ചരിത്രത്തിലെ ഏറ്റവും വലിയ തകര്‍ച്ചയില്‍ എണ്ണവില; യു.എസില്‍ ബാരലിന്‌ വില പൂജ്യത്തിലും താഴെയെത്തി

0
231

വാഷിങ്ടണ്‍ (www.mediavisionnews.in) :യു.എസില്‍ എണ്ണവില തിങ്കളാഴ്ച നെഗറ്റിവീലെത്തി ചരിത്രത്തിലെ ഏറ്റവും തകര്‍ച്ച നേരിട്ട ശേഷം ചൊവ്വാഴ്ചയോടെ പൂജ്യത്തിന് മുകളിലെത്തി. കോവിഡ് പ്രതിസന്ധിയെത്തുടര്‍ന്ന് എണ്ണയ്ക്ക് ആവശ്യം വലിയതോതില്‍ കുറഞ്ഞതാണ് വിലയിലെ വന്‍ ഇടിവിന് കാരണം. തിങ്കളാഴ്ച മേയിലേക്കുള്ള വില 130 ശതമാനം കുറഞ്ഞ് ബാരലിന് -6.75 ഡോളര്‍ വരെയെത്തിയിരുന്നു

യുഎസിലെ ബെഞ്ച്മാര്‍ക്ക് വെസ്റ്റ് ടെക്‌സസ് ഇന്റര്‍മീഡിയറ്റിന്റെ മേയിലേക്കുള്ള വില ബാരലിന് 1.10 ഡോളറായി. ന്യൂയോര്‍ക്കില്‍ 37.63 ഡോളറില്‍ ക്ലോസ് ചെയ്തതിന്‌ശേഷമാണിത്. മേയിലേക്കുള്ള  കരാര്‍ ഇന്ന് അവസാനിക്കാനിരിക്കേയാണ് എണ്ണവില താഴേക്കുപതിച്ചത്. ഇതോടെ പുതിയ ഉപഭോക്താക്കളെ കണ്ടെത്താന്‍ എണ്ണയുത്പാദകര്‍ക്കു മുന്നില്‍ മണിക്കൂറുകള്‍ മാത്രമാണുള്ളത്. 

എന്നാല്‍ നിലവിലെ സംഭരണികളും സംഭരണ സൗകര്യങ്ങളും നിറഞ്ഞ് നില്‍ക്കുന്നതിനാല്‍ വില കുത്തനെ കുറഞ്ഞിട്ടും വാങ്ങാന്‍ വ്യാപാരികളെത്തുന്നില്ല. ജൂണിലെ വിതരണ കരാറിലാണ് വ്യാപാരികള്‍ ഇപ്പോള്‍ ശ്രദ്ധകേന്ദ്രീകരിച്ചിരിക്കുന്നത്. 

കൊറോണയുടെ പശ്ചാത്തലത്തില്‍ രാജ്യങ്ങള്‍ ലോക്ക്ഡൗണുകളും യാത്രാനിയന്ത്രണവും ഏര്‍പ്പെടുത്തിയതോടെയാണ് എണ്ണ വില കൂപ്പുകുത്തിയത്.

ഇതിനിടെ കഴിഞ്ഞ ആഴ്ച സൗദി ഉള്‍പ്പെടുന്ന ഒപെക് രാജ്യങ്ങളും റഷ്യയും എണ്ണ ഉത്പാദനം വെട്ടിക്കുറക്കാന്‍ ധാരണയിലെത്തിയിട്ടുണ്ട്. എന്നാല്‍ നിലവിലെ വെട്ടിക്കുറക്കലുകള്‍ പര്യാപ്തമല്ലെന്നാണ് സൂചന. സംഭരണ ശേഷികളെല്ലാം നിറഞ്ഞ് നില്‍ക്കുന്നതിനാല്‍ വാങ്ങാന്‍ ആളില്ലാത്ത അവസ്ഥയാണ്. 

അതേ സമയം വലിയ വില തകര്‍ച്ചയോടെ -6.75 ഡോളറായതോടെ യുഎസ് 75 ദശലക്ഷം ബാരല്‍ എണ്ണ വാങ്ങുമെന്ന്  പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് പറഞ്ഞു. ‘തങ്ങളുടെ ദേശീയ പെട്രോളിയം കരുതല്‍ ശേഖരം നികത്തും. 75 ദശലക്ഷം ബാരല്‍ കരുതല്‍ ശേഖരത്തില്‍ ഉള്‍പ്പെടുത്താനാണ് ഞങ്ങള്‍ ശ്രമിക്കുന്നത്’ ട്രംപ് പറഞ്ഞു.

മീഡിയവിഷൻ ന്യൂസ് വാട്സാപ്പില്‍ ലഭിക്കാന്‍ 9895046567 എന്ന നമ്പര്‍ സേവ് ചെയ്തതിനുശേഷം നിങ്ങളുടെ പേര് ഈ നമ്പറിലേക്ക് വാട്സാപ്പ് മെസേജ് അയക്കൂ.

LEAVE A REPLY

Please enter your comment!
Please enter your name here