കര്‍ണാടക അതിര്‍ത്തി ഉടന്‍ തുറക്കണമെന്ന് ആവശ്യം; രാജ്‌മോഹന്‍ ഉണ്ണിത്താന്റെ ഹരജി സുപ്രീം കോടതി നാളെ പരിഗണിക്കും

0
205

ന്യൂദല്‍ഹി: (www.mediavisionnews.in) കര്‍ണാടക അതിര്‍ത്തി ഉടന്‍ തുറക്കണമെന്ന ആവശ്യപ്പെട്ട് കാസര്‍ഗോഡ് എം.പി രാജ്‌മോഹന്‍ ഉണ്ണിത്താന്‍ നല്‍കിയ ഹരജി സുപ്രീം കോടതി നാളെ പരിഗണിക്കും.

ജസ്റ്റിസ്. എല്‍. നാഗേശ്വര റാവു അധ്യക്ഷനായ ബെഞ്ചാണ് ഹരജി പരിഗണിക്കുക. അഞ്ചാമത്തെ കേസായാണ് ഹരജി പരിഗണിക്കുകയെന്നാണ് അറിയുന്നത്.

അതിര്‍ത്തി തുറക്കുന്ന വിഷയത്തില്‍ സുപ്രീം കോടതിയില്‍ നിന്നും കൃത്യമായ ഇടപെടല്‍ ഉണ്ടാകണമെന്നാണ് ഹരജിയില്‍ രാജ്‌മോഹന്‍ ഉണ്ണിത്താന്‍ ആവശ്യപ്പെട്ടിരിക്കുന്നത്. കര്‍ണാടകയുടെ നടപടി ഭരണഘടനാ വിരുദ്ധമാണെന്നും കേന്ദ്രസര്‍ക്കാര്‍ പ്രഖ്യാപിച്ച ലോക്ഡൗണ്‍ നിര്‍ദേശത്തിന് എതിരാണ് നിലപാടെന്നും അദ്ദേഹം ഹരജിയില്‍ പറഞ്ഞു.

ചരക്കുവാഹനങ്ങള്‍ അടക്കമുള്ള അവശ്യ സര്‍വീസുകള്‍ ഒരു കാരണവശാലും തടയരുതെന്ന് കേന്ദ്രസര്‍ക്കാര്‍ നിര്‍ദേശിച്ചതാണ്. മാത്രമല്ല ദേശീയപാത അടച്ചിടാന്‍ ഒരു സര്‍ക്കാരിനും കഴിയില്ല. ഇത് ദേശീയപാത നിയമത്തിന്റെ ലംഘനമാണ്. കര്‍ണാടക ഫെഡറല്‍ വ്യവസ്ഥകള്‍ ലംഘിക്കുകയാണെന്നും രാജ്‌മോഹന്‍ ഉണ്ണിത്താന്‍ ഹരജിയില്‍ ചൂണ്ടിക്കാട്ടി.

അതേസമയം തലപ്പാടി അതിര്‍ത്തി തുറന്നുനല്‍കണമെന്ന കേരള ഹൈക്കോടതി ഉത്തരവ് കര്‍ണാടക ഇതുവരെ നടപ്പില്‍ വരുത്തിയിട്ടില്ല. കാസര്‍ഗോഡ്- മംഗലാപുരം അതിര്‍ത്തി ഗുരുതരാവസ്ഥയിലുള്ള രോഗികളുമായി വരുന്ന ആംബുലന്‍സുകള്‍ക്ക് തുറന്നു കൊടുക്കണമെന്നായിരുന്നു ഹൈക്കോടതി ഉത്തരവിട്ടത്.

എന്നാല്‍ ഈ സമയം വരെ അതിര്‍ത്തി തുറക്കാനോ ഇത്തരത്തില്‍ വരുന്ന ആംബുലന്‍സുകള്‍ കടത്തി വിടാനോ കര്‍ണാടക തയ്യാറായിട്ടില്ല. തങ്ങള്‍ക്ക് സര്‍ക്കാരില്‍ നിന്നും നിര്‍ദേശം ലഭിച്ചിട്ടില്ലെന്നാണ് അതിര്‍ത്തിയില്‍ വിന്യസിച്ച പൊലീസുകാര്‍ പറഞ്ഞത്. മാത്രമല്ല കഴിഞ്ഞ ദിവസങ്ങളേക്കാള്‍ കൂടുതല്‍ പൊലീസിനേയും കര്‍ണാടക അതിര്‍ത്തിയില്‍ വിന്യസിച്ചിട്ടുണ്ട്.

തലപ്പാടി ദേശീയ ഹൈവേ അടക്കം അഞ്ച് റോഡുകളാണ് കര്‍ണാടക മണ്ണ് ഉയര്‍ത്തി അടച്ചത്. ഇതുവഴി അടിയന്തര ആവശ്യത്തിന് വരുന്ന ആംബുലന്‍സുകളെപ്പോലും കയറ്റി വിടുന്നില്ല.

അതിര്‍ത്തി അടച്ചതുമൂലം കര്‍ണാടകയില്‍ ചികിത്സ നടത്തുന്ന ആറ് പേര്‍ ചികിത്സ കിട്ടാതെ കഴിഞ്ഞ ദിവസങ്ങളിലായി മരണപ്പെട്ടിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here