കല്‍പ്പറ്റ: (www.mediavisionnews.in) ജോലിക്കായി കര്‍ണാടകത്തിലേക്ക് പോയ യുവാക്കള്‍ പുഴ നീന്തിക്കടന്ന് കേരളത്തിലെത്തി. പൊലീസും ആരോഗ്യവകുപ്പും ഇടപെട്ട് ഇവരെ നീരിക്ഷണ കേന്ദ്രത്തിലേക്ക് മാറ്റി. പുല്‍പ്പള്ളിയിലാണ് സംഭവം. മൂന്നു യുവാക്കളെയാണ് പുല്‍പ്പള്ളി ടൗണിലെ സ്വകാര്യ ടൂറിസ്റ്റ് ഹോമില്‍ സജ്ജമാക്കിയ കേന്ദ്രത്തില്‍ നിരീക്ഷണത്തില്‍ പ്രവേശിപ്പിച്ചത്.
വ്യാഴാഴ്ച വൈകുന്നേരമാണ് രണ്ടുപേരെത്തിയത്. വെള്ളിയാഴ്ച പുലര്‍ച്ചെ ഒരാളുമെത്തി. വെള്ളിയാഴ്ച രാവിലെ കബനിപ്പുഴ നീന്തിക്കടന്ന് എത്തിയ യുവാവ് താന്‍ എത്തിയ വിവരം അധികൃതരെ അറിയിച്ചിരുന്നു. തുടര്‍ന്നാണ് നിരീക്ഷണത്തിലാക്കിയത്. മാര്‍ച്ച് 19നാണ് ഇയാള്‍ കര്‍ണാടകയിലെ ഉള്ളൂരില്‍ പ്ലംബിങ് ജോലിക്കായി പോയത്. എന്നാല്‍, ലോക്ഡൗണ്‍ തുടങ്ങിയതോടെ ഭക്ഷണത്തിനുപോലും പണമില്ലാതെ ബുദ്ധിമുട്ടിലായതായി ഇയാള്‍ കേരളത്തിലെ അധികൃതരെ അറിയിച്ചിരുന്നു.
നാട്ടിലെത്താന്‍ സഹായമഭ്യര്‍ഥിച്ച്് അധികൃതരുമായി സംസാരിച്ചിട്ടും അനുകൂല തീരുമാനമില്ലാത്തതിനാലാണ് താന്‍ കിലോമീറ്ററുകളോളം നടന്നും പുഴനീന്തിക്കടന്നും നാട്ടിലേക്കെത്തിയതെന്ന് യുവാവ് പറഞ്ഞു. ഇയാളോടൊപ്പം ജോലിക്കായിപോയിരുന്ന ആറുപേര്‍ കര്‍ണാടകയിലെ ഗ്രാമങ്ങളില്‍ കുടുങ്ങിക്കിടക്കുകയാണ്. കര്‍ണാടകയിലെ ഉള്‍ഗ്രാമങ്ങളില്‍ ഇഞ്ചിക്കൃഷിക്കും മറ്റും പോയി ദുരിതത്തിലായിരിക്കുന്നവരില്‍ ഏറെയും തൊഴിലാളികളാണ്. തൊഴില്‍ തുടരാന്‍ കഴിയാത്തതിനാല്‍ പ്രയാസപ്പെട്ടാണ് പലരും ദിവസങ്ങള്‍ തള്ളി നീക്കുന്നതെന്നാണ് വിവരം.