ബോറടി മാറ്റാന്‍ ചീട്ടുകളിച്ചു; ഒറ്റയടിക്ക് കൊറോണ പകര്‍ന്നത് 24 പേര്‍ക്ക്

0
194

അമരാവതി: (www.mediavisionnews.in) ലോറി ഡ്രൈവര്‍മാര്‍ ചീട്ട് കളിയില്‍ ഏര്‍പ്പെട്ടതിനെ തുടര്‍ന്ന് കോവിഡ് പകര്‍ന്നത് 24 പേര്‍ക്ക്. ആന്ധ്രാപ്രദേശിലെ വിജയവാഡയ്ക്ക് അടുത്താണ് ഒരുകൂട്ടം ആള്‍ക്കാര്‍ക്ക് ഒറ്റയടിക്ക് കൊറോണ വൈറസ് ബാധിച്ചത്. വിജയവാഡയ്ക്കടുത്ത് മറ്റൊരു പ്രദേശത്തും സമാനമായ സംഭവത്തില്‍ 15 പേര്‍ക്കും ഒറ്റയടിക്ക് വൈറസ് ബാധയുണ്ടായതായി കൃഷ്ണ ജില്ലാ കളക്ടര്‍ എ. മുഹമ്മദ് ഇംതിയാസ് പറഞ്ഞു.

കൃഷ്ണലങ്കയിലാണ് ആദ്യ സംഭവമുണ്ടായത്. വെറുതെയിരിക്കുമ്പോള്‍ നേരംപോക്കുന്നതിനുവേണ്ടിയാണ് ലോറി ഡ്രൈവര്‍ സുഹൃത്തുക്കളെയും അയല്‍ക്കാരെയുമെല്ലാം കൂട്ടി ചീട്ടുകളിയില്‍ ഏര്‍പ്പെട്ടത്. 24 പേരുണ്ടായിരുന്ന സംഘത്തില്‍ എല്ലാവര്‍ക്കും വൈറസ് ബാധയുണ്ടായി.

ഇതിനു സമാനമായ സംഭവമാണ് കര്‍മികനഗറിലും ഉണ്ടായത്. കൊറോണ വൈറസ് ബാധയുണ്ടായിരുന്ന ലോറി ഡ്രൈവര്‍ ലോക്ക്ഡൗണ്‍ ലംഘിച്ച് ജനങ്ങളുമായി ഇടപഴകിയതിനെ തുടര്‍ന്ന് 15 പേര്‍ക്കാണ് വൈറസ് പകര്‍ന്നത്. രണ്ടു സംഭവത്തിലുമായി ഏതാനും ദിവസങ്ങള്‍ക്കിടയില്‍ 40 ഓളം പേര്‍ക്കാണ് വൈറസ് ബാധിച്ചതെന്ന് കളക്ടര്‍ പറഞ്ഞു. സാമൂഹ്യ അകലം പാലിക്കാനുള്ള നിര്‍ദേശം അനുസരിക്കാതിരുന്നതാണ് രണ്ടു സംഭവത്തിലേയ്ക്കും നയിച്ചതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

ആന്ധ്രാപ്രദേശിലെ പ്രധാനപ്പെട്ട കോവിഡ് ഹോട്ട് സ്‌പോട്ട് ആണ് വിജയവാഡ. 100ല്‍ അധികം കേസുകളാണ് ഇവിടെ ഇതുവരെ രജിസ്റ്റര്‍ ചെയ്യപ്പെട്ടിരിക്കുന്നത്. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 25 പുതിയ കൊറോണ വൈറസ് ബാധ ഇവിടെ സ്ഥിരീകരിച്ചിട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here