ബംഗളൂരു: ലോക്ക്ഡൗണില്‍ ഏപ്രില്‍ 20നു ശേഷം ഇളവുകള്‍ പ്രഖ്യാപിച്ച് കര്‍ണാടക. മുതിര്‍ന്ന മന്ത്രിമാരുടെ യോഗത്തിലാണ് തീരുമാനം. കഴിഞ്ഞ 28 ദിവസങ്ങളില്‍ പുതിയ കൊവിഡ് കേസുകള്‍ റിപോര്‍ട്ട് ചെയ്യപ്പെട്ട പ്രദേശങ്ങള്‍ തിരിച്ചറിയാനും മറ്റു മേഖലകളില്‍ നിയന്ത്രണങ്ങളോടെ ഇളവുകള്‍ അനുവദിക്കാനും സര്‍ക്കാര്‍ തീരുമാനിച്ചു. നിയന്ത്രണങ്ങള്‍ മെയ് മൂന്ന് വരെ തുടരും.
നിയന്ത്രണങ്ങള്‍ തുടരുന്ന മേഖലയ്ക്ക് പുറത്ത് ഇരുചക്ര വാഹനങ്ങളും ചരക്ക് വാഹനങ്ങളും അനുവദിക്കും. പാസുകളുള്ള കാറുകളും അനുവദിക്കും. എന്നാല്‍ കാറുകള്‍ക്ക് പുതിയ പാസുകള്‍ നല്‍കില്ല.
ഇന്‍ഫര്‍മേഷന്‍ ടെക്നോളജി, ബയോടെക്നോളജി കമ്ബനികളിലെ ജീവനക്കാരെ വീട്ടില്‍ നിന്ന് ജോലി ചെയ്യാന്‍ സര്‍ക്കാര്‍ നിര്‍ദ്ദേശിച്ചിട്ടുണ്ടെങ്കിലും മൊത്തം ജീവനക്കാരില്‍ മൂന്നിലൊന്ന് പേര്‍ക്ക് ഓഫീസുകളില്‍ എത്താന്‍ അനുവാദം നല്‍കും.
അതുപോലെ, സര്‍ക്കാര്‍ വകുപ്പുകളിലെ ജീവനക്കാരില്‍ 33 ശതമാനം പേര്‍ക്കും പ്രത്യേക ബസുകളില്‍ ഓഫീസില്‍ എത്താന്‍ അനുവാദമുണ്ട്.
നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ അനുവദിക്കില്ലെങ്കിലും തൊഴിലാളികള്‍ക്ക് നിര്‍മാണ സ്ഥലങ്ങളില്‍ താമസിക്കാം. പുതിയ കടകളൊന്നും തുറക്കാന്‍ അനുവദിക്കില്ല. മാളുകളും ഷോറൂമുകളും അടച്ചിരിക്കും. കൂടാതെ, അന്തര്‍ ജില്ലാ യാത്രയും അനുവദിക്കില്ല.