അബ്ബാസ് ഹാജി ഉപ്പളയുടെ വിയോഗം: നഷ്ടമായത് സുന്നീ പ്രസ്ഥാനത്തെ നെഞ്ചിലേറ്റിയ പ്രവര്‍ത്തകനെ

0
169

ഉപ്പള (www.mediavisionnews.in): അബ്ബാസ് ഹാജിയുടെ വിയോഗത്തിലൂടെ ജില്ലക്ക് നഷ്ടമാകുന്നത് പ്രസ്ഥാനത്തെ നെഞ്ചിലേറ്റിയ ധീരനായ പ്രവര്‍ത്തകനെ. പ്രാസ്ഥാനിക രംഗത്ത് കഴിഞ്ഞുപോയതും ഇന്നുള്ളതുമായ ഒട്ടുമിക്ക നേതാക്കളുമായും അടുത്തബന്ധം പുലര്‍ത്തിയ നേതാവായിരുന്നു അബ്ബാസ് ഹാജി. ഗള്‍ഫില്‍ ജോലി ചെയ്യുന്ന സമയത്ത് കെ എം സി സിയുടെ സജീവ നേതാവായിരുന്നിട്ടും സുന്നീ ആദര്‍ശബോധം കൊണ്ട് കാന്തപുരം ഉസ്താദടക്കമുള്ള നേതാക്കളുമായി ബന്ധം സ്ഥാപിച്ചു. അതുവഴി പിന്നീട് മര്‍കസ്, സഅദിയ്യ, മള്ഹര്‍, മുഹിമ്മാത്ത്, ബായാര്‍ മുജമ്മഅ് ലത്വീഫിയ്യ തുടങ്ങിയ സ്ഥാപനങ്ങളുടെയെല്ലാം അടുത്ത സഹകാരിയായിരുന്നു.

പൊസോട്ട് തങ്ങളുമായി വളരെ അടുത്ത ബന്ധം സ്ഥാപിക്കുകയും മള്ഹറിനു കീഴില്‍ ഉപ്പള മുസോടിയില്‍ സുന്നീ സ്ഥാപനത്തിന്റെ നേതൃനിരയില്‍ പ്രവര്‍ത്തിക്കുകയും ചെയ്തിരുന്നു. ഉപ്പളയില്‍ നടന്ന പ്രധാന പരിപാടികളുടെയെല്ലാം സ്വാഗതസംഘത്തില്‍ ഹാജിയുണ്ടായിരുന്നു. ഗള്‍ഫ് വിട്ട ശേഷം നാട്ടില്‍ എസ് വൈ എസില്‍ സജീവമായി. പഴയ മഞ്ചേശ്വരം മേഖലയില്‍ വിവിധ സ്ഥാനങ്ങള്‍ വഹിച്ചു. മഞ്ചേശ്വരം സോണ്‍ ജനറല്‍ സെക്രട്ടറിയായിരുന്നു. ദീര്‍ഘകാലം ജില്ലാ കമ്മിറ്റിയംഗമായ അദ്ദേഹം മരിക്കുമ്പോള്‍ കേരള മുസ്ലിം ജമാഅത്ത് ഉപ്പള സോണ്‍ വൈസ് പ്രസിഡന്റും ജില്ലാ കമ്മിറ്റിയംഗവുമായിരുന്നു.

നല്ല രാഷ്ട്രീയബന്ധം ഉണ്ടായിരുന്നിട്ടും സുന്നീ പ്രസ്ഥാനവുമായി ഒട്ടിനിന്നതിനെക്കുറിച്ച് ചോദിച്ചാല്‍ അബ്ബാസ് ഹാജിക്കുണ്ടായിരുന്ന മറുപടി മരണശേഷം ദുആ കിട്ടണമെങ്കില്‍ സുന്നീ പ്രസ്ഥാനത്തില്‍ പ്രവര്‍ത്തിക്കണം എന്നതായിരുന്നു. മരണാനന്തര ചടങ്ങുകള്‍ക്ക് എസ് വൈ എസ് ജില്ലാ സെക്രട്ടറി സിദ്ദീഖ് സഖാഫി, കുമ്പള സോണ്‍ സാന്ത്വനം സെക്രട്ടറി ഹസന്‍ അഹ്‌സനി കുബനൂര്‍ നേതൃത്വം നല്‍കി.
മഞ്ചേശ്വരം, ഉപ്പള സോണിലെ വിവിധ യൂണിറ്റുകളില്‍ തഹ് ലീലും ഖുര്‍ആന്‍ പരായണവും നടക്കുന്നു.

മഞ്ചേശ്വരം, ഉപ്പള സോണ്‍ എസ് വൈ എസ്, കേരള മുസ്ലിം ജമാഅത്ത് കമ്മിറ്റികള്‍ അനുശോചിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here