ഉപ്പള: (www.mediavisionnews.in) അതിർത്തികൾ കൊട്ടിയടച്ച് കർണാടക സർക്കാർ കേരളത്തിൽ നിന്നുള്ളവർക്ക് ചികിത്സ നിഷേധം തുടരുന്നതിനിടെ കർണാടകയിലെ മംഗളൂരുവിലെയും സമീപ പ്രദേശങ്ങളിലെയും രോഗികൾക്ക് കേരളത്തിൽ നിന്നും മരുന്നുകളെത്തിച്ച് വേറിട്ടൊരു മാതൃക.
മുസ്ലിം യൂത്ത് ലീഗ് വൈറ്റ്ഗാർഡ് മെഡിചെയിനും മെസ്റ്റും (മുസ്ലിം ലീഗ് എമർജൻസി സർവീസ് ടീം) ചേർന്ന് സംയുക്തമാണ് മരുന്നുകൾ എത്തിച്ചു നൽകുന്നത്.
കോഴിക്കോട്, കോട്ടക്കൽ, നാദാപുരം എന്നിവിടങ്ങളിൽ നിന്നാണ് മംഗളൂരുവിലേക്ക് മരുന്നുകൾ കൊണ്ടു പോകുന്നത്. കോട്ടക്കൽ ആര്യവൈദ്യശാലയിൽ നിന്നുള്ള ആയൂർവേദ മരുന്നുകളാണ് ഇതിൽ പ്രധാനം. ഇത്തരം ആയൂർവേദ മരുന്നുകൾ കർണാടകയിൽ ലഭ്യമല്ലാത്തതിനാലാൽ മുസ്ലിം യൂത്ത് ലീഗ് ദക്ഷിണ കർണാടക ഘടകം മഞ്ചേശ്വരത്തെ വൈറ്റ് ഗാർഡിനെ ബന്ധപ്പെടുകയായിരുന്നു.
കോഴിക്കോട് നിന്ന് മെഡിചെയിനും വഴി കാസർകോട്ട് കൊണ്ടുവന്ന മരുന്നുകൾ ശിഹാബ് തങ്ങൾ മെമ്മോറിയൽ ആംബുലൻസ് ഡ്രൈവർ റിയാസ്, മഞ്ചേശ്വരത്ത് എത്തിക്കുകയും മഞ്ചേശ്വരത്ത് നിന്ന് യൂത്ത് ലീഗ് മഞ്ചേശ്വരം മണ്ഡലം പ്രസിഡന്റ് എ. മുക്താറും, വൈറ്റ് ഗാൾഡ് ടീം ക്യാപ്റ്റൻ സിദ്ധീഖ് എന്നിവർ ചേർന്ന് തലപ്പാടിയിൽ എത്തിക്കുകയായിന്നു. തുടർന്ന് തലപ്പാടിയിൽ നിന്നും ദക്ഷിണ കർണാടക യൂത്ത് ലീഗ് ഭാരവാഹികളായ സയ്യിദ് അഫ്താം അലി തങ്ങൾ, ഷബീർ അബ്ബാസ്, ഹൈദർ സുള്ള്യ, നൗഷാദ് ദേർളകട്ട എന്നിവർ ചേർന്ന് മരുന്നുകൾ ഏറ്റുവാങ്ങി ആവശ്യക്കാർക്ക് എത്തിച്ചു നൽകുകയാണ് ചെയ്യുന്നത്.
മംഗളൂരു നഗരത്തിൽ നിന്നും ഏറെ ദൂരമുള്ള നാല് കേന്ദ്രങ്ങളിലേക്കാണ് കഴിഞ്ഞ ദിവസം മരുന്നുകൾ കൊണ്ടുപോയത്. മംഗളൂരുവിലെ വിവിധ ഭാഗങ്ങൾ കേന്ദ്രീകരിച്ച് അവശ്യമരുന്നുകൾ എത്തിച്ചു നൽകുന്നതിന് നേതൃത്വം നൽകി വരുന്നത് ദക്ഷിണ കർണാടക യൂത്ത് ലീഗ് കമ്മിറ്റി ഭാരവാഹികൾ തന്നെയാണ്.
കർണാടക സർക്കാർ മരുന്ന് നൽകാതെ കേരളീയരെ ദ്രോഹിക്കുമ്പോൾ മെഡിചെയിൻ വഴി കർണാടകത്തിലെ രോഗികൾക്ക് മരുന്നുകൾ എത്തിച്ചു നൽകി യൂത്ത് ലീഗ് മെഡിചെയിൻ മാതൃകയാവുകയാണ്.