മഞ്ചേശ്വരം (www.mediavisionnews.in) : ലോക്ക് ഡൗണ്‍ നിയമം ലംഘിക്കുന്നവര്‍ക്കെതിരെ കുമ്പള, മഞ്ചേശ്വരം പൊലീസും നടപടി കര്‍ശനമാക്കി. ഇരുചക്രവാഹനങ്ങടക്കം ഇരു പൊലീസ് സ്റ്റേഷനുകളിലായി 180 വാഹനങ്ങള്‍ പിടികൂടി. കുമ്പള പൊലീസ് 100 വാഹനങ്ങളും മഞ്ചേശ്വരം പൊലീസ് 80 വാഹനങ്ങളുമാണ് പിടികൂടിയത്. മഞ്ചേശ്വരം സ്റ്റേഷന്‍ ഹൗസ് ഓഫിസര്‍ പി. അനൂപ് കുമാറിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് ലോക്ക് ഡൗണ്‍ നിയമം പാലിക്കാതെ റോഡിലിറങ്ങിയ 80 വാഹനങ്ങള്‍ പിടിച്ചത്.
ബായാര്‍, പൈവളിഗെ, തലപ്പാടി, മഞ്ചേശ്വരം എന്നിവിടങ്ങളില്‍ നിന്നാണ് ഏറ്റവും കൂടുതല്‍ വാഹങ്ങള്‍ മഞ്ചേശ്വരം പൊലിസ് പിടിച്ചത്. പിടികൂടിയ വാഹനങ്ങളില്‍ അഞ്ച് കാറുകളും ഉള്‍പ്പെടുന്നു.
കുമ്പള എസ്.ഐ. എ. സന്തോഷ് കുമാറും സംഘവും നടത്തിയ പരിശോധനയില്‍ ഏഴ് കാറുകളടക്കം നിയമം ലംഘിച്ച് ഓടിയ 100 വാഹനങ്ങള്‍ പിടിച്ചെടുത്തു. പെര്‍മുദെ, ബന്തിയോട്, സീതാംഗോളി എന്നിവിടങ്ങളില്‍ നിന്നാണ് ഏറെയും വാഹനങ്ങള്‍ പിടികൂടിയത്.
പൊലീസിനെ പറ്റിച്ച് രക്ഷപ്പെടാന്‍ ശ്രമിച്ച വാഹനങ്ങളും രാത്രി കാലങ്ങളില്‍ റോഡിലിറങ്ങിയ വാഹനങ്ങളുമാണ് ഏറെയും കുടുങ്ങിയത്. പിടികൂടിയതില്‍ പല ഇരുചക്രവാഹനങ്ങള്‍ക്കും നമ്പര്‍ പ്ലേറ്റുകള്‍ പോലും ഇല്ലെന്ന് പൊലീസ് പറഞ്ഞു. വാഹനങ്ങള്‍ ഓടിച്ചവര്‍ക്കും ആര്‍.സി. ഉടമകള്‍ക്കും കര്‍ശന നടപടി ഉണ്ടാകുമെന്ന് പൊലീസ് പറഞ്ഞു. അടുത്ത ദിവസങ്ങളില്‍ വാഹന പരിശോധന കര്‍ശനമാക്കുമെന്നാണ് പൊലീസ് പറയുന്നത്.