ന്യൂദല്‍ഹി: മത സ്വാതന്ത്ര്യ ലംഘനങ്ങളുടെ കാര്യത്തില്‍ പ്രത്യേകം പരിഗണിക്കേണ്ട രാജ്യമാണ് ഇന്ത്യയെന്ന് യു.എസ് കമ്മീഷന്‍ ഓണ്‍ ഇന്റര്‍നാഷണല്‍ റിലീജിയസ് ഫ്രീഡം റിപ്പോര്‍ട്ട്. നിരന്തരം മത സ്വാതന്ത്ര്യ ലംഘനങ്ങള്‍ അരങ്ങേറുന്ന രാജ്യമാണ് ഇന്ത്യയെന്നാണ് കമ്മീഷന്റെ റിപ്പോര്‍ട്ട്.
കേന്ദ്ര സര്‍ക്കാര്‍ ന്യൂനപക്ഷങ്ങള്‍ക്കെതിരായ അതിക്രമങ്ങള്‍ അനുവദിച്ചു എന്നും വിദ്വേഷ പ്രചാരണത്തിലും അക്രമത്തിന് പ്രേരിപ്പിക്കുന്നതിലും ഏര്‍പ്പെടുകയും ചെയ്യുന്നു എന്നടക്കമുള്ള പരാമര്‍ശങ്ങളാണ് റിപ്പോര്‍ട്ടില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.
അതിക്രമങ്ങളില്‍ ഉത്തരവാദികളായ കേന്ദ്രസര്‍ക്കാര്‍ ഏജന്‍സികളെയും ഉദ്യോഗസ്ഥരെയും അമേരിക്കയില്‍ പ്രവേശിക്കുന്നതില്‍നിന്ന് ഉപരോധം ഏര്‍പ്പെടുത്തണമെന്നും റിപ്പോര്‍ട്ടില്‍ പരാമര്‍ശിച്ചിട്ടുണ്ട്.
പൗരത്വ ഭേദഗതി നിയമത്തെക്കുറിച്ചും ദേശീയ പൗരത്വ പട്ടികയെക്കുറിച്ചും റിപ്പോര്‍ട്ടില്‍ പരാമര്‍ശിച്ചിട്ടുണ്ട്. രാജ്യ വ്യാപകമായി പൗരത്വ പട്ടിക തയ്യാറാക്കാനാണ് ബി.ജെ.പി ശ്രമിക്കുന്നതെന്നും മുസ്‌ലിങ്ങള്‍ക്കെതിരെ രൂക്ഷ ആക്രമണങ്ങള്‍ നടത്തുകയാണെന്നും റിപ്പോര്‍ട്ട് വ്യക്തമാവുന്നു.
കഴിഞ്ഞ 15 വര്‍ഷത്തിനിടയ്ക്ക് ആദ്യമായാണ് ഇന്ത്യയെ പ്രത്യേക പരിഗണനയുള്ള രാജ്യമായി പ്രഖ്യാപിക്കുന്നത്. കഴിഞ്ഞ രണ്ടു വര്‍ഷമായി മത സ്വാതന്ത്ര്യ ലംഘനങ്ങളുടെ പേരില്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു.