കാസര്‍കോട്: (www.mediavisionnews.in) കാസര്‍കോട് ജില്ലയിൽ കൊവിഡ് ഏറ്റവും കൂടുതൽ പടർന്ന പഞ്ചായത്തുകളിൽ സാമൂഹ്യ വ്യാപന പരിശോധനക്ക് നാളെ തുടക്കമാകും. ഉദുമ പഞ്ചായത്തിലാണ് ആദ്യഘട്ടത്തിൽ പരിശോധന നടത്തുക. സാമ്പിൾ ശേഖരണ കേന്ദ്രങ്ങൾ ഒരുക്കുന്നതടക്കമുള്ള തയ്യാറെടുപ്പുകൾ പൂർത്തിയായി.
കൊവിഡ് ലക്ഷണങ്ങൾ ഉള്ളവരുടേയും നിലവിൽ ക്വറന്റൈനിൽ കഴിയുന്നവരുടേയും സാമ്പിളുകളാണ് ശേഖരിക്കുക. ആദ്യഘട്ടത്തിൽ പരിശോധന ആരംഭിക്കുന്ന ഉദുമ പഞ്ചായത്തിൽ മാത്രം 440 പേരാണ് വീടുകളിൽ നിരീക്ഷണത്തിൽ കഴിയുന്നത്. പരിശോധനക്കാവശ്യമായി കിറ്റുകളും മറ്റു സാമഗ്രികളും എത്തിക്കഴിഞ്ഞു,
കൊവിഡ് കൂടുതലായി റിപ്പോർട്ട് ചെയ്ത പള്ളിക്കര, ചെമ്മനാട്, ചെങ്കള, മധൂർ, മൊഗ്രാൽ പുത്തൂർ, പഞ്ചായത്തുകളിലും കാസര്‍കോട് കാഞ്ഞങ്ങാട് നഗരസഭകളിലും ഉടൻ പരിശോധന ആരംഭിക്കും. നേരത്തെ രോഗ ലക്ഷണങ്ങൾ ഉള്ളവരെ കണ്ടെത്തുന്നതിനായി ആരോഗ്യ വകുപ്പ് സാമൂഹ സർവ്വേ നടത്തിയിരുന്നു. ഇതിന്റെ തുടർച്ചയായാണ് പരിശോധന. നിലവിൽ കാസര്‍കോട് ജനറൽ ആശുപത്രിയിലും ജില്ലാ ആശുപത്രിയിലും ബദിയെടുക്ക കൊവിഡ് ആശുപത്രിയിലും പെരിയ സി.എച്.സിയിലുമാണ് സാമ്പിളുകൾ ശേഖരിക്കുന്നത്. പഞ്ചായത്ത് ആസ്ഥനങ്ങളിൽ പ്രത്യേക സംവിധാനം ഒരുക്കിയാണ് ഇനി സാമ്പിൾ ശേഖരണം നടത്തുക.