അതിർത്തി അടച്ച കർണാടകയുടെ നടപടി നിയമവിരുദ്ധമെന്ന് കേരളം സുപ്രീംകോടതിയിൽ

0
213

ന്യൂദല്‍ഹി: (www.mediavisionnews.in) അതിർത്തി അടച്ച കർണാടകയുടെ നടപടി നിയമവിരുദ്ധമെന്ന് കേരളം സുപ്രീംകോടതിയിൽ. പ്രശ്നത്തിൽ ഇടപെടാനും അതിർത്തികൾ തുറന്നു നൽകാനും കേന്ദ്രസർക്കാരിന് നിർദേശം നൽകണമെന്ന് കേരളം ആവശ്യപ്പെട്ടു. അതിർത്തി തുറക്കണമെന്ന കേരളാ ഹൈക്കോടതി വിധിക്കെതിരെ കർണാടകം സമർപ്പിച്ച ഹർജിയിലാണ് കേരളം എതിർ സത്യവാങ്‌മൂലം സമർപ്പിച്ചത്.

അതിർത്തി തുറക്കാൻ കഴിയില്ലെന്ന കർണാടകയുടെ ഹർജി സുപ്രീംകോടതി നാളെ പരിഗണിക്കാനിരിക്കെയാണ് കേരളം എതിർപ്പുമായി രംഗത്തെത്തിയത്. തർക്കത്തിൽ കേന്ദ്ര ആരോഗ്യ സെക്രട്ടറി മധ്യസ്ഥത വഹിക്കണമെന്ന് കഴിഞ്ഞ തവണ കോടതി നിർദേശിച്ചിരുന്നു. അതിന്റെ അടിസ്ഥാനത്തിൽ ഇക്കഴിഞ്ഞ ശനിയാഴ്ച കേന്ദ്രത്തിന് കത്ത് നൽകിയെന്ന് കേരളം അറിയിച്ചു. മാർഗരേഖ നാളെ സമർപ്പിക്കണമെന്നാണ് കോടതി നിർദേശം. അതിർത്തി തുറക്കണമെന്ന കർണാടകയുടെ ആവശ്യം നിയമപരമായി നിലനിൽക്കുന്നതല്ല. അവശ്യ സർവീസുകൾ അനുവദിക്കണമെന്ന കേന്ദ്രനിർദേശത്തിന് വിരുദ്ധമാണ് അതിർത്തി അടച്ച കർണാടകയുടെ നടപടി. നിർദേശങ്ങൾ നടപ്പാക്കാൻ കേന്ദ്രത്തിനും ഭരണഘടനാപരമായ ഉത്തരവാദിത്തമുണ്ട്. തൊട്ടടുത്ത പട്ടണങ്ങൾ ആയതിനാലാണ് കാസർകോട്ടുകാർ മംഗലാപുരത്തേക്കും സുള്ള്യയിലേക്കും ചികിൽസക്കായി പോകുന്നത്. ദശകങ്ങൾ ആയുള്ള ബന്ധത്തിന്റെ പുറത്താണിത്. ആംബുലൻസുകൾ കടത്തിവിടാത്തതിനാൽ എട്ടു ജീവനുകൾ ഇതുവരെ പൊലിഞ്ഞു. കേരളത്തിലെ ജനങ്ങളുടെ ഭരണഘടനാ അവകാശങ്ങൾ നിഷേധിക്കപ്പെടുന്നുവെന്നും സംസ്ഥാന സർക്കാർ അറിയിച്ചു.

കഴിഞ്ഞ ദിവസം, അതിർത്തി തുറക്കില്ലെന്ന് മുഖ്യമന്ത്രി ബി എസ് യെദ്യൂരപ്പ ആവർത്തിച്ചിരുന്നു. ജെഡിഎസ് ദേശീയ അധ്യക്ഷൻ എച്ച് ഡി ദേവഗൗഡയ്ക്ക് അയച്ച മറുപടി കത്തിലാണ് അതിർത്തി തുറക്കില്ലെന്ന നിലപാട് യെദ്യൂരപ്പ ആവർത്തിച്ചത്. അതിർത്തി തുറക്കുന്നത് കർണാടകയിലെ ജനങ്ങളുടെ സുരക്ഷയ്ക്ക് ഭീഷണിയാണെന്നാണ് ഉന്നയിക്കുന്ന വാദം.

LEAVE A REPLY

Please enter your comment!
Please enter your name here