ക്രിസ്ത്യൻ വിവാഹത്തിൽ പങ്കെടുക്കാവുന്നത് 20 പേർക്ക്; റമദാനിലെ ഹോട്ടൽ പ്രവർത്തന സമയത്തിൽ ഇളവ്

0
148

ക്രിസ്ത്യന്‍ പള്ളികളില്‍ നടക്കുന്ന വിവാഹങ്ങളിൽ 20 പേര്‍ക്ക് പങ്കെടുക്കാമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. റമദാനിലെ ഹോട്ടൽ പ്രവർത്തന സമയത്തിൽ ഇളവ് നൽകുമെന്നും മുഖ്യമന്ത്രി അറിയിച്ചു. കൊവിഡ് 19 അവലോകന യോഗത്തിനു ശേഷം നടത്തിയ വാർത്താ സമ്മേളനത്തിലാണ് മുഖ്യമന്ത്രി ഇക്കാര്യങ്ങൾ വിശദീകരിച്ചത്.

ക്രിസ്ത്യന്‍ പള്ളികളിൽ അഞ്ച് പേരിൽ കൂടുതൽ പങ്കെടുക്കുന്നതിന് വിലക്കുണ്ടായിരുന്നു. ഇതിനാണ് ഇളവ് വരുത്തിയത്. ഇനി മുതൽ 20 പേർക്ക് വിവാഹങ്ങളിൽ പങ്കെടുക്കാം.

റമദാന്‍ നോമ്പുകാലത്ത് റസ്റ്റോറന്റുകളില്‍ നിന്ന് പാഴ്‌സല്‍ നല്‍കാനുള്ള സമയം നീട്ടിയതായും മുഖ്യമന്ത്രി അറിയിച്ചു. രാത്രി 10 മണിവരെയാണ് സമയം നീട്ടി നല്‍കിയത്. നോമ്പുകാലത്ത് പഴവര്‍ഗങ്ങളുടെ വില വര്‍ധിക്കാതിരിക്കാൻ പ്രത്യേക ശ്രദ്ധ നൽകണമെന്ന നിര്‍ദേശം നല്‍കിയതായും മുഖ്യമന്ത്രി അറിയിച്ചു.

അതേ സമയം, കേരളത്തില്‍ നാളെ റമദാന്‍ വ്രതാരംഭം ആയിരിക്കും. ഇന്ന് മാസപ്പിറവി കണ്ടതിനാല്‍ നാളെ റമദാന്‍ ഒന്നായിരിക്കുമെന്ന് ഖാസിമാരായ പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍, സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ പ്രസിഡന്റ് സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍, സമസ്ത ജനറല്‍ സെക്രട്ടറി പ്രൊഫ കെ ആലിക്കുട്ടി മുസ്ലിയാര്‍, കോഴിക്കോട് ഖാസിമാരായ സയ്യിദ് മുഹമ്മദ് കോയ തങ്ങള്‍ ജമലുല്ലൈലി, സയ്യിദ് നാസര്‍ ഹയ്യ് ശിഹാബ് തങ്ങള്‍ പാണക്കാട് എന്നിവര്‍ അറിയിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here