(www.mediavisionnews.in) കൊറോണ വൈറസ് വ്യാപനഘട്ടത്തിൽ എല്ലാവരും ഒരുമിച്ച് പ്രവർത്തിക്കുമ്പോൾ ബി.ജെ.പി വർഗീയതയുടെയും വിദ്വേഷത്തിന്റെയും വൈറസിനെ വ്യാപിപ്പിക്കുകയാണെന്ന് കോൺഗ്രസ് അദ്ധ്യക്ഷ സോണിയ ഗാന്ധി.
ഡല്‍ഹിയില്‍ നടന്ന കോണ്‍ഗ്രസ് വര്‍ക്കിംഗ് കമ്മിറ്റി യോഗത്തിലാണ് ബി.ജെ.പിയെ വിമര്‍ശിച്ച് സോണിയ ഗാന്ധി രംഗത്തെത്തിയത്. കൊവിഡ് കേസുകളുടെ എണ്ണത്തില്‍ ഉണ്ടാവുന്ന വര്‍ദ്ധനയില്‍ ആശങ്കയുള്ളതായും അവര്‍ പറഞ്ഞു.
രാജ്യത്ത് കോവിഡ് വ്യാപനം അനിയന്ത്രിതമായി വര്‍ദ്ധിച്ചിട്ടും പ്രധാനമന്ത്രിക്ക് മുന്നില്‍ കോണ്‍ഗ്രസ് വെച്ച നിര്‍ദേശങ്ങള്‍ക്ക് വേണ്ടത്ര പരിഗണന ലഭിച്ചില്ല. ലോക്ക്ഡൗണിന്റെ ആഘാതം മയപ്പെടുത്തുന്നതിനായി സര്‍ക്കാര്‍ ഇടപെട്ടില്ലെന്നും സോണിയ കുറ്റപ്പെടുത്തി.
ലോക്ക്ഡൗണ്‍ തുടരുമ്പോള്‍ കര്‍ഷകരും കുടിയേറ്റ തൊഴിലാളികളും ഇപ്പോഴും കടുത്ത പ്രയാസങ്ങളും ദുരിതങ്ങളും നേരിടുന്നുണ്ട്, വ്യവസായങ്ങളും വാണിജ്യവും നിര്‍ത്തിയതോടെ കോടിക്കണക്കിന് ആളുകളുടെ ഉപജീവനമാര്‍ഗങ്ങള്‍ ഇല്ലാതായി. 12 കോടി തൊഴിലുകളാണ് ലോക്ക്ഡൗണിന്റെ ആദ്യഘട്ടത്തില്‍ മാത്രം നഷ്ടപ്പെട്ടതെന്നും സോണിയ കൂട്ടിച്ചേര്‍ത്തു.