മലയിന്‍കീഴ്: കൊവിഡ് കാലത്ത് കേരള ജനതയുടെ ക്ഷമ ഏറ്റവും കൂടുതല്‍ പരീക്ഷിച്ചവര്‍ ഒരുപക്ഷേ അന്യ സംസ്ഥാന തൊഴിലാളികളായിരിക്കും. സംസ്ഥാനം മുഴുവന്‍ വീട്ടിലിരിക്കുമ്ബോള്‍ കൂട്ടത്തോടെ ഇവര്‍ നാട്ടില്‍പോകണമെന്ന് ആവശ്യപ്പെട്ട് തടിച്ചുകൂടിയതും, നോണ്‍ വെജ് ഇല്ലാത്തതിനാല്‍ ഭക്ഷണ പൊതി കളഞ്ഞതുമൊക്കെ നമ്മള്‍ കണ്ടതാണ്. ഇപ്പോഴിതാ ഒരാഴ്ചയായി പട്ടിണിയാണെന്ന വ്യാജ സന്ദേശമയച്ച് ഉദ്യോഗസ്ഥരെ ബുദ്ധിമുട്ടിച്ചിരിക്കുകയാണ് വിളവൂര്‍ക്കല്‍ കുരുശുമുട്ടം വാര്‍ഡിലെ പള്ളിമുക്ക് സുകൃതം ലൈനില്‍ താമസിക്കുന്ന 15 കെട്ടിട നിര്‍മാണ തൊഴിലാളികള്‍.
കൊവിഡിനെ തുരത്താന്‍ അധികൃതര്‍ നെട്ടോട്ടമോടുന്നതിനിടയിലാണ് കളക്ടറുടെ ഓഫീസിലേക്ക് ഒരാഴ്ചയായി പട്ടിണിയാണെന്നും പറഞ്ഞുള്ള പരാതി എത്തിയത്. പരിശോധനയ്ക്ക് എത്തിയ അധികൃതര്‍ അക്ഷരാര്‍ത്ഥത്തില്‍ ഞെട്ടി. ചോറും ചിക്കന്‍ കറിയും മുട്ടയും കഴിക്കുന്ന അന്യ സംസ്ഥാന തൊഴിലാളികളെയാണ് അവര്‍ക്ക് കാണാന്‍ കഴിഞ്ഞത്. ക്യാംപില്‍ നാല് ഗ്യാസ് കുറ്റിയും മൂന്ന് അടുപ്പും ഉണ്ട്. 40 കിലോ അരി, ഒരാഴ്ചത്തേക്കുള്ള പച്ചക്കറി, മുട്ടയും, ഗോതമ്ബ് മാവ് എന്നിവ കണ്ടെത്തി. താക്കീത് ചെയ്തിട്ടാണ് അധികൃതര്‍ മടങ്ങിയത്.