തിരുവനന്തപുരം (www.mediavisionnews.in) : ഒരിടവേളയ്ക്ക് ശേഷം നിയന്ത്രണങ്ങളോടെ മൊബൈൽ ഷോപ്പുകളും വർക്ക് ഷോപ്പുകളും തുറന്നപ്പോൾ നിരവധി പേരാണ് വിവിധ ആവശ്യങ്ങൾക്കായി എത്തിയത്.മൊബൈൽഫോൺ കടകളിൽ എത്തിയതിൽ അധികവും ഡിസ്പ്ലേയുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ. ഇലക്ട്രിക്കൽ കടകളിലാകട്ടെ റിമോട്ടിനായിരുന്നു ഏറ്റവും ഡിമാൻഡ്.
മൊബൈൽ ഫോൺ വിൽപ്പനയും സർവീസിംഗും ഇലക്ട്രിക്കൽ കടകളുംഏറെയുള്ള തിരുവനന്തപുരം നഗരഹൃദയത്തിലെ തകരപറമ്പിൽ ഇന്ന് കടകൾ തുറക്കും മുൻപ് തന്നെ കസ്റ്റമേഴ്സിന്റെ തിരക്കായിരുന്നു.ലോക്ക്ഡൗൺ കാലത്തെ നിരന്തര ഉപയോഗം കാരണമാവാം മൊബൈൽ ഫോണുകൾക്കും ഇലക്ട്രിക്കൽ ഉൽപ്പന്നങ്ങൾക്കും കേടുപാടുകളുമായെത്തിയവർ നിരവധി. കേടായ മൊബൈൽ ഫോണുകൾക്ക് സർവീസ് സൗജന്യമെന്ന ഓഫറുമുണ്ട്.
കൊവിഡ് കാലത്ത് സേവനം നടത്തിയ പോലീസ് ഫയർഫോഴ്സ് ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥർക്കാണ് സർവീസ് സൗജന്യം. മൊബൈൽ ഫോൺ വ്യാപാര സമിതിയാണ് ഓഫറുമായെത്തിയിട്ടുളളത്.ഇലക്ട്രിക് കടകൾ തുറന്ന ആദ്യ മണിക്കൂറിൽ തന്നെ വിറ്റുപോയതിൽ അധികവും റിമോട്ടുകളാണെന്ന് തകരപറമ്പിലെ ഇലക്ട്രിക്കൽസ് കട ഉടമ രാജഗോപാലൻ നായർ പറയുന്നു.
കട തുറന്ന് ഒരു മണിക്കൂറിനുളളിൽ പത്തിലധികം റിമോട്ടുകൾ വിറ്റുപോയി.മാർഗ്ഗ നിർദ്ദേശങ്ങൾ പാലിക്കുന്നുണ്ടോ എന്ന് പരിശോധിക്കാൻ പോലീസ് നിരീക്ഷണവും ശക്തമാണ്. മാസ്ക് ധരിച്ച വ്യാപാരികൾ കടയിലെത്തുന്ന ഉപയോക്താക്കൾക്ക് സാനിറ്റൈസർ അടക്കം നൽകുന്നു.കടകളിൽ രണ്ട് ജീവനക്കാരിൽ അധികം നിൽക്കാൻ പാടില്ല. രാവിലെ പത്തുമുതൽ വൈകിട്ട് അഞ്ചുവരെയാണ് നിയന്ത്രണങ്ങളോടെ കട തുറക്കാൻ ഉള്ള അനുമതി.
വർക് ഷോപ്പുകളിൽ കൂടുതലായി എത്തിയത് വിവിധ സർക്കാർ വകുപ്പുകളിലെ വാഹനങ്ങൾളാണ്.വിവിധ ഗ്രേഡുകളായി തിരിച്ചാണ് വർക് ഷോപ്പുകൾക്കുളള നിയന്ത്രണം. എന്നാൽ കടകളിലേക്ക് പോയ പലരെയും പോലീസ് തടഞ്ഞു മടക്കി അയച്ചെന്ന പരാതികളും നിരവധിയാണ്.