ഗള്‍ഫ് രാജ്യങ്ങളിലെ ഇന്ത്യക്കാരെ കടൽമാർഗവും എത്തിക്കും; യുദ്ധക്കപ്പലുകൾ സജ്ജമായി

0
202

ന്യൂഡൽഹി: (www.mediavisionnews.in) ഗൾഫ് രാജ്യങ്ങളിൽ നിന്ന് നാട്ടിലേക്ക് മടങ്ങാന്‍ കാത്തിരിക്കുന്ന ലക്ഷക്കണക്കിന് ഇന്ത്യക്കാരെ തിരികെ എത്തിക്കാൻ നാവികസേനയും സജ്ജമായി. സേനയുടെ മൂന്ന് യുദ്ധക്കപ്പലുകളാണ് ഇന്ത്യക്കാരെ തിരികെയെത്തിക്കാനുള്ള ദൗത്യത്തിനായി പോകുക.

കപ്പലുകൾ സജ്ജമാക്കാനുള്ള കേന്ദ്രസർക്കാർ നിർദ്ദേശം അനുസരിച്ചാണ് നാവികസേനയുടെ നടപടി. സർക്കാർ നിർദ്ദേശം ലഭിച്ചാലുടൻ ഇവ ഗൾഫ് രാജ്യങ്ങളിലേക്ക് നീങ്ങിത്തുടങ്ങും.

ഐഎൻഎസ് ജലാശ്വ എന്ന വലിയ കപ്പലും, കുംഭിർ ക്ലാസിൽ പെട്ട രണ്ട് ടാങ്ക് ലാൻഡിങ് കപ്പലുകളുമാണ്‌ നിലവിൽ ഇന്ത്യക്കാരെ ഒഴിപ്പിക്കാനായി ഉപയോഗിക്കുക. 1,000 പേരെ ഉൾക്കൊള്ളാനുള്ള ശേഷിയാണ് ഐഎൻഎസ് ജലാശ്വയ്ക്കുള്ളത്. സാമൂഹ്യ അകലം പാലിച്ചാൽ 850 പേർക്ക് യാത്ര ചെയ്യാം. മറ്റ് രണ്ട് കപ്പലുകളിലായി നൂറുകണക്കിന്‌ ആളുകളെ വീതം ഉൾക്കൊള്ളാനാകും.

ഈ മൂന്നു കപ്പലുകൾക്ക് പുറമെ നാവികസേനയുടെ പക്കലുള്ള എട്ട് ടാങ്ക് ലാൻഡിങ് കപ്പലുകളില്‍ ആറെണ്ണം കൂടി സജ്ജമായിരിക്കും. ആവശ്യമെന്നുകണ്ടാൽ ഇവയെയും ഇന്ത്യക്കാരെ ഒഴിപ്പിക്കുന്നതിനായി ഉപയോഗിക്കും.

കപ്പലുകൾ എത്തേണ്ട തുറമുഖങ്ങൾ അനുസരിച്ച് നാല് മുതല്‍ അഞ്ച് ദിവസം വരെ എടുക്കും ഗള്‍ഫിലെത്താന്‍..

ആദ്യഘട്ടമെന്ന നിലയിൽ അടിയന്തര ആവശ്യങ്ങൾ ഉള്ള ഇന്ത്യക്കാരെ മാത്രമാണ് ഇപ്പോൾ ഒഴിപ്പിക്കുക. കുടുംബത്തിലുണ്ടായ അത്യാഹിതങ്ങൾ, ജോലി നഷ്ടപ്പെടൽ, വർക്ക് പെർമിറ്റിന്റെ കാലാവധി അവസാനിക്കൽ തുടങ്ങിയ കാരണങ്ങളുള്ള ഇന്ത്യക്കാരെയാകും ഒഴിപ്പിക്കുക. വിവിധ ഗൾഫ് രാജ്യങ്ങളിലായി 80 ലക്ഷം ഇന്ത്യക്കാരാണ് ഉള്ളത്. ഇവരിൽ അത്യാവശ്യ യാത്ര ആവശ്യമുള്ളവരെയാണ് ആദ്യം തിരികെ എത്തിക്കുക.

കപ്പലുകൾ മാത്രമാണ് ഇപ്പോൾ സജ്ജമാക്കിയിരിക്കുന്നത്. ആവശ്യമെന്ന് കണ്ടാൽ വിമാനങ്ങളും ഇന്ത്യക്കാരെ തിരികെ എത്തിക്കാനായി സർക്കാർ ഉപയോഗിക്കുമെന്നാണ് വിവരം.

ഒഴിപ്പിക്കല്‍ ദൗത്യത്തില്‍ സര്‍ക്കാര്‍ അന്തിമ തീരുമാനമെടുക്കുന്ന മുറയ്ക്ക് കപ്പലുകളും വിമാനങ്ങളും ഗള്‍ഫിലേക്ക് തിരിക്കും

LEAVE A REPLY

Please enter your comment!
Please enter your name here