കലക്ടറുടെ ഒന്നര മണിക്കൂർ പാസ്​; കോവിഡ്​ വിലക്ക്​ മറികടന്ന്​ ആബിദ നൗഫലിന്‍റെ ജീവിതസഖിയായി

0
170

നാദാപുരം: (www.mediavisionnews.in) കലക്ടർ നൽകിയ ഒന്നര മണിക്കൂർ പാസിൽ, കോവിഡ് ഉയർത്തിയ വിലക്ക് മറികടന്ന്​ ആബിദ നൗഫലിന്‍റെ ജീവിതസഖിയായി. കണ്ണൂർ ജില്ലയിൽ ട്രിപ്​ൾ ലോക്ഡൗൺ പ്രഖ്യാപിച്ചതോടെ, ഏപ്രിൽ  അഞ്ചിന് നിക്കാഹ് കഴിഞ്ഞ നാദാപുരം കോട്ടേമ്പ്രം വടക്കുംകരമ്മൽ നൗഫലി​ന്‍റെയും കണ്ണൂർ ജില്ലയിലെ തൂവക്കുന്ന്​ പാറേമ്മൽ ആബിദയുടെയും വിവാഹ സ്വപ്നങ്ങൾക്ക് തിരിച്ചടിയാവുകയായിരുന്നു. 

റമദാൻ വ്രതാരംഭത്തിനുമുമ്പ് വര​ന്‍റെ രണ്ട് ബന്ധുക്കൾ പോയി വധുവിനെ കൂട്ടിക്കൊണ്ടുവരാനായിരുന്നു തീരുമാനം. എന്നാൽ, ജില്ല അതിർത്തി അടച്ച്​ യാത്രാവിലക്ക്​ ഏർപ്പെടുത്തിയതോടെ കുടുംബത്തിന് കണ്ണൂർ ജില്ലയിലേക്ക് അനുമതി ഉണ്ടായിരുന്നില്ല. 

ഗ്രാമപഞ്ചായത്ത് അംഗമായ നിജേഷ് കണ്ടിയിൽ അധികൃതരുടെ ശ്രദ്ധയിൽപെടുത്തിയെങ്കിലും കൈമലർത്തുകയായിരുന്നു. വ്യാഴാഴ്ച രാവിലെ വിഷയത്തി​ന്‍റെ ഗൗരവവുമായി കുടുംബം ഡി.സി.സി സെക്രട്ടറി മോഹൻ പാറക്കടവി​ന്‍റെ മുന്നിലെത്തി. എടച്ചേരിയിൽ കോവിഡ് പ്രതിരോധ പ്രവർത്തനം വിലയിരുത്താനെത്തിയ കെ. മുരളീധരൻ എം.പിയുടെയും എം.എൽ.എ ഇ.കെ. വിജയ​ന്‍റെയും ശ്രദ്ധയിൽ മോഹനൻ വിഷയം കൊണ്ടുവന്നു. 

എം.പിയുടെയും എം.എൽ.എയുടെയും നിർദേശപ്രകാരം മോഹനന്‍റെ വിളിയിൽ കലക്ടർ വിവരങ്ങൾ മെയിൽ ചെയ്യാൻ ആവശ്യപ്പെടുകയും രാത്രി എട്ടുമുതൽ 9.30വരെ അതിർത്തി കടക്കാൻ പാസ് അനുവദിക്കുകയുമായിരുന്നു. ഇതോടെ നൗഫലിന്‍റെ മാതാവും സഹോദരനും ചേർന്ന്​ പുതുമണവാട്ടിയെ അതിർത്തി കടന്ന് വീട്ടിലെത്തിച്ചതോടെയാണ് കോവിഡ്​ കാലത്തെ കല്യാണത്തിന് ശുഭപര്യവസാനമായത്​.

LEAVE A REPLY

Please enter your comment!
Please enter your name here