അതിർത്തി അടച്ചപ്പോൾ കാസർകോട് ഒറ്റപ്പെട്ടത് പാഠം, ജില്ലയിലെ ആരോഗ്യമേഖലയിൽ കാര്യമായ ഇടപെലുണ്ടാവും: ധനമന്ത്രി

0
238

തിരുവനന്തപുരം (www.mediavisionnews.in): കർണാടക അതിർത്തി അടച്ചപ്പോൾ കാസർകോടിനുണ്ടായ അവസ്ഥ ഒരു പാഠമാണെന്ന് ധനമന്ത്രി തോമസ് ഐസക്. നമ്മുക്ക് ക്ഷീണമുണ്ടാക്കിയ ഒരു സംഭവമാണിത്. കാസർകോട് ജില്ല വികസനത്തിൽ അൽപം പിന്നോക്കമാണ്. ആരോ​ഗ്യമേഖലയിലും അതു പ്രകടമാണ്. കൊവിഡ് പ്രതിസന്ധി തീർന്നാൽ ഇക്കാര്യത്തിൽ സജീവമായ ഇടപെടൽ സർക്കാർ നടത്തും. 

കാസർകോട്ടെ ആരോ​ഗ്യസംവിധാനങ്ങൾ ഉന്നത നിലവാരത്തിലേക്ക് ഉയർത്തിയാവും ഇപ്പോൾ ഉണ്ടായ പ്രതിസന്ധിക്ക് നാം മധുരപ്രതികാരം ചെയ്യുകയെന്നും ധനമന്ത്രി തോമസ് ഐസക് പറഞ്ഞു. ഏഷ്യാനെറ്റ് ന്യൂസ് സംഘടിപ്പിച്ച പ്രത്യേക പരിപാടിയിലൂടെയാണ് പ്രേക്ഷകരുമായും വിവിധ മേഖലകളിലെ വിദ​ഗ്ദ്ധരുമായും സംവദിക്കുന്നതിനിടെയാണ് തോമസ് ഐസക് ഇക്കാര്യം പറഞ്ഞത്. 

പ്രത്യേക പരിപാടിയിൽ ധനമന്ത്രിക്ക് മുന്നലെത്തിയ ചോദ്യങ്ങളും അദ്ദേഹത്തിൻ്റെ മറുപടിയും…

കൊവിഡ് 19ന് ശേഷം ലോകം സാമ്പത്തികമാന്ദ്യത്തിലേക്ക് നീങ്ങുമെന്ന് എല്ലാവരും പ്രവചിക്കുന്നു. യൂറോപ്പും അമേരിക്കയുടേയും സാമ്പത്തിക വളർച്ച പൂജ്യത്തിനും താഴെ നെ​ഗറ്റീവിലേക്ക് പോകുകയും ചൈനയിലും ഇന്ത്യയിലും കാര്യമായി കുറയുകയും ചെയ്യും എന്നാണ് പ്രവചനം. ആ​ഗോളതലത്തിലെ സാമ്പത്തിക പ്രതിസന്ധി കേരളത്തെ എങ്ങനെ ബാധിക്കും. ഇതു നാം എങ്ങനെ നേരിടും. ചോദ്യം രണ്ട് ടൂറിസം മേഖലയിൽ 73 ശതമാനം പേ‍ർക്ക് തൊഴിൽ നഷ്ടമാകും എന്നാണ് പ്രവചനം വിനോദസഞ്ചാരം പ്രധാനവരുമാനമാർ​ഗ്മായ കേരളം എന്തു ചെയ്യും. ചോദ്യം മൂന്ന് കർണാടക അതിർത്തി അടച്ചതോടെ കാസർ​കോടിന്റെ അവസ്ഥ എന്താണെന്ന് നാം കണ്ടു. കാസർകോട് ജില്ലയിൽ അടിസ്ഥാന ആരോ​ഗ്യ സൗകര്യങ്ങൾ സർക്കാർ ഒരുക്കണം. കേരളത്തിന് കിട്ടുന്ന എയിംസ് കാസർകോട് സ്ഥാപിച്ച് നാം മധുര പ്രതികാരം ചെയ്യണം – ജിജി തോംസൺ, മുൻചീഫ് സെക്രട്ടറി

ലോക്ക്ഡൗൺ കഴിഞ്ഞ ശേഷം ജനജീവിതം സാധാരണ നിലയിലേക്ക് വരുമ്പോൾ ആണ് സാമ്പത്തിക പാക്കേജ് അടക്കമുള്ള പദ്ധതികളും ഇടപെടലുകളും സർക്കാർ നടത്തേണ്ടത്. ആളുകൾക്ക് ഭക്ഷണം ഉറപ്പാക്കുക അത്യാവശ്യ കാര്യങ്ങൾക്ക് വേണ്ട പണം അനുവദിക്കുക. ഇതാണ് ഇപ്പോൾ നാം ചെയ്യേണ്ട കാര്യം. കേരളത്തിൽ ജോലി ചെയ്യുന്ന 65 ശതമാനവും നിത്യവേതനക്കാരും താത്കാലിക ജോലിക്കാരുമാണ് ഈ പ്രതിസന്ധി കാലത്ത് അവർക്ക് അവശ്യമായ സാമ്പത്തിക സഹായം ഉറപ്പാക്കുക എന്നതാണ് പ്രധാനം. 

വിനോദസഞ്ചാരമേഖലയിലെ വ്യാപാര സ്ഥാപനങ്ങളുടെ വായ്പ ബാധ്യത മൂന്ന് മാസത്തിലധികം കാലത്തേക്ക് മാറ്റിവയ്ക്കേണ്ടി വരും. ഇത്തരം സ്ഥാപനങ്ങളിലെ തൊഴിലാളികൾക്കും സാമ്പത്തിക സഹായം ഉറപ്പാക്കണം. ഹൗസ് ബോട്ടുകൾ അടക്കമുള്ള അനവധി വ്യവസായ സ്ഥാപനങ്ങൾക്ക് ഈ പ്രതിസന്ധി മറികടക്കാൻ സഹായം നൽകേണ്ടി വരും. ഈ പ്രതിസന്ധി കഴിഞ്ഞ ശേഷം നമ്മുടെ ആരോ​ഗ്യമേഖലയുടെ അടക്കം ​മികവ് അടിസ്ഥാനമാക്കി വലിയ തോതിൽ പ്രചാരണം നടത്തേണ്ടി വരും.

കേരളത്തിലെ പൊതുആരോ​ഗ്യസംവിധാനങ്ങളിലേത് പോലെയല്ല കാസർകോട്. അവിടം അൽപം പിന്നോക്കമാണ്. അവിടെ കാര്യമായ മാറ്റങ്ങൾ കൊണ്ടു വരാൻ സർക്കാർ  ശ്രമിക്കയാണ്. എയിംസ് പോലെയുള്ള സ്ഥാപനങ്ങൾ എല്ലാവർക്കും എത്തിച്ചേരാൻ പറ്റിയ സ്ഥലത്താണ് വേണ്ടത്. കാസർകോട്ട് എയിംസ് നിലവാരത്തിലുള്ള ഒരു ആശുപത്രി വരും. താലൂക്കാശുപത്രികളും പ്രാഥമികാരോ​ഗ്യകേന്ദ്രങ്ങളും ഉന്നത നിലവാരത്തിൽ ഉയർത്തും. ഈ പ്രതിസന്ധി നമ്മുക്കൊരു പാഠമാണ് എന്ന ജിജി തോംസണിന്റെ അഭിപ്രായം നൂറു ശതമാനം ശരിയാണ്. ഈ പാഠം ഉൾക്കൊണ്ട് നാം മുന്നോട്ട് പോകും. 

LEAVE A REPLY

Please enter your comment!
Please enter your name here