റായ്പൂര്‍ (www.mediavisionnews.in): കൊറോണ വെെറസ് വ്യാപനം തടയുന്നതിന് പ്രഖ്യാപിച്ച ലോക്ക്ഡൗണിനിടെ ജനിച്ച ഇരട്ടക്കുട്ടികള്‍ക്ക് കൊറോണ, കോവിഡ് എന്നി പേരുകള്‍ നല്‍കി മാതാപിതാക്കള്‍. ഛത്തീസ്ഗഡിലെ റായ്പൂരിലാണ് സംഭവം. മാര്‍ച്ച് 26നും 27നും ഇടയിലുളള രാത്രിയിലാണ് പ്രസവം നടന്നത്. ലോക്ക്ഡൗണിനിടെ നേരിട്ട ബുദ്ധിമുട്ടുകളും പ്രയാസങ്ങളും മറികടന്ന് സുഖപ്രസവം നടന്നതിന്റെ ഓര്‍മ്മയ്ക്കായാണ് ജനിച്ച പെണ്‍കുഞ്ഞിനും ആണ്‍കുഞ്ഞിനും കൊറോണ, കോവിഡ് എന്നി പേരുകള്‍ നല്‍കിയതെന്ന് മാതാപിതാക്കള്‍ പറയുന്നു.
നിരവധി പ്രതിസന്ധികള്‍ നേരിട്ടെങ്കിലും എല്ലാം നല്ലനിലയില്‍ കലാശിച്ചെന്ന് ഇരട്ടക്കുട്ടികളുടെ അമ്മയായ പ്രീതി വര്‍മ്മ പറയുന്നു. കൊറോണ വൈറസ് അപകടകാരിയാണ്. ജീവന് തന്നെ ഭീഷണിയാണ്. എങ്കിലും വ്യക്തിശുചിത്വം ഉള്‍പ്പെടെ നല്ല ശീലങ്ങള്‍ ജനങ്ങളുടെ മനസില്‍ പതിയാന്‍ കോവിഡ് ബാധ ഇടയാക്കിയതായി പ്രീതി പറയുന്നു. അതുകൊണ്ട് കൂടിയാണ് ഇരട്ടക്കുട്ടികള്‍ക്ക് കൊറോണയെന്നും കോവിഡെന്നും പേരു നല്‍കാനുളള അസാധാരണ തീരുമാനം എടുത്തതെന്നും പ്രീതി വര്‍മ്മ പറയുന്നു. എങ്കിലും ഭാവിയില്‍ കുട്ടികളുടെ പേരുമാറ്റുന്നതിനെ കുറിച്ച് ചിന്തിച്ചു കൂടായെന്നില്ലെന്നും മാതാപിതാക്കള്‍ പറയുന്നു.
26-നാണ് പ്രീതിയ്ക്ക് പ്രസവ വേദന അനുഭവപ്പെട്ടത്. തുടര്‍ന്ന് ആംബുലന്‍സിലാണ് ഇവരെ ആശുപത്രിയില്‍ എത്തിച്ചത്. ആശുപത്രിയിലേക്ക് പോകുന്നതിനിടെ, നിരവധിയിടങ്ങളില്‍ പൊലീസ് വാഹനം തടഞ്ഞുവെങ്കിലും സ്ഥിതി മനസിലാക്കിയ അവര്‍ വാഹനം പോകാന്‍ അനുവദിച്ചു. ആശുപത്രിയില്‍ ഡോക്ടര്‍മാരും നഴ്‌സുമാരും സഹകരിച്ചതായും പ്രീതി വര്‍മ്മ പറയുന്നു. ഡോ ബി ആര്‍ അംബേദ്കര്‍ മെമ്മോറിയല്‍ ആശുപത്രിയിലാണ് കുട്ടികള്‍ ജനിച്ചത്.