ ഐഡൂവിനെ ഇങ്ങനെ കൊറിയോഗ്രാഫി തുടങ്ങിയ സമയത്ത് ബിബിസി ഇന്‍റര്‍വ്യൂ ചെയ്തിരുന്നു. അന്നദ്ദേഹം പറഞ്ഞത് തന്‍റെ കീഴില്‍ ഇങ്ങനെ നൂറോളം പേര്‍ ജോലി ചെയ്യുന്നുണ്ട് എന്നാണ്. ബെഞ്ചമിനും സംഘവും പ്രവര്‍ത്തിക്കുന്നത് തന്നെ ഇങ്ങനെ ശവമടക്ക് കളറാക്കാനാണ്. പലരും തങ്ങളുടെ ബന്ധുക്കള്‍ മരിച്ചാല്‍ ബഞ്ചമിനെയും കൂട്ടരേയും തേടിയെത്തും.
സ്റ്റെപ്പുകളും ഭാവാഭിനയങ്ങളുമടക്കം വെല്‍ ട്രെയിന്‍ഡാണ് സംഘം. ഇവരെ വിളിക്കുന്നവര്‍ പറയുന്നത് ഇവര്‍ ശവപ്പെട്ടി ചുമക്കുമ്പോള്‍ ചെയ്യുന്ന നൃത്തവും പ്രകടനങ്ങളും തങ്ങള്‍ക്കെല്ലാം ഭയങ്കര ഇഷ്ടമാണ് എന്നാണ്. മരിച്ച മനുഷ്യർ ആഘോഷമായി ജീവിക്കാൻ ആഗ്രഹിച്ചിരുന്ന ആളായിരുന്നുവെങ്കിൽ അവരുടെ മരണസമയത്തും ഇത്തിരി ആഘോഷമാകുന്നതിൽ എന്താണ് തെറ്റ് എന്നായിരുന്നു പലരുടെയും ചോദ്യം.
ഏതായാലും തങ്ങളുടെ പ്രവര്‍ത്തനങ്ങളെ കുറിച്ച് ഇവരുടെ നേതാവായ ബെഞ്ചമിന്‍ ഐഡൂ ബിബിസിയോട് പറഞ്ഞത് ഇതാണ്: ഇങ്ങനെ ചടങ്ങുകളിൽ കുറച്ച് കൊറിയോഗ്രഫി കൂടി ചേര്‍ക്കാം എന്ന് ഞാന്‍ ഒരു തീരുമാനമെടുക്കുകയായിരുന്നു. ഇതിന്‍റെ ഭാഗമായി വരുന്ന ആളുകളോട് ഞാന്‍ ചോദിക്കുന്നത് ഇത്രയുമാണ്. നിങ്ങള്‍ക്കൊരു സാധാരണ ചടങ്ങാണോ വേണ്ടത്. അതോ അതില്‍ക്കൂടുതലെന്തെങ്കിലും വേണ്ടതുണ്ടോ എന്ന്. കുറച്ച് കൊറിയോഗ്രാഫി കൂടി വേണ്ടതുണ്ടോ എന്ന് എടുത്തു ചോദിക്കും. വേണമെന്ന് പറഞ്ഞാല്‍ ഞങ്ങളത് ചെയ്തുകൊടുക്കും.
അതായാത് ആ കൊറിയോഗ്രഫിയാണ് നമ്മള്‍ വീഡിയോയില്‍ കണ്ടതെന്നര്‍ത്ഥം. യുവതീയുവാക്കള്‍ക്കായി ഏകദേശം നൂറോളം വ്യത്യസ്തമായ തൊഴിലുകള്‍ ബഞ്ചമിനുണ്ടാക്കിക്കൊടുത്തുകഴിഞ്ഞു. ഘാനയിലെ വര്‍ധിച്ച തൊഴിലില്ലായ്മയ്ക്ക് തന്നെക്കൊണ്ടാവും വിധത്തിലുള്ള പ്രതിവിധി എന്നാണ് ബഞ്ചമിനിതിനെ പറയുന്നത്.
തന്‍റെ ടീമിന് കൃത്യമായ ഡ്രസും സംവിധാനങ്ങളുമെല്ലാം അദ്ദേഹം ഒരുക്കിയിട്ടുണ്ട്. ഘാനയിലെ ശവസംസ്കാര ചടങ്ങുകള്‍ വലിയ രീതിയിലുള്ള സാമൂഹികമായ കൂടിച്ചരലുകളുടെ ഇടങ്ങളാണ്. ബഞ്ചമിന്‍റേതുപോലെയുള്ള സംഘങ്ങള്‍ കൂടിയെത്തിയതോടെ നിരവധി കുടുംബങ്ങള്‍ തങ്ങളുടെ പ്രിയപ്പെട്ടവരുടെ അവസാനത്തെ യാത്ര സ്റ്റൈലാക്കിയിരുന്നു എന്നു വേണം പറയാന്‍.