ലോക്ക് ഡൗണ്‍ ലംഘിച്ചതിന് പിടിച്ചെടുത്ത വാഹനങ്ങള്‍ വിട്ടുനല്‍കുന്നത് വൈകിയേക്കും, തീരുമാനം തിങ്കളാഴ്ചയോടെ

0
182

തിരുവനന്തപുരം: (www.mediavisionnews.in) ലോക്ക്ഡൗണ്‍ ലംഘനത്തിന് പൊലീസ് പിടിച്ചെടുത്ത വാഹനങ്ങള്‍ വിട്ടു നല്‍കുന്നത് വൈകും. ഇതുസംബന്ധിച്ച്‌ ഒാര്‍ഡിനന്‍സില്‍ ഭേദഗതിവേണമെന്ന് ഡി.ജി.പി സര്‍ക്കാരിന് ശുപാര്‍ശ നല്‍കിയിട്ടുണ്ട്. തിങ്കളാഴ്ച മുതല്‍ വാഹനങ്ങള്‍ പിഴയീടാക്കി വിട്ടുനല്‍കുമെന്നാണ് നേരത്തേ പറഞ്ഞിരുന്നത്. എന്നാല്‍ ഇതിന് ചില നിയമ പ്രശ്നങ്ങള്‍ ഉള്ളതുമൂലമാണ് വാഹനങ്ങള്‍ വിട്ടുനല്‍കാന്‍ വൈകുന്നത്.

പകര്‍ച്ചവ്യാധി നിയന്ത്രണ ഒാര്‍ഡിനന്‍സ് പ്രകാരമാണ് വാഹനങ്ങള്‍ പിടിച്ചെടുത്തത്. എന്നാല്‍ ഇൗ ഒാര്‍ഡിനന്‍സ് പ്രകാരം വാഹനം പിടിച്ചെടുക്കാന്‍ അധികാരമില്ലെന്നും വാഹന ഉടമയ്ക്കെതിരെ കേസെടുക്കാന്‍ മാത്രമേ അധികാരമുള്ളൂ എന്നുമാണ് നിയമോപദേശം. ഇതു പരിഹരിക്കാനാണ് ഒാര്‍ഡിനന്‍സില്‍ ഭേദഗതിവേണമെന്ന് ശുപാര്‍ശ നല്‍കിയത്. അതേസമയം ചില ഉപാധികളോടെ വാഹനങ്ങള്‍ വിട്ടുനല്‍കാന്‍ ആലോചനയുണ്ടെന്നും റിപ്പോര്‍ട്ടുണ്ട്. ഇതിനായി വാഹന ഉടമയില്‍ നിന്ന് സമ്മതപത്രം എഴുതിവാങ്ങും. തിങ്കളാഴ്ചയോടെ ഇക്കാര്യത്തില്‍ വ്യക്തത വരുമെന്നാണ് അധികൃതര്‍ പറയുന്നത്.

സംസ്ഥാനത്താകെ ഇരുപത്തിമൂവായിരത്തിലധികം വാഹനങ്ങളാണ് പൊലീസ് പിടിച്ചെടുത്തത്. ഇതില്‍ ഏറെയും ഇരുചക്രവാഹനങ്ങളാണ്. വാഹനങ്ങള്‍ സൂക്ഷിക്കുന്നത് തലവേദനയായതോടെയാണ് ഇവ വിട്ടുനല്‍കാന്‍ തീരുമാനിച്ചത്.

LEAVE A REPLY

Please enter your comment!
Please enter your name here