പൊലീസ് ബാങ്കുവിളി വിലക്കുന്ന വീഡിയോ; ഉന്നതതല അന്വേഷണത്തിന് ഉത്തരവിട്ട് ദില്ലി പൊലീസ്

0
214

ദില്ലി: റമദാന്‍ മാസത്തില്‍ ബാങ്കുവിളി നല്‍കുന്നത് വിലക്കിക്കൊണ്ടുള്ള  പൊലീസിന്‍റെ വീഡിയോ വിവാദമായതോടെ അന്വേഷണത്തിന് ഉത്തരവിട്ട് ദില്ലി പൊലീസ്. റമദാന്‍ മാസത്തില്‍ ബാങ്കുവിളി നല്‍കുന്നത് ദില്ലി ലഫ്. ഗവര്‍ണര്‍ നിരോധിച്ചിട്ടുണ്ടെന്നായിരുന്നു പ്രേം നഗര്‍ സ്റ്റേഷനിലെ രണ്ട് പൊലീസുകാര്‍ ദില്ലിയിലെ മോസ്കിന് മുന്നിലെത്തി സംസാരിച്ചത്. ലഫ്. ഗവര്‍ണര്‍ ബാങ്കുവിളി വിലക്കിയിട്ടുണ്ടെന്ന്  ഇവര്‍ ഇമാമിന് നിര്‍ദേശം നല്‍കുകയായിരുന്നു. ഇത് ചോദ്യം ചെയ്ത് സംസാരിക്കുന്ന സ്ത്രീയുടെ ശബ്ദവും തര്‍ക്കിക്കുന്ന മാസ്ക് ധരിച്ച രണ്ട് പൊലീസുകാരുടെ ദൃശ്യവും സമൂഹമാധ്യമങ്ങളില്‍ വൈറലായതോടെയാണ് നടപടി. 

വീഡിയോ വൈറലായതിന് പിന്നാലെ ദില്ലി പൊലീസ് വിഷയത്തില്‍ വിശദീകരണം നല്‍കിയിരുന്നു. ലോക്ക്ഡൌണ്‍ നിര്‍ദേശങ്ങള്‍ കര്‍ശനമായി പിന്തുടരണമെന്നും ബാങ്കുവിളിക്കുന്നതില്‍ വിലക്കില്ലെന്നും വ്യക്തമാക്കുന്നതായിരുന്നു ദില്ലി പൊലീസ് ട്വിറ്ററില്‍ നടത്തിയ വിശദീകരണം.

ദില്ലി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയും വിഷയത്തില്‍ വിശദീകരണം നല്‍കിയിരുന്നു. ബാങ്കുവിളി വിലക്കിയിട്ടില്ലെന്നും ആരാധനാലയങ്ങളില്‍ ആളുകള്‍ ഒന്നിച്ച് കൂടുന്നതില്‍ കര്‍ശനമായ വിലക്കുണ്ടെന്നും മനീഷ് സിസോദിയ ട്വിറ്ററില്‍ വ്യക്തമാക്കി. 

ഇതിന് പിന്നാലെയാണ് സംഭവത്തില്‍ ദില്ലി പൊലീസ് അന്വേഷണം പ്രഖ്യാപിച്ചത്. ഡിസിപി തലത്തിലുള്ള ഉദ്യോഗസ്ഥന്‍ സംഭവം അന്വേഷിക്കുമെന്നും വീഡിയോയിലുള്ള പൊലീസുകാരെ തിരിച്ചറിയാനുള്ള ശ്രമങ്ങള്‍ ആരംഭിച്ചിട്ടുണ്ടെന്നുമാണ് ദില്ലി പൊലീസ് പിആര്‍ഒ അനില്‍ മിത്തല്‍ ദി ക്വിന്‍റിനോട് വ്യക്തമാക്കിയത്. ആളുകള്‍ വീടുകളില്‍ നിസ്കരിക്കണമെന്നും ദില്ലി പൊലീസ് വ്യക്തമാക്കുന്നു. 

LEAVE A REPLY

Please enter your comment!
Please enter your name here