കാസർകോട്: (www.mediavisionnews.in) അത്യാസന്ന നിലയിലുള്ള രോഗികളെ കടത്തി വിടാത്ത കർണാടക അതിർത്തിയിൽ മംഗളൂരുവിലെ ആശുപത്രികളിൽ ചികിത്സയിലുള്ളവരെ നിർബന്ധിച്ചു ഡിസ്ചാർജ് ചെയ്യുന്നു. മംഗളൂരുവിലെ വിവിധ ആശുപത്രികളിൽ ദിവസങ്ങളായി ചികിത്സയിലുള്ളവരെയാണ് നഴ്സുമാർ ഉൾപ്പെടെയുള്ളവർ മാനസികമായി പീഡിപ്പിച്ചു ഡിസ്ചാർജ് ചെയ്യിപ്പിക്കുന്നത്.
വീണു നട്ടെല്ലിനു പരുക്കേറ്റ് മംഗളൂരുവിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്ന ചെറുവത്തൂരിലെ 65 വയസുകാരനെ കഴിഞ്ഞ ദിവസം ആശുപത്രിയിൽ നിന്നു നിർബന്ധിച്ച് ഡിസ്ചാർജ് ചെയ്തു. വീഴ്ചയിൽ നട്ടെല്ലിനു തലയ്ക്കും സാരമായി പരുക്കേറ്റിരുന്നു. മാർച്ച് 10നായിരുന്നു ഇവർ ആശുപത്രിയിൽ ചികിത്സയ്ക്കെത്തിയത്. 2 ദിവസം കഴിഞ്ഞപ്പോൾ തലയുടെ മുറിവിൽ ശസ്ത്രക്രിയ നടത്തി. നട്ടെല്ലിനു പിന്നിട് ശസ്ത്രക്രിയ നടത്താനായിരുന്നു നിശ്ചയിച്ചത്.
കഴിഞ്ഞ ഒരാഴ്ച മുൻപ് ഡിസ്ചാർജ് ആവശ്യപ്പെടണമെന്ന് രോഗിയുടെ ഭാര്യയോട് ജീവനക്കാർ ആവശ്യപ്പെടുകയായിരുന്നു. നട്ടല്ലിനു ഓപ്പറേഷൻ പിന്നീട് ചെയ്യാമെന്നും ഇപ്പോൾ പോകണമെന്നുമായിരുന്നു ആവശ്യം. പരസഹായമില്ലാതെ കിടപ്പിലായ ആളെ ഈ നിലയിൽ വീട്ടിലേക്കു കൊണ്ടു പോയാൽ എന്തു ചെയ്യുമെന്ന് രോഗിയുടെ ഭാര്യ ആശുപത്രി അധികൃതരോട് ചോദിച്ചുവെങ്കിലും അനുകൂല നടപടിയുണ്ടായില്ല.
ഡോക്ടർ വിടുതൽ എഴുതി നൽകിയില്ലെങ്കിലും ആശുപത്രി അധികൃതർ നിർബന്ധിച്ച് ഡിസ്ചാർജ് രേഖ തയാറാക്കുകയായിരുന്നുവെന്നും ഇംഗ്ലിഷിലുള്ള രേഖകളിൽ നിർബന്ധിപ്പിച്ച് ഒപ്പിടിക്കുകയും ചെയ്തുവെന്ന് ഇവർ പരാതിപ്പെട്ടു. ശേഷം ആശുപത്രിയിൽ നിന്നു ആംബുലൻസിൽ കയറ്റി അതിർത്തിയായ തലപ്പാടിയിൽ എത്തിക്കുകയായിരുന്നു. അവിടെ നിന്നു ചെറുവത്തൂരിൽ നിന്നെത്തിച്ച ആംബുലൻസിൽ കയറ്റി അയക്കുകയായിരുന്നു. ഇതേ രീതിയിൽ പല രോഗികളെയും നിർബന്ധിച്ച് വിടുതൽ ചെയ്യുകയാണ് മംഗളൂരു ആശുപത്രി അധികൃതരെന്ന് പരാതിയുണ്ട്.