ന്യൂദല്‍ഹി: (www.mediavisionnews.in) രാജ്യത്ത് കൊവിഡ് വ്യാപനം തുടരുന്ന സാഹചര്യത്തില്‍ ലോക്ഡൗണ്‍ നീട്ടണമോ എന്ന കാര്യത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് മുഖ്യമന്ത്രിമാരുമായി വീഡിയോ കോണ്‍ഫറന്‍സിംഗ് മുഖേന ചര്‍ച്ച നടത്തും. ദല്‍ഹി,മഹാരാഷ്ട്ര, ഒഡീഷ, മധ്യപ്രദേശ്, പഞ്ചാബ്, പശ്ചിമ ബംഗാള്‍, എന്നീ സംസ്ഥാനങ്ങള്‍ ലോക്ഡൗണ്‍ നീട്ടണമെന്നാണ് ആവശ്യപ്പെട്ടിരിക്കുന്നത്. ലോക്ഡൗണ്‍ പിന്‍വലിക്കുന്നതില്‍ കേന്ദ്രം തീരുമാനമെടുക്കട്ടെ എന്നാണ് കേരളത്തിന്റെ നിലപാട്. ഒപ്പം കര്‍ണാടക, തമിഴ്‌നാട്, ആന്ധ്ര പ്രദേശ് എന്നിവയുള്‍പ്പെടെ ആറ് സംസ്ഥാനങ്ങള്‍ കേന്ദ്ര തീരുമാനം അംഗീകരിക്കും എന്ന നിലപാടിലാണ്.
നിലവില്‍ തെലുങ്കാന മെയ് ഏഴ് വരെ ലോക്ഡൗണ്‍ നിട്ടീയിട്ടുണ്ട്. ലോക്ഡൗണ്‍ പിന്‍വലിക്കണമെന്നാണ് ഛത്തീസ് ഘട്ടിന്റെ ആവശ്യം.
തിങ്കളാഴ്ചത്തെ ചര്‍ച്ചയില്‍ ഒമ്പത് സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരാണ് പ്രധാനമന്ത്രിയുമായി സംസാരിക്കുക എന്നാണ് സൂചന. ബിഹാര്‍,ഒഡീഷ, ഗുജറാത്ത്, ഹരിയാന, ഉത്തരാഖണ്ഡ്, ഹിമാചല്‍ പ്രദേശ്, മിസോറാം, മണിപ്പൂര്‍, സംസ്ഥാനങ്ങള്‍ക്കും കേന്ദ്ര ഭരണ പ്രദേശമായ പുതുച്ചേരിയുമായിരിക്കും ചര്‍ച്ച നടത്തുക. ഇവര്‍ക്ക് നേരത്തെ രണ്ടു തവണ അവസരം ലഭിച്ചിരുന്നില്ല. രോഗവ്യാപനം, പ്രതിരോധ നടപടികള്‍ തുടങ്ങിയ കാര്യങ്ങളും ചര്‍ച്ചയാവും. ഒപ്പം സാമ്പത്തിക പാക്കേജ് ഉള്‍പ്പെടെയുള്ള ആവശ്യങ്ങള്‍ സംസ്ഥാനങ്ങളും ഉന്നയിക്കും.
രാജ്യത്തെ 13 നഗരങ്ങളില്‍ രോഗ വ്യാപനം ശക്തമാവുമെന്നാണ് ആരോഗ്യമന്ത്രാലയത്തിന്റെ വിലയിരുത്തല്‍. മുംബൈ, അഹമ്മദാബാദ്, ഇന്ദോര്‍, പൂണെ, ജയ്പൂര്‍ , ഹൈദരാബാദ്, താനെ, സൂറത്ത്, ചെന്നൈ, ഭോപ്പാല്‍, ആഗ്ര, ജോധ്പൂര്‍ , ദല്‍ഹി എന്നീ നഗരങ്ങളിലാണ് രോഗബാധ തീവ്രമായിരിക്കുന്നത്.